Corruption | മാസപ്പടി കേസിൽ സിപിഎമ്മിൻ്റെ രാഷ്ട്രീയ ധാർമ്മികത ചോദ്യം ചെയ്യപ്പെടുന്നു; മുഖ്യമന്ത്രിയുടെ മകൾ കോടതി കയറുമ്പോൾ ?

 
CPM's Political Morality Questioned in Monthly Payment Case; Chief Minister's Daughter to Face Court?
CPM's Political Morality Questioned in Monthly Payment Case; Chief Minister's Daughter to Face Court?

Image Credit: Facebook/ CPM

● മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയനെ പ്രതിചേർത്ത് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചു. 
● സേവനമൊന്നും നൽകാതെ 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ.
● കൊച്ചിയിലെ കോടതിയിൽ വിചാരണ നടപടികൾ ആരംഭിക്കും; പ്രതികൾക്ക് സമൻസ് അയക്കും. 
● സിഎംആർഎല്ലിൽ 182 കോടിയുടെ വെട്ടിപ്പ് നടന്നതായും കണ്ടെത്തൽ. 
● പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു; സി.പി.എം ആരോപണങ്ങളെ ലഘൂകരിക്കുന്നു.

ഭാമനാവത്ത്

(KVARTHA) കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് സാമ്പത്തിക കുറ്റകൃത്യ കേസിൽ പ്രതിയാക്കപ്പെട്ട്, സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മകൾക്ക് കോടതി കയറേണ്ടി വരുന്ന സാഹചര്യം. കേന്ദ്ര സർക്കാർ ഭരിക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വഴങ്ങിയാണ് കേന്ദ്ര ഏജൻസി ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതെന്ന സി.പി.എമ്മിൻ്റെ ആരോപണങ്ങളിൽ വസ്തുതാപരമായ ശരികളുണ്ടെങ്കിലും അവർ മുൻപോട്ടു വയ്ക്കുന്ന തെളിവുകളെയും തള്ളിക്കളയാൻ കഴിയില്ല.

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസാണ് കുറ്റപത്രം നൽകിയിട്ടുള്ളത്. എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സേവനമൊന്നും നൽകാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. പ്രോസിക്യൂഷൻ നടപടികൾക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 

മധുരയിൽ പാർട്ടിയുടെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് നടന്നുവരവെ മുഖ്യമന്ത്രിയുൾപ്പെടെയുള്ള നേതാക്കൾ അവിടെയാണുള്ളത്. ഈ സമയം തന്നെയാണ് അത്യന്തം ഗുരുതരമായ ഒരു അന്വേഷണ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകൾ വീണ ടി, സിഎംആർഎൽ എംഡിയായ ശശിധരൻ കർത്ത, സിഎംആർഎൽ സിജിഎം ഫിനാൻസ് പി.സുരേഷ് കുമാർ അടക്കമുള്ളവർക്കെതിരെയാണ് പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടുള്ളത്.

വീണയ്ക്കും എക്സലോജിക് സൊല്യൂഷൻസിനും 2.70 കോടി രൂപ അനധികൃതമായി കിട്ടിയതെന്നാണ് ആരോപണം. സിഎംആർഎല്ലിൽ നിന്നും എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നുമാണ് ഈ പണം എക്സാലോജികിലേക്ക് എത്തിയത്. ശശിധരൻ കർത്തയും ഭാര്യയുമാണ് എംപവർ ഇന്ത്യാ കമ്പനിയുടെ ഡയറക്റ്റർമാർ. ടി വീണക്കും, ശശിധരൻ കർത്തയ്ക്കും എക്സലോജിക് സൊല്യൂഷൻസിനും സിഎംആർഎല്ലിനുമെതിരെ കമ്പനികാര്യ ചട്ടം 447 വകുപ്പ് ചുമത്തി. ആറ് മാസം മുതൽ 10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. വെട്ടിപ്പ് നടത്തിയ തുകയോ, അതിന്റെ മൂന്നിരട്ടിയോ പിഴയായും ചുമത്താമെന്നും വകുപ്പ് നിർദ്ദേശിക്കുന്നുണ്ട്.

കൊച്ചിയിലെ കോടതി വഴി വിചാരണ നടപടികളിലേക്കാവും ഇനി കടക്കുക. വീണ ഉൾപ്പെടെയുള്ള പ്രതികൾക്ക് ഉടൻ സമൻസ് അയക്കും. ശശിധരൻ കർത്തയ്ക്കും സിഎംആർഎൽ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുമെതിരെ വേറെയും കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 182 കോടിയുടെ രൂപയുടെ വെട്ടിപ്പ് സിഎംആർഎല്ലിൽ നടന്നെന്നാണ് കണ്ടെത്തൽ. ഇല്ലാത്ത ചെലവുകൾ പെരുപ്പിച്ച് കാട്ടി, കൃതിമ ബില്ലുകൾ തയാറാക്കിയാണ് വെട്ടിപ്പ്. നിപുണ ഇൻറർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ വഴിയാണ് വെട്ടിപ്പ് നടത്തിയത്. ഈ രണ്ട് കമ്പനികളുടേയും ഡയറക്ടർമാർ ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങളാണ്. 

