Modi Govt | മൂന്നാംമുഴത്തില്‍ മുറുമുറുപ്പ്; ബിജെപിയിലും ഘടകക്ഷികളിലും കസേരയ്ക്കായി കടിപിടി

 
Differences in third Modi government

പല കൂട്ടത്തിലുള്ള ആടുകളെ ഒരുമിച്ച് മേയ്ക്കുന്ന ആട്ടിടയന്റെ  മെയ് വഴക്കം മോദിക്കുണ്ടോ എന്ന് സംശയമാണ്

 ആദിത്യന്‍ അനിത 

(KVARTHA) ജനവിധി എതിരായിട്ടും ഘടകക്ഷികളുടെ പിന്തുണയോടെ കഷ്ടിച്ച് മോദി അധികാരം നിലനിര്‍ത്തിയെങ്കിലും തുടക്കത്തിലേ അപസ്വരങ്ങള്‍ മുഴങ്ങുന്നു. കഴിഞ്ഞ രണ്ട് തവണയും മോദി ഭരിച്ചപ്പോഴൊന്നും ഇത്തരത്തിലൊരു സാഹചര്യം ഉണ്ടായിട്ടില്ല. പാര്‍ട്ടിക്കുള്ളിലെ ഭിന്നതകളും ഘടകക്ഷികളുടെ മുറുമുറുപ്പും മോദി എങ്ങനെ നേരിടുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. സര്‍ക്കാരുകളെ മറിച്ചിട്ട് അധികാരം പിടിച്ചെടുക്കാനും പാര്‍ട്ടികളെ പിളര്‍ത്തി കൂടെ കൂട്ടാനും പ്രതിപക്ഷനേതാക്കളെ ഭീഷണിപ്പെടുത്തി ബിജെപി പാളയത്തിലെത്തിക്കാനും മോദി പുലിയാണ്. കഴിഞ്ഞ പത്ത് കൊല്ലമായി അത് അദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. 

എന്നാല്‍ പല കൂട്ടത്തിലുള്ള ആടുകളെ ഒരുമിച്ച് മേയ്ക്കുന്ന ആട്ടിടയന്റെ  മെയ് വഴക്കം മോദിക്കുണ്ടോ എന്ന് സംശയമാണ്. ഒറ്റക്ക് ഭരിക്കാന്‍ ഭൂരിപക്ഷമുണ്ടായിരുന്ന കാലത്തെ അതേ നിലപാടുകള്‍ തന്നെയാണ് ഇത്തവണയും സ്വീകരിക്കുക എന്നതിന്റെ സൂചന മോദി നല്‍കിക്കഴിഞ്ഞു. എന്നാല്‍ യാതൊരു തരത്തിലുള്ള അനുരഞ്ജനത്തിനും തയ്യാറല്ലെന്ന് ഘടകക്ഷികളും കട്ടായംപിടിക്കുകയാണ്. എന്‍സിപി അജിത് പവാര്‍ വിഭാഗം മന്ത്രിസഭയില്‍ ചേരാത്തത് തന്നെ അതുകൊണ്ടാണ്. ഒരു സീറ്റുള്ള എന്‍സിപിക്ക് സഹമന്ത്രിസ്ഥാനമാണ് വാഗ്ദാനം ചെയ്തത്. യുപിഎ സര്‍ക്കാരില്‍ ക്യാബിനെറ്റ് മന്ത്രിയായിരുന്ന ഫ്രഫുല്‍പട്ടേലിന് അത് വലിയ നാണക്കേടായി തോന്നി. അതുകൊണ്ട് പിന്നീട് പരിഗണിക്കാമെന്നാണ് ബിജെപി പറഞ്ഞിരിക്കുന്നത്. 

ഉറപ്പുകളൊന്നും പാലിക്കാത്ത ചരിത്രമാണ് ബിജെപിക്കുള്ളത്. ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഇക്കാര്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ബിജെപിയെ നമ്പാന്‍ കൊള്ളില്ലെന്ന് അതില്‍ നിന്ന് വ്യക്തമാണ്. ചര്‍ച്ചകളില്‍ പറയുന്നതൊന്നും നടപ്പാക്കാറില്ല. ശിവസേനയ്ക്ക് കൊടുത്തിരുന്ന വാക്കെല്ലാം അട്ടിമറിച്ചെന്ന് മാത്രമല്ല, അവരുടെ പാര്‍ട്ടിയെ തന്നെ പിളര്‍ത്തി. ഇക്കാര്യം നിതീഷ് കുമാറിനും ചന്ദ്രബാബു നായിഡുവിനും നന്നായി അറിയാം.

