Allegation | മണിപ്പൂര്‍ ജനതയെ വീണ്ടും പറ്റിച്ചോ? സർക്കാർ വാഗ്ദാനങ്ങൾ നടപ്പായില്ലെന്ന് തെളിവുകള്‍ പുറത്ത്
● 2023 മെയ് മാസത്തിലാണ് മണിപ്പൂരിൽ കലാപം ആരംഭിച്ചത്
● 226 പേർ ഇതുവരെ മരിച്ചതായി ഔദ്യോഗിക കണക്കുകൾ
● 7.35 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതായാണ് റിപ്പോർട്ട്
അർണവ് അനിത
(KVARTHA) 2023 മെയിലാണ് മണിപ്പൂരില്‍ വംശീയകലാപം ആരംഭിച്ചത്. ആ മാസം അവസാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനമായ ഇംഫാല്‍ സന്ദര്‍ശിച്ചു, ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തു. എന്നാല്‍ ആഭ്യന്തര മന്ത്രാലയം ഇതുവരെ ആ സഹായം അനുവദിച്ചിട്ടില്ലെന്ന് ഒരു വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
സന്ദര്‍ശന വേളയില്‍, അമിത് ഷാ മെയ്‌തേയ്, കുക്കി-സോ വിഭാഗങ്ങളിലെ പൗരത്വ സംഘടനകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂണ്‍ ഒന്നിന് വാർത്താസമ്മേളനം നടത്തി, അവിടെയും അദ്ദേഹം നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി. അക്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ സമ്പൂര്‍ണ ധനസഹായം നല്‍കും എന്നതായിരുന്നു വാഗ്ദാനം.
വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടിയായി, മണിപ്പൂരിന് 7.35 കോടി രൂപ ധനസഹായമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. 2023 മെയ് മൂന്ന് മുതല്‍ സംസ്ഥാനത്ത് 226 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക കണക്ക്. ഈ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ 11.30 കോടി രൂപ അനുവദിക്കണമായിരുന്നു എന്നാണ് ഇതിനര്‍ത്ഥം. 3.95 കോടി രൂപ ആഭ്യന്തരമന്ത്രാലയം ഇനിയും നല്‍കാനുണ്ടെന്നാണ്.
ഇതേകുറിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച തുക - 7.35 കോടി രൂപ - 226 കുടുംബങ്ങളില്‍ 147 കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപകരിക്കും. കേന്ദ്രവും സംസ്ഥാനവും അഞ്ച് ലക്ഷം വീതം മരിച്ച ഒരാളുടെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്നായിരുന്നു വാഗ്ദാനം.
തീവ്രവാദമോ, വര്‍ഗീയമോ ആയ അക്രമം, ഇടതുപക്ഷ തീവ്രവാദം, അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പ്, ഇന്ത്യന്‍ പ്രദേശത്തിനകത്ത് ഖനി അല്ലെങ്കില്‍ ഐഇഡി സ്‌ഫോടനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സംഭവങ്ങളില്‍ പൗരന്മാരുടെ മരണമോ ഗുരുതര പരിക്കോ ഉണ്ടാകുമ്പോള്‍ കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക സിഎസ്എസിവി പദ്ധതിവഴി സഹായം നല്‍കുന്നു. ഈ സഹായം സാധാരണയായി ജീവിച്ചിരിക്കുന്ന ഭാര്യയ്‌ക്കോ അല്ലെങ്കില്‍ ഒരേ സംഭവത്തില്‍ ഭാര്യയും ഭര്‍ത്താവും മരിക്കുകയാണെങ്കില്‍, കുടുംബത്തിന് മൊത്തത്തിലും നല്‍കുന്നു.
എന്നാല്‍ നഷ്ടപരിഹാരം സിഎസ്എസിവി പദ്ധതിയുടെ ഭാഗമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോ മണിപ്പൂര്‍ സര്‍ക്കാരോ പരസ്യമായി പരാമര്‍ശിച്ചിട്ടില്ല. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വെബ്സൈറ്റില്‍ ലഭ്യമായ ജൂണ്‍ ഒന്നിന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഒരു പ്രസ് കുറിപ്പും ഈ പദ്ധതിയെ കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കി.
