Remembrance | ദീനദയാൽ ഉപാദ്ധ്യായ വിട പറഞ്ഞിട്ട് 57 വർഷം; എകാത്മാ മാനവദർശന ഉപജ്ഞാതാവ്


● ജന്മദിനം അന്ത്യോദയ ദിവസമായി ആചരിക്കുന്നു.
● ബിജെപിയുടെ അടിസ്ഥാന ആദർശങ്ങൾ ചിട്ടപ്പെടുത്തിയത് അദ്ദേഹമാണ്.
● ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്
(KVARTHA) രാഷ്ട്ര സേവനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച കർമ്മസന്യാസിയും, ദാർശനികൻ, സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞൻ, ചരിത്രകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്ന പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ഈ ലോകത്തോട് വിടവാങ്ങിയിട്ട് 57 വർഷം തികയുന്നു. എകാത്മാ മാനവദർശനമെന്ന ഭാരതീയ സാമ്പത്തിക സാമൂഹിക തത്ത്വസംഹിതയുടെ ഉപജ്ഞാതാവായ അദ്ദേഹം ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും അതിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും ആയിരുന്നു. ദീൻ ദയാൽ ഉപാദ്ധ്യയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ 25 ന് അന്ത്യോദയ ദിവസായി ആചരിക്കുന്നു.
ഇന്ത്യ ഇന്ന് ഭരിക്കുന്ന പാർട്ടിയുടെ അടിസ്ഥാന ആദർശങ്ങൾ ചിട്ടപ്പെടുത്തിയതിന് പിന്നിൽ ദീന ദയാലിന്റെ അശ്രാന്ത പരിശ്രമമാണ്. 1916 സെപ്റ്റംബർ 25നായിരുന്നു ദീനദയാൽ ഉപാദ്ധ്യായ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട ദീനദയാലിന്റെ കുട്ടിക്കാലത്തെ ജീവിതം വിവരണാതീതമായ ദുരന്തങ്ങളുടെ കൂടെയായിരുന്നു. ഒൻപതാം വയസു വരെ ദീനദയാലിൻറെ വിദ്യാഭ്യാസത്തിനു കൃത്യമായ രൂപം തന്നെ ഉണ്ടായിരുന്നില്ല. രക്ഷിതാവായ അമ്മാവൻ്റെകൂടെ വിവിധ സ്ഥലങ്ങളിലായിരുന്നു വിദ്യാഭ്യാസം. അസാധ്യ ബുദ്ധിശാലിയായ ദീനദയാൽ ഈ എല്ലാ പരിമിതികൾക്കുള്ളിലും നിന്നുകൊണ്ട് റെക്കോർഡ് മാർക്കോടെ മെട്രിക്കുലെഷൻ വിജയിച്ചു.
തുടർന്ന് ഇൻഡർമീഡിയേറ്റ് വിദ്യാഭ്യാസത്തിനായി പിലാനിയിലേക്ക് പോയി അവിടെ നിന്ന് 1937-ൽ ഒന്നാം റാങ്കോടെ വിജയിച്ചു. അമ്മാവന്റെ നിർബന്ധത്തിൽ പ്രവിശ്യാ സർവീസസ് പരീക്ഷയിൽ പാസ്സാവുകയും അഭിമുഖത്തിനു ശേഷം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിനു പൊതുപ്രവർത്തനത്തോടുള്ള അഭിവാഞ്ജ അതിനോടകം രൂഢമൂലമായിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ദീനദയാൽ പ്രവിശ്യാ സർവ്വീസിൽ പ്രവേശിക്കാതെ പൊതുപ്രവർത്തനരംഗത്ത് കർമ്മനിരതനായി. പഠന കാലത്ത് ശ്രീ സുന്ദർ സിംഗ് ഭണ്ഡാരിയുമായുള്ള ബന്ധമാണ് അദ്ദേഹത്തെ ആർഎസ്എസുമായി അടുപ്പിച്ചത്.
1942-ൽ അദ്ദേഹം ലഖിംപൂർ ജില്ലാ പ്രചാരകനായി. 1951-ൽ ഉത്തർപ്രദേശ് സഹ പ്രാന്തപ്രചാരക് ആയി. ആ കാലയളവിൽ പാഞ്ചജന്യ , സന്ദേശ് എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ശ്രീ ശ്യാമപ്രസാദ് മുഖർജി ഒരു ദേശീയ കക്ഷി ആരംഭിക്കുവാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി. ആ യത്നത്തിലേക്ക് ദീനദയാൽ, വാജ്പേയി തുടങ്ങിയ ചിലരെ ആർ.എസ്.എസ് സർസംഘചാലക് ശ്രീ മാധവ സദാശിവ ഗോൾവൽക്കർ നിയോഗിച്ചു. 1952 മുതൽ ജനസംഘം ജനറൽ സെക്രട്ടറി ആയിരുന്നു ശ്രീ ദീനദയാൽ 1967-ൽ അധ്യക്ഷ സ്ഥാനത്ത് എത്തുന്നത് വരെ ജനറൽ സെക്രട്ടറിയായി തുടർന്നു.
ഭാരതീയ ചിന്താധാരകളുടെ അന്തഃസത്ത ഉൾക്കൊണ്ട് ശ്രീ ദീനദയാൽ ഉപാദ്ധ്യായ അവതരിപ്പിച്ച സാമ്പത്തിക സാമൂഹിക ദർശനമാണ് എകാത്മാ മാനവ ദർശനം. ജനസംഘത്തിന്റെ അദ്ധ്യക്ഷനായി ചുമതലയേറ്റ് രണ്ട് മാസം തികയും മുൻപാണ് തന്റെ 52-ാമത് വയസ്സിൽ തികച്ചും ദുരൂഹമായ സാഹചര്യത്തിൽ അദ്ദേഹം കൊല്ലപ്പെട്ടത്. ലക്നൗവിൽനിന്നും പാട്നയിലേക്ക് രാത്രി ട്രെയിനിൽ യാത്രചെയ്ത അദ്ദേഹത്തിന്റെ മൃതദേഹം 1968 ഫെബ്രുവരി 11ന് മുഗല്സാരായി റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടുകിട്ടുകയായിരുന്നു. മരണകാരണം ഇന്നും ദുരൂഹമായി തുടരുന്നു. ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് പ്രകാരം അത് രാഷ്ട്രീയ കൊലപാതകമല്ല, സാധാരണ ഒരു കുറ്റകൃത്യമാണെന്നും കമ്മീഷൻ നിരീക്ഷിക്കുകയാണ് ഉണ്ടായത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുമല്ലോ.
Pandit Deendayal Upadhyaya, a philosopher, economist, social scientist, and historian who dedicated his life to serving the nation, passed away 57 years ago. The founder of the Bharatiya Jana Sangh and its first General Secretary, he was also the exponent of Integral Humanism, an Indian socio-economic philosophy. His birthday, September 25, is observed as Antyodaya Diwas in his memory.
#DeendayalUpadhyaya #IntegralHumanism #AntyodayaDiwas #BharatiyaJanaSangh #IndianPolitics #RSS