Candidate | പാലക്കാട്ട് ഡോ. പി സരിൻ ഇടത് സ്വതന്ത്രനായി മത്സരിക്കും; ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച
● കോൺഗ്രസിൽ നിന്ന് പുറത്തായതിന് പിന്നാലെ തീരുമാനം
● പാലക്കാട് രാഷ്ട്രീയത്തിൽ കനത്ത ചലനങ്ങൾ
● ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു
പാലക്കാട്: (KVARTHA) ഡോ. പി സരിൻ ഇടതുപക്ഷ സ്വതന്ത്രനായി പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമായി. വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രടേറിയറ്റ് യോഗത്തിൽ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത. ഇനി ഇടതുപക്ഷത്തോടൊപ്പമെന്നും സിപിഎം നേതൃത്വം ആവശ്യപ്പെട്ടാൽ പാലക്കാട് മത്സരിക്കുമെന്നും സരിൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
പാലക്കാട് ജില്ലാ സെക്രടേറിയറ്റ് സരിന് പൂർണ പിന്തുണയാണ് നൽകിയിരിക്കുന്നത്. സിപിഎം സ്വതന്ത്രനായി സരിൻ മത്സരിക്കുന്നത് പാർടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. സരിന്റെ ഈ തീരുമാനത്തോടെ പാലക്കാട് കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുക.
കോഴിക്കോട് മെഡികൽ കോളജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയ ശേഷം 2008ൽ സിവിൽ സർവീസ് പരീക്ഷയിൽ 555-ാമത് റാങ്ക് നേടിയിരുന്നു. ഇന്ത്യൻ അക്കൗണ്ടസ് ആൻഡ് ഓഡിറ്റ് സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സരിൻ, തിരുവനന്തപുരത്തും കർണാടകയിലും നാല് വർഷം ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി സേവനമനുഷ്ഠിച്ചു.
2016ൽ ഐഎഎഎസിൽ നിന്നും രാജിവച്ച് രാഷ്ട്രീയത്തിലേക്ക് ചുവടുമാറി. കോൺഗ്രസിൽ ചേർന്ന അദ്ദേഹം 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഗവേഷണ വിഭാഗത്തിലും ഐ.ടി സെല്ലിലും സജീവമായി പ്രവർത്തിച്ച സരിൻ, യൂത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിൽ മത്സരിച്ച് സംസ്ഥാന സെക്രട്ടറിയായി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും തോൽക്കേണ്ടി വന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചത് സംബന്ധിച്ച് സരിൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പുതിയ വഴിത്തിരിവുകളുണ്ടായത്. കോൺഗ്രസിനെതിരെയും വിഡി സതീശനെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.
#PalakkadByElection #KeralaPolitics #DrSarin #Congress #LDF #India