സന്ദര്‍ശന വേളയില്‍, സംഘര്‍ഷ ബാധിത മേഖലയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ഒരു പദ്ധതി ആവിഷ്‌കരിക്കുമെന്ന് അമിത് ഷാ വാഗ്ദാനം ചെയ്തു. അതെങ്ങനെ നടപ്പാക്കും എന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. പഠനത്തിനായി ഇംഫാലിലേക്ക് പോകാന്‍ കഴിയാത്ത നിരവധി കുക്കി വിദ്യാര്‍ത്ഥികള്‍ നഗരത്തിന് പുറത്ത് പ്രവേശനം തേടിയിട്ടുണ്ട്, കലാപത്തില്‍ കുടിയിറക്കപ്പെട്ട കുക്കി വിദ്യാര്‍ത്ഥികളെ ആദ്യമായി സ്വാഗതം ചെയ്തത് കേരളത്തിലെ കണ്ണൂര്‍ സര്‍വകലാശാലയാണ്.
കൂടാതെ, അന്നത്തെ മണിപ്പൂര്‍ ഗവര്‍ണറായിരുന്ന യുകെ അനുസൂയയുടെ അധ്യക്ഷതയില്‍ ഒരു സമാധാന സമിതി രൂപീകരിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. ഈ കമ്മിറ്റിയില്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമുള്ള പ്രതിനിധികളും കുക്കി, മെയ്‌തേയ് സമുദായങ്ങളില്‍ നിന്നും വിവിധ സാമൂഹിക സംഘടനകളില്‍ നിന്നുമുള്ള അംഗങ്ങളും ഉള്‍പ്പെടുന്നു. എന്നിരുന്നാലും, പല വ്യക്തികളും പിന്നീട് പാനലില്‍ ഉണ്ടായിരുന്ന ബീരേന്‍ സിംഗുമായി ഭിന്നത പ്രകടിപ്പിച്ച് സമാധാന സമിതി വിട്ടു. 2023 മെയ് 3-ന് ആരംഭിച്ച അക്രമം മുതല്‍, 543 ദിവസത്തിനിടെ 60,000-ത്തിലധികം വ്യക്തികളെ സംസ്ഥാനത്ത് മാറ്റിപ്പാര്‍പ്പിച്ചു.
അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള വെല്ലുവിളികള്‍ നേരിടുന്ന മലയോര മേഖലകളില്‍ പ്രത്യേകമായി ഡോക്ടര്‍മാരെ നിയമിക്കുമെന്ന് അമിത് ഷാ വാഗ്ദാനം ചെയ്തു. പ്രാദേശിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ അഭാവം മൂലം, നിരവധി താമസക്കാര്‍ ചികിത്സയ്ക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകുന്നു, കൂടാതെ മണിപ്പൂരില്‍ കുറഞ്ഞത് 35 വ്യക്തികളെങ്കിലും മെഡിക്കല്‍ അത്യാഹിതങ്ങള്‍ കാരണം മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തരമന്ത്രാലയം യോഗം വിളിച്ചെങ്കിലും ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുത്തില്ല. ഇതോടെ യോഗം പബ്ലിസിറ്റി സ്റ്റണ്ടും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുമുള്ള പരിപാടിയായിരുന്നെന്ന് കുക്കി വിഭാഗക്കാരനായ ബിജെപി എംഎല്‍എ പൗലിയന്‍ലാല്‍ ഹാക്കിപ്പ് ആരോപിച്ചിരുന്നു. ഭരണകക്ഷിയിലുള്ള മെയ്‌തൈ, കുക്കി, നാഗാ എംഎല്‍എമാരെ മാത്രമാണ് യോഗത്തിന് ക്ഷണിച്ചത്.