Politics

സുരേഷ് ഗോപി ബിജെപിക്കാരനായത് കൊണ്ട് മാത്രമല്ല തൃശൂരില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും കൊണ്ടാണ്. എന്നിട്ടും മന്ത്രിസഭയിലേക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. ഞായറാഴ്ച സത്യപ്രതിജ്ഞയ്ക്ക് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. നല്‍കിയതോ സഹമന്ത്രിസ്ഥാനം, സ്വതന്ത്രചുമതല പോലും കൊടുത്തില്ല. അതോടെ അദ്ദേഹം കലിപ്പിലായി. അതിനെ കുറ്റംപറയാനുമൊക്കില്ല. വിളിച്ചുവരുത്തി നാണംകെടുത്തിയതിന് തുല്യമായ പണിയാണല്ലോ കേന്ദ്രനേതൃത്വം കാണിച്ചത്. അതുകൊണ്ടാണ് തന്നെ ഒഴിവാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തുറന്നടിച്ചത്. 

തനിരാഷ്ട്രീയക്കാരനായിരുന്നെങ്കില്‍ കിട്ടിയതും മടിയില്‍വെച്ച് മിണ്ടാതിരുന്നേനെ. സുരേഷ് ഗോപിയുമായി ഏറെ അടുപ്പമുള്ള മോദി അദ്ദേഹത്തെ കാര്യമായി പരിഗണിച്ചില്ല. കാരണം അധികാരം കിട്ടുന്നത് വരെയുള്ള കരുതലേ മോദിക്കൂള്ളൂ, അതിന് ശേഷം അവരുദ്ദേശിക്കുന്നത് പോലെയാണ് കാര്യങ്ങള്‍ നീക്കുന്നത്. രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് മികച്ച പ്രകടനമാണ് നടത്തിയത്. കോടിക്കണക്കിന് രൂപ തെരഞ്ഞെടുപ്പിനായി പൊടിപൊടിച്ചു. ഇതെല്ലാം ചെയ്തത് തോറ്റാലും തന്നെ രാജ്യസഭയിലൂടെ മന്ത്രിയാക്കുമെന്ന വിശ്വാസത്തിലായിരുന്നു. സുരേഷ് ഗോപി ജയിച്ചതോടെ ക്രൈസ്തവരെ കൂടെ നിര്‍ത്താനായി ജോര്‍ജ് കുര്യനെ മന്ത്രിയാക്കി. അതോടെ രാജീവ് ചന്ദ്രശേഖറിന്റെ ടെമ്പര്‍ തെറ്റി. 

പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നെന്ന് പോസ്റ്റുമിട്ടു. പിന്നീടാണ് അതിലെ അപകടം തിരിച്ചറിഞ്ഞത്. അതുകൊണ്ട് പാര്‍ട്ടിപ്രവര്‍ത്തകനായി തുടരുമെന്ന് തിരുത്തി. അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ എന്തായിരുന്നു വരവേല്‍പ്പ്. ഇപ്പോഴദ്ദേഹം ബിജെപിയിലുണ്ടോ എന്ന് പോലും പലര്‍ക്കും സംശയമാണ്. സാധാരണ പ്രവര്‍ത്തകനാണെന്നാണ് അദ്ദേഹം പറയുന്നത്. ടിപി സെന്‍കുമാര്‍, ജേക്കബ് തോമസ്, മെട്രോമാന്‍ ഇ.ശ്രീധരന്‍ തുടങ്ങിയ നിരവധി പേര്‍ ബിജെപിയില്‍ ആഘോഷത്തോടെ ചേര്‍ന്നിരുന്നു, അവരുടെ അവസ്ഥയില്‍ എന്തെങ്കിലും മാറ്റമുണ്ടോ? നാളെ സുരേഷ് ഗോപിക്കും ഈഗതി വരാം. 

