Criticism | മുസ്ലിം സ്ത്രീകളുടെ സമത്വത്തിന് വേണ്ടി ഘോരഘോരം വാദിച്ച സിപിഎമ്മിൻ്റെ അവസ്ഥ! കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്കെതിരെ പ്രതികരിച്ച ഗോവിന്ദൻ മാഷിൻ്റെ പാർട്ടിയോ ഇത്?


● സിപിഎമ്മിൻ്റെ 14 ജില്ലാ സെക്രട്ടറിമാരിൽ ഒരു സ്ത്രീയുമില്ല.
● പാർട്ടിയുടെ നിലപാട് വിമർശനങ്ങൾക്ക് ഇടയാക്കുന്നു
● സ്ത്രീകൾ വീട്ടിൽ ഇരിക്കാൻ മാത്രമോയെന്ന് ചോദ്യം
സോണി കല്ലറയ്ക്കൽ
(KVARTHA) കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്കെതിരെ രൂക്ഷമായി പ്രതികരിച്ച എം വി ഗോവിന്ദൻ മാഷിൻ്റെ സിപിഎം എന്ന പാർട്ടിയെക്കൊണ്ട് തോറ്റല്ലോ. സ്ത്രീകൾ വീട്ടിൽ ഇരിക്കാൻ മാത്രമോ മാഷേ. ഒരു വനിത ജില്ലാ സെക്രട്ടറിയായാൽ എന്താ ആകാശം ഇടിഞ്ഞു വീഴുമോ? ഇതിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാഷാണ് ഉത്തരം പറയേണ്ടത്. 50% വനിതാസംവരണം പ്രഖ്യാപിച്ച പാർട്ടിയാണ് കേരളം ഭരിക്കുന്ന സിപിഎം എന്നോർക്കണം. എന്നാൽ പാർട്ടിയുടെ ജില്ലാ സെക്രട്ടറിമാരുടെ ലിസ്റ്റ് പുറത്തുവന്നപ്പോൾ അതിൽ ഒരു വനിതയും ഇല്ലെന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.
പശ്ചിമ ബംഗാളിൽ ഒരു വനിതയെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തപ്പോൾ ആഘോഷിച്ച പാർട്ടി ആണെന്ന് ഓർക്കണം. എന്നാൽ കേരളത്തിൽ കടുക് മണിയ്ക്ക് പോലും ഒരു വനിത ഇല്ലെന്നത് സത്യം. സ്ത്രീ സമത്വത്തിൻ്റെ പേരിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്കെതിരെ രൂക്ഷമായി പ്രതികരിച്ച എം വി ഗോവിന്ദൻ മാഷിൻ്റെ പാർട്ടിയാണ് ഇതെന്ന് ഓർക്കണം. മുസ്ലിം സ്ത്രീകളുടെ സമത്വത്തിന് വേണ്ടി വാദിച്ചവരുടെ അവസ്ഥയാണ് നാം ഇപ്പോൾ കാണുന്നത്. മറ്റുള്ളവയിൽ എല്ലാം സ്ത്രീ സമത്വം വേണം. അതിൽ ഞങ്ങൾ ഇടപെടുകയും ചെയ്യും. എന്നാൽ സ്വന്തം കാര്യത്തിൽ ഞങ്ങളുടെ തീരുമാനം തന്നെ അന്തിമവും. ഒരു സ്ത്രീയും വേണ്ട. അതിൽ ആരും ഇടപെടുകയും വേണ്ട. ഇതാണോ സിപിഎം ശൈലി?
സ്ത്രീ സമത്വത്തിൻ്റെ പേരിൽ കാന്തപുരം ഉസ്താദിനെതിരെ രൂക്ഷമായി എം വി.ഗോവിന്ദൻ മാഷ് പ്രതികരിച്ചതിൻ്റെ പേരിൽ പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ ലിസ്റ്റ് ആദ്യം പുറത്തുവന്നപ്പോൾ ജനം കൂടുതലായി ശ്രദ്ധിച്ചത് അതിൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടോയെന്ന് തന്നെയായിരുന്നു. അതാണ് ഈ വിഷയം കൂടുതൽ ചർച്ചയാകാനും കാരണം. കേരം തിങ്ങും കേരളാ നാട്ടിൽ കെ ആർ ഗൗരി നാടു ഭരിക്കും എന്ന് പറഞ്ഞ് ഒരു കാലത്ത് സിപിഎമ്മിലെ പ്രമുഖ വനിതാ നേതാവ് കെ ആർ ഗൗരിയമ്മയെ മുൻ നിർത്തിയാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. സ്ത്രീ ജനങ്ങളിൽ വലിയൊരു വിഭാഗം അന്ന് കെ ആർ ഗൗരിയമ്മയുടെ ആരാധകരും ആയിരുന്നു.
ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്ന് വിചാരിച്ച് സ്ത്രീകളായ ബഹുഭൂരിപക്ഷം വോട്ടർമാരും അന്ന് ഇടതുമുന്നണിയ്ക്ക് വോട്ട് ചെയ്തു. ആ തെരഞ്ഞെടുപ്പിൽ സിപിഎം. നേതൃത്വം നൽകുന്ന ഇടതുമുന്നണി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരികയും ചെയ്തു. ഗൗരിയമ്മയും ആലപ്പുഴയിലെ അരൂരിൽ നിന്ന് ജയിച്ച് നിയമസഭയിൽ എത്തി. പക്ഷേ, അന്ന് ആ സർക്കാരിൽ മുഖ്യമന്ത്രിയായത് അന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്ന ഇ കെ നായനാർ ആയിരുന്നു. നായനാർ പിന്നീട് ഉപതെരഞ്ഞെടുപ്പിലൂടെ മത്സരിച്ച് നിയമസഭയിൽ എത്തുകയായിരുന്നു. ആ മന്ത്രിസഭയിൽ നായനാർക്ക് കീഴിൽ ഒരു മന്ത്രിയായിരിക്കാനായിരുന്നു ഗൗരിയമ്മയുടെ വിധി. അന്ന് മുതൽ തുടങ്ങിയതാണ് ഗൗരിയമ്മയ്ക്ക് സിപിഎമ്മുമായുള്ള സ്വരചേർച്ച.
പിന്നീട് അത് അവരെ സിപിഎം വിടേണ്ട അവസ്ഥയിൽ വരെ കൊണ്ടു ചെന്നെത്തിച്ചു. പീന്നീട് സി.പി.എമ്മിൽ നിന്ന് പുറത്തുവന്ന ഗൗരിയമ്മ ജെ.എസ്.എസ് എന്ന പേരിൽ സ്വന്തമായി ഒരു പാർട്ടി ഉണ്ടാക്കി യു.ഡി.എഫിനൊപ്പം ചേരുകയായിരുന്നു. അതുപോലെ തന്നെ മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടായിരുന്ന മറ്റൊരാൾ ആയിരുന്നു എ.കെ.ജി യുടെ ഭാര്യ സുശീല ഗോപാലൻ. പലപ്പോഴും അവരുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർന്ന് കേട്ടുവെങ്കിലും അവരെയും ഒതുക്കുന്ന നയമാണ് പിന്നീട് സിപിഎം സ്വീകരിച്ച. ഇപ്പോൾ കെ.കെ ശൈലജ ടീച്ചറെ വടകരയിൽ മത്സരിക്കാൻ പറഞ്ഞു വിട്ടതിനു കാരണവും മറ്റൊന്നല്ല. ഒതുക്കൽ നയം തന്നെ.
പിണറായി വിജയനുശേഷം കെ.കെ ശൈലജ ടീച്ചർ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേർ സി.പി.എമ്മിലും പൊതുസമൂഹത്തിലും ഉണ്ട്. എന്നാലും അവർ മുഖ്യമന്ത്രിയാകാതിരിക്കാനുള്ള എന്തും പാർട്ടിയും സഖാക്കളും ചെയ്യുമെന്ന് ഉറപ്പ്. ഇനി അവർ തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാൻ സാധിക്കാതെ മാറ്റി നിർത്തപ്പെട്ടെന്നിരിക്കാം. അതിന് സിപിഎം നിരത്തുന്ന കാരണങ്ങളിൽ ഒന്ന് അവരുടെ വടകരയിലെ തോൽവി തന്നെ ആയിരിക്കാം. സ്ത്രീ ശാക്തീകരണത്തിനു വേണ്ടി സംസാരിക്കുകയും സ്ത്രീകളെ ശബരിമലയിൽ കയറ്റാൻ വേണ്ടി ചങ്ങലപിടിച്ചും നടന്ന സഖാക്കൾക്ക് പാർട്ടി കമ്മറ്റികളിലും പാർട്ടി സെക്രട്ടറി സ്ഥാനത്തും മുഖ്യമന്ത്രി സ്ഥാനത്തുമൊന്നും സ്ത്രീകളെ വേണ്ടേ? ആറാം നൂറ്റാണ്ടിലേയ്ക്ക് തിരിച്ചുപോകുന്നോ പാർട്ടിയെന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ എങ്ങനെ കുറ്റം പറയാനാകും?
ചുരുങ്ങിയത് ഏതെങ്കിലും ഒരു ജില്ലയിലെങ്കിലും സ്ത്രീയില്ലെങ്കിൽ വേണ്ട, ട്രാൻസ്ജെൻഡറിനെയെങ്കിലും സെക്രട്ടറിയാക്കി പുരോഗമനം കാണിക്കണമായിരുന്നു. സ്ത്രീകൾ വീട്ടിൽ ഇരിക്കാൻ മാത്രമോ. സ്ത്രീകൾ സെക്രട്ടറിയായാൽ എന്താ ആകാശം ഇടിഞ്ഞു വീഴുമോ. സഖാവ് എം.വി ഗോവിന്ദൻ്റെ പാർട്ടിയിലെ വനിതാ പ്രാതിനിധ്യം നിലപാടില്ലായ്മ, സഖാവ് എം സ്വരാജിൻ്റെ ഭാഷയിൽ പറഞ്ഞാൽ ഒരു പിതൃശൂന്യത തന്നെയാണ്. ഈ വൈരുധ്യം ഒരിക്കലും സിപിഎമ്മിന് അവസാനിപ്പിക്കാനാവില്ല. എന്നിട്ട് ഇതിനെ ചൊല്ലി മറ്റുള്ളവരുടെ മേലോട്ട് കയറുകയും ചെയ്യും. ഇതാണ് ഇന്നത്തെ ആ പാർട്ടിയിലെ പ്രമുഖൻ പണ്ട് പറഞ്ഞത്, ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല എന്ന്!
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
CPM criticized for lacking female representation despite championing women’s equality. Gender imbalance questioned in party's leadership positions.
#CPI, #WomenRepresentation, #GenderEquality, #WomenInPolitics, #MVGovindan, #CPM