എന്നിട്ടും സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ തലവന്‍ കൂടിയായ മുഖ്യമന്ത്രി ബീരേന്‍ സിംഗ് ചര്‍ച്ചയ്ക്ക് പോയില്ല. മണിപ്പൂരിലെ പ്രതിപക്ഷനേതാവ് കെയ്ഷാം മേഘചന്ദ്ര സിംഗ് ഡല്‍ഹിയിലുണ്ടായിട്ടും അദ്ദേഹത്തെ ക്ഷണിച്ചില്ല. സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവാണ് ഇദ്ദേഹം. കുക്കി എംഎല്‍എമാര്‍ ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥരുമായി പ്രത്യേകം ചര്‍ച്ച നടത്തുകയും അവരുടെ വിഭാഗത്തിന് പ്രത്യേക ഭരണസംവിധാനമുള്ള കേന്ദ്രഭരണപ്രദേശം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മാത്രമല്ല, കുക്കി എംഎല്‍എമാര്‍ മെയ്‌തൈ, നാഗാ എംഎല്‍എമാരുമായുള്ള സംയുക്ത യോഗങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചു. ഇക്കാര്യം തങ്ങളുടെ സമുദായ അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും വ്യക്തമാക്കി. ഇവരുമായുള്ള യോഗം രണ്ട് മണിക്കൂര്‍ നീണ്ടു. അതിന് ശേഷം 15 മിനിറ്റ് വീതം നാഗാ മെയ്‌തൈ എംഎല്‍എമാരുമായി ചര്‍ച്ച നടത്തി. അക്രമം തടയുമെന്ന് ഉറപ്പു നല്‍കുന്നത് വരെ യാതൊരു തുടര്‍നടപടികളും സ്വീകരിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
മണിപ്പൂരിന്റെ സമാധാനത്തിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഇനിയാരുടെയും ജീവന്‍ പൊലിയുന്ന സ്ഥിതിയുണ്ടാകരുതെന്നും അക്രമം ഒഴിവാക്കണമെന്ന് എല്ലാ സമുദായങ്ങളോടും അഭ്യര്‍ത്ഥിക്കാന്‍ യോഗം ഏകകണ്ഠമായി തീരുമാനിച്ചെന്നും ആഭ്യന്തരമന്ത്രാലയം വാര്‍ത്താകുറിപ്പിറക്കിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പല എംഎല്‍എമാരും ഇക്കാര്യം നിഷേധിച്ചു.
അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്നും അവര്‍ പിന്നീട് പ്രതികരിച്ചു. താമസിയാതെ മറ്റൊരു യോഗം ഉടന്‍ വിളിക്കുമെന്ന് സമ്പിത് പത്ര എംഎല്‍എമാര്‍ക്ക് ഉറപ്പ് നല്‍കിയെന്നും സമാധാനം പുനസ്ഥാപിക്കുന്നതിനെ കുറിച്ച് ഗൗരവമായ യാതൊരു ചര്‍ച്ചയും നടന്നില്ലെന്നും മണിപ്പൂരിലേക്ക് മടങ്ങാനും സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ പ്രവര്‍ത്തിക്കാനും ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചെന്നും ഒരു എംഎല്‍എ വെളിപ്പെടുത്തിയതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു.
2023 മെയിലാണ് മണിപ്പൂരില്‍ മെയ്‌തൈ, കുക്കി വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. 300ലധികം പേര്‍ മരിക്കുകയും 60,000 ലധികം ആളുകള്‍ നാടും വീടും വിട്ട് പലായനം നടത്തുകയും ചെയ്തു. അതിന് ശേഷം ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ ഒരു യോഗം വിളിച്ചത്. ഏറെ പ്രതീക്ഷയോടെയാണ് ബിജെപി എംഎല്‍എമാര്‍ പങ്കെടുത്തത്. അത് വലിയ പ്രഹസനമായി മാറിയെന്നാണ് ആക്ഷേപം. സംസ്ഥാന നിയമസഭയില്‍ 60 അംഗങ്ങളാണുള്ളത്. അതില്‍ 10 എംഎല്‍എമാര്‍ വീതം കുക്കി, നാഗ സമുദായത്തില്‍പെട്ടവരാണ്.
#Manipur #Compensation #GovernmentPromises #AmitShah #EthnicViolence #RTI