CPM | അത്ര ഭദ്രമല്ല പിണറായിയുടെ കണ്ണൂർ കോട്ട! മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും കൺവീനർക്കുമെതിരെ സംസ്ഥാന സമിതി യോഗത്തിൽ അപസ്വരങ്ങൾ
'ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ഇ പി വിശദീകരിച്ചേ മതിയാകൂ'
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) സിപിഎം സംസ്ഥാന സമിതിയില്‍ ഇ.പി ജയരാജൻ്റെ പേരെടുത്ത് പറഞ്ഞ് കണ്ണൂരിലെ മുതിർന്ന നേതാവ് വിമർശിച്ചത് പാർട്ടിയിലെ അഭിപ്രായ ഭിന്നതയുടെ ഭാഗമായാണെന്നു സൂചന. മുഖ്യമന്ത്രിയുടെയും ഇ പി ജയരാജന്റെയും എം വി ഗോവിന്ദന്റെയും പേരെടുത്ത് പറഞ്ഞു കണ്ണൂരിലെ ഉന്നത നേതാവ് വിമർശനമഴിച്ചു വിട്ടത് സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. മൂന്ന് പ്രബലരായ നേതാക്കൾക്കെതിരെ പിണറായി പക്ഷത്തിന് ആധിപത്യമുള്ള കണ്ണൂരിൽ നിന്നുള്ള തിരിച്ചടി മറ്റു മേഖലയിലെ അസംതൃപ്തരെയും ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.
ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കറെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ എന്തിന് കണ്ടെന്ന് വിശദീകരിക്കണമെന്ന ആവശ്യം കണ്ണൂരിൽ നിന്നുള്ള നേതാവ് ശക്തമായി ഉന്നയിച്ചുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കല്യാണ വീട്ടിലോ ബസിലോ ട്രെയിനിലോ വെച്ച് ബിജെപി നേതാക്കളെ കാണുമ്പോള്‍ സംസാരിക്കുക പതിവാണ്. അത് കേരളത്തിന്റെ മര്യാദ. വടക്കേ ഇന്ത്യയില്‍ ചിലപ്പോള്‍ സംസാരിക്കില്ലായിരിക്കും. എന്നാല്‍ വീട്ടില്‍ വന്നു കാണുന്നത് അതുപോലെയല്ല. ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ഇ പി വിശദീകരിച്ചേ മതിയാകൂയെന്നാണ് സംസ്ഥാന സമിതിയില്‍ ഇദ്ദേഹം ആവശ്യപ്പെട്ടത്.
പാർട്ടിയിൽ മാതൃക കാണിക്കേണ്ടവര്‍ തന്നെ വിവാദങ്ങള്‍ ഉണ്ടാക്കിയെന്നും വിമര്‍ശനമുണ്ടായി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുന്നോടിയായി തയ്യാറാക്കിയ രേഖയില്‍ പ്രതികരണങ്ങളിലും മറ്റും ജാഗ്രത പുലര്‍ത്തണം എന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. ഈ തീരുമാനം തങ്ങളോട് പറഞ്ഞത് ആരാണ്. നേതൃത്വം അല്ലേ?. അങ്ങനെ പറഞ്ഞ നേതാക്കള്‍ തന്നെ തീരുമാനം ലംഘിച്ചു. അതാണ് വിവാദങ്ങള്‍ ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രിയുടെയും എം വി ഗോവിന്ദന്റെയും സ്പീക്കർ എ.എൻ ഷംസീറിൻ്റെയും പേരെടുത്തു പറഞ്ഞായിരുന്നു ഈ വിമര്‍ശനം.
യോഗങ്ങളില്‍ സംസാരിക്കുമ്പോഴും മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴും ലോകത്തോടാണ് സംസാരിക്കുന്നത് എന്ന കാര്യം നേതാക്കള്‍ മറന്നു. ഈ ജാഗ്രത കുറവാണ് വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയതെന്നും വിമര്‍ശനമുണ്ടായി. ലോക് സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പിണറായി വിജയൻ്റെ തട്ടകമായ കണ്ണൂരിൽ പോലും ഭരണ വിരുദ്ധ വികാരം വോട്ടായി മാറിയെന്ന വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കണ്ണൂരിലെ മുതിർന്ന നേതാവ് നടത്തിയ വിമർശനവും പുറത്തുവരുന്നത്.