കോടിക്കണക്കിന് രൂപ കൊടുത്തിട്ടാണ് രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭാ സീറ്റ് വാങ്ങിയതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇത്തവണ അദ്ദേഹം ബംഗളൂരുവില്‍ നിന്ന് മത്സരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അവിടുത്തെ ഘടകം അതിനും രാജ്യസഭാ സീറ്റ് നല്‍കാനും സമ്മതിച്ചില്ല. അങ്ങനെ അവസാന ആശ്രയമായാണ് തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. ഇവിടെ വേണ്ട കളം പെട്ടെന്ന് തന്നെ അദ്ദേഹം ഒരുക്കിയെടുത്തു. അടുത്തതവണ മത്സരിച്ചാല്‍ ഒരു പക്ഷെ, വിജയിക്കാം എന്ന സ്ഥിതിയുണ്ടായി. എന്നിട്ടും തന്നെ തേച്ചതില്‍ അതിയായ വിഷമുണ്ടായിരിക്കും, അതുകൊണ്ടാണല്ലോ അത്തരത്തിലൊരു പോസ്റ്റിട്ടത്.

ലോക്‌സഭാ സ്പീക്കര്‍ പദവി തങ്ങള്‍ക്ക് വേണമെന്ന് ടിഡിപിയും ജെഡിയുവും ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി ഇതിന് തയ്യാറാകുമോ എന്ന് സംശയമാണ്. അവര്‍ക്ക് ഗുണമില്ലാത്തൊന്നും മോദിയും ഷായും ചെയ്യില്ല. രണ്ട് എംപിമാരുള്ള ജെഡിഎസിന് ക്യാബിനെറ്റ് മന്ത്രിസ്ഥാനം നല്‍കിയത് വെറുതെയല്ല. നാല് എംപിക്ക് ഒരു മന്ത്രി എന്നതാണ് ബിജെപിയുടെ വ്യവസ്ഥ. അത് എച്ച്.ഡി കുമാരസ്വാമിക്ക് വേണ്ടി അട്ടിമറിച്ചത് ബിജെപിയുടെ നേട്ടത്തിന് വേണ്ടി മാത്രമാണ്. കര്‍ണാടക പിടിച്ചെടുക്കുകയാണ് ലക്ഷ്യം. മൈസൂരുവിലടക്കം വൊക്കലിംഗ സമുദായം ബിജെപിയില്‍ നിന്ന് അകന്നു. അവരെ അനുനയിപ്പിച്ച് അടുത്തതവണ അധികാരം തിരിച്ചുപിടിക്കാനുള്ള തന്ത്രമാണിത്.

ഘടകക്ഷികള്‍ക്കാര്‍ക്കും അവരാവശ്യപ്പെട്ട വകുപ്പുകള്‍ ഇതുവരെ നല്‍കിയിട്ടില്ല. പുനസംഘടനയുണ്ടാകുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. കാരണം മോദിയാണ് എന്തും സംഭവിക്കാം. മോദിയെ കുടിച്ചവെള്ളത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് നിതീഷ് കുമാറിനും ചന്ദ്രബാബു നായിഡുവിനും അറിയാം. ഭരണത്തിന്റെ ചരട് അവരുടെ കയ്യിലായതിനാല്‍ വഴങ്ങിയില്ലെങ്കില്‍ മന്ത്രിസഭ എപ്പോ താഴെവീണെന്ന് ചോദിച്ചാല്‍ മതി. പഴയപോലെ ഇഡിയെ ഉപയോഗിച്ച് ഇവരെ ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്താനുമൊക്കില്ല. ആ നിലയ്ക്ക് പുതിയ തന്ത്രങ്ങള്‍ എന്തെങ്കിലും ബിജെപി മെനയും കാരണം അവരുടെ അജണ്ടകള്‍ നടപ്പാക്കണ്ടേ. അഗ്നിവീര്‍ അടക്കമുള്ള പദ്ധതികള്‍ പിന്‍വലിക്കണമെന്നും മുസ്ലിം സംവരണം എടുത്ത് കളയാനാകില്ലെന്നും ജെഡിയുവും ടിഡിപിയും വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ ആകെ അഭിപ്രായഭിന്നതകളുടെ ആറാട്ടാണ് അരങ്ങേറുന്നത്. 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia