Decision | കണ്ണൂര്‍ ജില്ലാ സെക്രടറിയേറ്റ് തുടങ്ങി: പി പി ദിവ്യയെ തരംതാഴ്ത്താനോ പുറത്താക്കാനോ സാധ്യത
● സംഘടനാ നടപടി വേണമെന്ന് ഒരു വിഭാഗം നേതാക്കള്‍.
● പ്രതിസന്ധി ഘട്ടത്തില്‍ തള്ളിപ്പറയുന്നത് അനുചിതമാണെന്ന് വനിതാ നേതാക്കള്‍.
● രഹസ്യമായി ദിവ്യയെ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ പാര്‍ടികള്‍.
കണ്ണൂര്‍: (KVARTHA) അധിക്ഷേപകരമായ പ്രസംഗത്തെ തുടര്‍ന്ന് മുന്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബു (Naveen Babu) ജീവനൊടുക്കിയ സംഭവത്തില്‍ മുന്‍ ജില്ലാ പഞ്ചായത് പ്രസിഡന്റും പാര്‍ടി ജില്ലാ കമിറ്റിയംഗവുമായ പി പി ദിവ്യയെ (PP Divya) കോടതി റിമാന്‍ഡ് ചെയ്തതോടെ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം പ്രതിസന്ധിയിലായി. ദിവ്യയ്ക്ക് അനുകൂലമായും പ്രതികൂലമായും പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് പാര്‍ടി കണ്ണൂര്‍ ജില്ലാ നേതൃത്വം.
ഇതിനിടെ ദിവ്യയ്‌ക്കെതിരെ സംഘടനാ നടപടി വേണമെന്നുള്ള ആവശ്യം പാര്‍ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. ജില്ലാ കമിറ്റിയില്‍ നിന്നും തരം താഴ്ത്തലോ സസ്‌പെന്‍ഷന്‍ നടപടിയോ വേണമെന്നാണ് ഇവരുടെ ആവശ്യം. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറിയേറ്റ് യോഗം പാറക്കണ്ടിയിലെ ജില്ലാ കമിറ്റി ഓഫീസില്‍ തുടങ്ങി. വൈകിട്ട് സമാപിക്കുന്ന ജില്ലാ സെക്രടറിയേറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
പൊലിസ് അറസ്റ്റ് ഉള്‍പെടെയുള്ള നിയമനടപടികള്‍ പുരോഗമിക്കുമ്പോഴും പാര്‍ടി രഹസ്യമായി ദിവ്യയെ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ പാര്‍ടികള്‍ ആരോപണം ഉന്നയിച്ചിരുന്നു. ദിവ്യയെ അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തതോടെ പാര്‍ടിയും ദിവ്യയെ കൈവിട്ടേക്കും. സമ്മേളന കാലയളവില്‍ അച്ചടക്ക നടപടികള്‍ സ്വാഭാവികമല്ലെങ്കിലും അസാധാരണ സാഹചര്യം പരിഗണിച്ചായിരിക്കും തീരുമാനം. ജില്ലാ സെക്രടറിയേറ്റിന്റെ തീരുമാനം സംസ്ഥാന കമിറ്റിയെയും ജില്ലാ കമിറ്റിയെയും അറിയിച്ചതിനുശേഷം പ്രഖ്യാപിക്കാനാണ് സാധ്യത.
എന്നാല്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ പി പി ദിവ്യയെ തള്ളിപ്പറയുന്നത് അനുചിതമാണെന്ന് കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന വനിതാ നേതാക്കള്‍ പാര്‍ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു വ്യക്തിക്കു വേണ്ടി പാര്‍ടിയെ അപമാനിക്കാന്‍ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നാണ് ഇതിന് നേതൃത്വം നല്‍കിയ മറുപടി. അതുകൊണ്ടുതന്നെ നവംബര്‍ ഒന്നിന് കണ്ണൂര്‍ ജില്ലയിലെ ഏരിയാ സമ്മേളനങ്ങള്‍ തുടങ്ങുന്നതിന് മുന്‍പെ തന്നെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്.
നേരത്തെ പാര്‍ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ പി പി ദിവ്യയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും എല്‍ഡിഎഫ് യോഗത്തില്‍ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദിവ്യയ്‌ക്കെതിരെ അച്ചടക്ക നടപടി സാധ്യത തെളിയുന്നത്.
പരസ്യഅധിക്ഷേപത്തില്‍ മനംനൊന്ത് കണ്ണൂര്‍ എഡിഎം നവീന്‍ബാബു ജീവനൊടുക്കിയ സംഭവത്തില്‍ സിപിഎം നേതാവും ജില്ലാ പഞ്ചായത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യ പ്രതി ചേര്‍ക്കപ്പെട്ടതോടെ സിപിഎമ്മും സര്‍കാരും ഒരുപോലെ പ്രതിരോധത്തിലായിരുന്നു. ഉപതെരഞ്ഞെടുപ്പുകളിലടക്കം വിഷയം ചര്‍ച്ച ചെയ്തു തുടങ്ങിയപ്പോള്‍ തൃശൂരില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രടറിയേറ്റ് യോഗത്തില്‍ പി പി ദിവ്യയോട് അന്വേഷണസംഘത്തിന് മുന്‍പില്‍ ഹാജരാകണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ്, ദിവ്യ പ്രത്യേക അന്വേഷണസംഘത്തിന്റെ മുന്നില്‍ കീഴടങ്ങിയത്.
തലശേരി പ്രന്‍സിപല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയാല്‍ ഹൈകോടതിയെ സമീപിക്കാനായിരുന്നു നേരത്തെ ദിവ്യയുടെ അഭിഭാഷകന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ദിവ്യയെ അന്വേഷണസംഘം ചോദ്യം ചെയ്യാത്തതും പൊലീസ് കസ്റ്റഡിയിലെടുക്കാത്തതും സര്‍കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. സംസ്ഥാന സെക്രടറിയേറ്റില്‍ ജാമ്യഹര്‍ജി തള്ളിയാല്‍ ദിവ്യ പൊലീസില്‍ കീഴടങ്ങണമെന്ന് കര്‍ശന നിര്‍ദേശം കണ്ണൂര്‍ നേതൃത്വത്തിന് നല്‍കിയിരുന്നു. അതിനാല്‍, ജാമ്യഹര്‍ജി തള്ളിയ ഉടന്‍ തന്നെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സര്‍കാരിന് പുറമെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും പി പി ദിവ്യയെ തള്ളിപ്പറഞ്ഞിരുന്നു. സര്‍കാരും സിപിഎമ്മും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് പറയുമ്പോഴും പ്രതിയായ ദിവ്യ പൊലീസില്‍ ഹാജരാകാത്തത് സിപിഎമ്മില്‍ ഏറെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
നവീന്‍ ബാബുവിന്റെ മരണത്തിനുശേഷം സിപിഎം പത്തനംതിട്ട ജില്ലാ കമിറ്റി ദിവ്യക്കെതിരെ കര്‍ശന നിലപാടാണ് സ്വീകരിച്ചത്. ദിവ്യയെ പഞ്ചായത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി പത്തനംതിട്ടയിലെ സിപിഎമ്മിനെ അനുനയിപ്പിക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമിറ്റി ഒരു ശ്രമം നടത്തിയെങ്കിലും അത് സ്വീകാര്യമായില്ല. ദിവ്യയെ പൊലീസ് അറസ്റ്റ് ചെയ്യണമെന്നും പാര്‍ടിതലത്തില്‍ നടപടി വേണമെന്നായിരുന്നു പത്തനംതിട്ട ജില്ലാ കമിറ്റിയുടെ ആവശ്യം.
#ppdivya #cpm #kannur #naveenbabu #keralapolitics #partymeeting #investigation