2024 ജനുവരിയിൽ തുടങ്ങിയ അന്വേഷണത്തിലാണ് 14 മാസങ്ങൾക്ക് ശേഷം ഏറ്റവും പ്രധാനപ്പെട്ട നീക്കം. ആദ്യം ആദായനികുതി വകുപ്പ് ഇൻ്ററിം സെറ്റിൽമെൻറ് ബോർഡും പിന്നെ ആർഒസിയും ശരിവെച്ച മാസപ്പടിയാണ് ഇപ്പോൾ എസ്എഫ്ഐഒ അന്വേഷണത്തിലും തെളിയുന്നത്. സാമ്പത്തിക ക്രമക്കേട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ പ്രോസിക്യൂഷൻ നടപടികൾ ഇനി നേരിടേണ്ടി വരുമെന്നതാണ് കേരള രാഷ്ട്രീയത്തിൽ ഇനി നിർണായകമാവുക. ഭരണാധികാരിയായ സീസർ മാത്രമല്ല അദ്ദേഹത്തിൻ്റെ ഭാര്യയും കുടുംബവുമെല്ലാം കൈകളിൽ അഴിമതി കറ പുരളാത്തവരായിരിക്കണമെന്ന നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് സി.പി.എം. 

ബാർ കോഴ അഴിമതിയാരോപണത്തിൽ മുൻ ധനകാര്യ മന്ത്രി കെ.എം മാണി രാജിവയ്ക്കേണ്ടി വന്നത് പിന്നീട് തള്ളിപ്പോയ ഇത്തരം കേസിലാണെന്ന് ഓർക്കണം. യു.ഡി.എഫ് ഭരണകാലത്ത് നടത്തിയ ഐതിഹാസികമായ സെക്രട്ടറിയേറ്റ് വളയലും ബഡ്ജറ്റ് അവതരിപിക്കുന്നത് തടസപ്പെടുത്തലും നിയമസഭയിലെ കൈയ്യാങ്കളിയുമൊക്കെ സി.പി.എമ്മിൻ്റെ അഴിമതി വിരുദ്ധ പോരാട്ടമായാണ് ചിത്രീകരിക്കപ്പെടുന്നത്. സീസറിൻ്റെ ഭാര്യയും സംശയ വിമുക്തയായിരിക്കണമെന്ന ഹൈക്കോടതിയുടെ പരാമർശമാണ് സമരപരമ്പരകൾക്ക് തുടക്കമിട്ടത്. 

ഈ സാഹചര്യത്തിൽ സ്വന്തം കുടുംബത്തിന് നേരെ ഉയർന്നുവന്ന ആരോപണത്തിൽ ധാർമ്മികത ഉയർത്തിപ്പിടിച്ച് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തിപ്പിടിക്കുന്നത്. എന്നാൽ രണ്ടു കമ്പനികൾ തമ്മിലുള്ള നിയമപരമായി നടന്ന ഇടപാടുകളിലെ വീഴ്ച്ചയാണ് കേസിൻ്റെ അടിസ്ഥാനമെന്ന് പറഞ്ഞ് സംഭവത്തെ ലഘൂകരിക്കുകയാണ് സി.പി.എം നേതൃത്വം. ഇതിൽ പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി പങ്കാളികളായെന്നതാണ് ഗൗരവകരമായ കാര്യം. അതുകൊണ്ടുതന്നെ രണ്ട് കമ്പനികൾ മാത്രമായി നടന്ന സാമ്പത്തിക ഇടപാടുകൾ മാത്രമല്ല പൊതുഖജനാവിലെ പണം ചോർന്നുപോയ അഴിമതിയാണ് മാസപ്പടി കേസെന്ന കണ്ടെത്തൽ ഗൗരവകരമാണ്. അധികാരത്തിൻ്റെ മറവിൽ കടലാസ് കമ്പനി തട്ടിക്കൂട്ടിയുണ്ടാക്കി കോടികൾ കോഴ വാങ്ങിയെന്ന ആരോപണം കോടതിയിലെത്തുമ്പോൾ രാഷ്ട്രീയ ധാർമ്മികത കൂടി ചോദ്യം ചെയ്യപ്പെടുകയാണ്.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 

The SFIO has filed a chargesheet against Veena Vijayan, daughter of Kerala CM Pinarayi Vijayan, in the monthly payment case, alleging she and her company received ₹2.70 crore from CMRL without providing services. The CPM downplays it as a transaction lapse, while the opposition demands the CM's resignation citing moral grounds and past CPM stances on corruption.

#KeralaPolitics #CorruptionScandal #VeenaVijayan #CPM #SFIO #PoliticalMorality

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia