Modi Influence | ഡൽഹിയിൽ വിജയം കൊയ്തത് മോദി പ്രഭാവവും ഭരണ വിരുദ്ധ വികാരവും മാത്രമോ, അടിത്തട്ടിൽ അലയിളക്കിയത് ആര്?


● ആർഎസ്എസിന്റെ അടിത്തട്ടിലുള്ള പ്രവർത്തനം വിജയത്തിൽ നിർണായകമായി
● 'ഡ്രോയിങ് റൂം' മീറ്റിംഗുകളിലൂടെ ജനങ്ങളുമായി ബന്ധം സ്ഥാപിച്ചു.
● മോദി പ്രഭാവവും ഭരണവിരുദ്ധ വികാരവും വിജയത്തിന് ആക്കം കൂട്ടി
● ബിജെപിയിലെ ഗ്രൂപ്പ് പോരിന് ആർഎസ്എസ് പ്രവർത്തനം ശമനം വരുത്തി
നവോദിത്ത് ബാബു
ന്യൂഡൽഹി: (KVARTHA) 27 വർഷത്തിന് ശേഷം ഡൽഹി നിയമസഭാ ഭരണം പിടിച്ചെടുക്കുന്നതിലൂടെ ചരിത്രനേട്ടമാണ് ബി.ജെ.പി കൈവരിച്ചത്. കേന്ദ്ര-സംസ്ഥാനങ്ങളിൽ ഒരേ പാർട്ടി ഭരിക്കുന്ന സർക്കാരെന്ന ഇരട്ട എൻജിൻ ഭരണമെന്ന ബി.ജെ.പിയുടെ പ്രചാരണം നേട്ടമുണ്ടാക്കി കൊടുത്തു. ആം ആദ്മി പാർട്ടിയുടെ സൗജന്യ രാഷ്ട്രീയത്തെക്കാൾ വികസനമാണ് വേണ്ടതെന്ന ബി.ജെ.പിയുടെ പ്രചാരണം 1998ന് ശേഷം 27 വർഷത്തിൻ്റെ ഇടവേളയ്ക്കിടെയിൽ അധികാരത്തിലെത്താൻ അവരെ സഹായിച്ചു.
നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവും ആപ്പ് ഭരണത്തിനെതിരെയുള്ള ഭരണവിരുദ്ധ വികാരവും മാത്രമല്ല കെജ്രിവാളിനെതിരെ ഉയർന്ന അഴിമതി കേസുകളും ബി.ജെ.പിയെ സഹായിച്ചു. എന്നാൽ ഒരു വർഷം മുൻപെ ആർഎസ്എസ് എണ്ണയിട്ട യന്ത്രം പോലെ അടിത്തട്ടിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ബി.ജെ.പിയെ വിജയരഥത്തിലെത്തിച്ചത്. കൃത്യമായ ഗ്രൗണ്ട് വർക്കിലൂടെയും പ്ലാനിങ്ങിലൂടെയുമാണ് ആർ.എസ്.എസ് ഡൽഹി പിടിച്ചെടുത്തത്. ബിജെപിയുടെ ഈ വിജയം വലിയൊരു ചാലകശക്തിയായി ആർഎസ്എസ് പ്രവർത്തിച്ചത് വോട്ടിങ് അടിയൊഴുക്കിനെ സ്വാധീനിച്ചു.
ആർഎസ്എസ് എന്ന എഞ്ചിനായിരുന്നു ബിജെപിയെന്ന വണ്ടിയെ ഡൽഹിയിൽ ചലിപ്പിച്ചത്. മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ആർഎസ്എസ് കൈക്കൊണ്ട അതേ രീതികളാണ് ഒരു തരത്തിൽ ഡൽഹിയിലും ബിജെപിക്ക് തുണയായത്. 'ഡ്രോയിങ് റൂം' മീറ്റിങ്ങുകളിലൂടെയാണ് ഡൽഹി പിടിക്കാൻ ആർഎസ്എസ് ബിജെപിയെ സജ്ജരാക്കിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപേ തന്നെ ആർഎസ്എസ് ഡൽഹിയിൽ അവരുടെ ജോലി തുടങ്ങിയിരുന്നു. രാജ്യതലസ്ഥാനത്തെ എട്ട് 'വിഭാഗു'കൾ ആക്കി തിരിച്ചും, അവയിൽ തന്നെ കൃത്യമായി വികേന്ദ്രീകരണം കൊണ്ടുവന്നുമാണ് ആർഎസ്എസ് പ്രവർത്തിച്ചത്.
ഈ രീതി പ്രകാരം 173 'നഗറു'കളായി ഡൽഹിയെ അവർ തിരിച്ചു. ഇവിടങ്ങളിൽ ആർഎസ്എസ് പ്രചാരകന്മാർക്ക് കൃത്യമായ ജോലികൾ നൽകി. പ്രാദേശിക ചുറ്റുവട്ടങ്ങൾ, ഓഫീസുകൾ, സ്കൂളുകൾ, കോളേജുകൾ, തുടങ്ങി ജനങ്ങളുള്ള എല്ലാ മേഖലകളിലും ഡ്രോയിങ് റൂം മീറ്റിങ്ങുകൾ പ്രചാരകർ സംഘടിപ്പിച്ചിരുന്നു. വളരെ ചെറിയ ആൾക്കൂട്ടം മാത്രം ഉണ്ടാകുന്ന കൂടിക്കാഴ്ചകളെയാണ് ഡ്രോയിങ് റൂം മീറ്റിങ്ങുകളെന്ന് ആർഎസ്എസ് വിളിച്ചിരുന്നത്. ഇത്തരത്തിലുള്ള മീറ്റിങ്ങുകളിലൂടെ ബിജെപിക്ക് വോട്ടുകൾ ഉറപ്പിക്കാൻ ആർഎസ്എസിന് കഴിഞ്ഞു.
ഏകദേശം 2000ത്തോളം ഡ്രോയിങ് റൂം മീറ്റിങ്ങുകൾ ആർഎസ്എസ് ഇത്തരത്തിൽ നടത്തിയിരുന്നുവെന്നാണ് കണക്കുകൾ. ഇവരിൽ വനിതകൾ കൂടുതലായിരുന്നുവെന്ന് ആർഎസ്എസ് നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് വോട്ട് ചെയ്തതെന്ന യാഥാർഥ്യത്തോട് ചേർത്തുവെച്ച് ഈ കാര്യംവായിക്കാൻ. ലോക്സഭാ തെരഞ്ഞെടുപ്പിലെ ക്ഷീണത്തിന് ശേഷം ബിജെപി ഉയിർത്തെഴുന്നേറ്റ ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലും ആർഎസ്എസിന്റെ മികച്ച ഗ്രൗണ്ട് പ്രവർത്തനങ്ങൾ പാർട്ടിക്ക് തുണയായിരുന്നു.
ഹരിയാനയിൽ ബിജെപിയുമായി ചേർന്നാണ് ആർഎസ്എസ് പ്രവർത്തിച്ചിരുന്നത്. തിരഞ്ഞെടുപ്പിന് മുൻപായിത്തന്നെ ആർഎസ്എസ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കൃത്യമായി പാർട്ടിയിലെ ഐക്യം ഊട്ടിയുറപ്പിക്കാൻ ശ്രമിച്ചിരുന്നു. ഓരോ നിയമസഭാ മണ്ഡലങ്ങളിലും നിരവധി കൂടിക്കാഴ്ചകൾ സംഘടിപ്പിച്ചും ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്നുമായിരുന്നു ആർഎസ്എസ് ഹരിയാനയിൽ പ്രവർത്തിച്ചത്. ഇത് വലിയ രീതിയിൽ, ബിജെപി സർക്കാരിനെതിരെയുണ്ടായിരുന്ന ഭരണവിരുദ്ധ വികാരത്തെ ഇല്ലായ്മ ചെല്ലാൻ സഹായിച്ചത്. ആർ.എസ്.എസ് അരയും തലയും മുറുക്കി ഇറങ്ങിയത് ബി.ജെ.പിയിലെ ഗ്രൂപ്പ് പോരിനും ശമനമുണ്ടാക്കി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ലാതെ തെരഞ്ഞെടുപ്പിൽ ഇറങ്ങിയിട്ടും ഒറ്റക്കെട്ടായി വിജയം നേടാൻ ബി.ജെ.പിക്ക് കഴിഞ്ഞു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
BJP's historic win in Delhi, after 27 years, was driven by Modi's influence, anti-AAP sentiment, and RSS's effective groundwork, with strategic "Drawing Room" meetings boosting voter support.
#BJP #DelhiElection #RSS #Modi #DelhiPolitics #ElectionVictory