Criticism | 'ഇൻഡ്യ' സഹകരണം പേരിന്, ഇനി കാരാട്ട് - പിണറായി വഴി; സിപിഎം നയം മാറ്റത്തിൻ്റെ കാരണങ്ങളെന്ത്?
● കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടുകളെ തുറന്നുകാട്ടും.
● സ്വതന്ത്ര ഇടതുപക്ഷ ശക്തിയായി വളരാൻ ലക്ഷ്യമിടുന്നു.
● സിപിഎം പാർട്ടി കോൺഗ്രസിൽ നയമാറ്റം.
സോണി കല്ലറയ്ക്കൽ
(KVARTHA) 'സ്വാഭാവികം. ആകപ്പാടെ ആ പാർട്ടിയിൽ സംഘി അല്ലാത്തത് യച്ചൂരി മാത്രം ആയിരുന്നു. യച്ചൂരി പോയി. ഇനി എല്ലാവരും സംഘമിത്രങ്ങൾ എന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞാൽ അവരെ എങ്ങനെ കുറ്റപ്പെടുത്താനാകും. സീതാറാം യെച്ചൂരി മരിച്ചു കഴിഞ്ഞപ്പോൾ തന്നെ പൊതുജനം വിലയിരുത്തിയതാണ് ഇക്കാര്യം. അതിനാൽ തന്നെ ഇത് അവർക്ക് ഒരു പുത്തരിയൊന്നുമാണെന്ന് തോന്നുന്നില്ല. ബിജെപിക്ക് ഏതിരെ ശക്തമായ നിലപാടെടുത്ത യെച്ചൂരി പോയി. ഇനിയങ്ങോട്ട് ആ നയത്തിൽ നിന്ന് കാര്യമില്ല', സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ കാണുന്ന പ്രതികരണങ്ങളാണ് ഇവ.
ഇപ്പോൾ ലഭിക്കുന്ന വാർത്തയെന്തെന്നാൽ യെച്ചൂരി നയത്തിന് ബൈ ബൈ, 'ഇൻഡ്യ' സഹകരണം' പേരിന്, സിപിഎം നയം മാറ്റത്തിനൊരുങ്ങുന്നുവെന്നാണ്. 'ഇൻഡ്യ' സഖ്യകക്ഷികളോടും കോൺഗ്രസിനോടുമുള്ള നയത്തിലും പാർട്ടി പ്രവർത്തനങ്ങളിലുമാണ് മാറ്റം വരുന്നത്. പാർട്ടി കോൺഗ്രസിനുള്ള രാഷ്ട്രീയ അവലോകന റിപ്പോർട്ടിലാണ് നയം മാറ്റത്തെപ്പറ്റി പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് വരെയുണ്ടായ മൃദുസമീപനങ്ങൾ ഇനി വേണ്ടായെന്ന് റിപ്പോർട്ടിലുണ്ട്. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടുകളെ കൂടുതൽ തുറന്നുകാട്ടണമെന്നും 'ഇൻഡ്യ' സഖ്യവുമായി സഹകരിക്കുന്നത് പാർലമെന്റിലും ചില തിരഞ്ഞെടുപ്പുകളിലും മാത്രം ഒതുങ്ങണം എന്നും റിപ്പോർട്ടിൽ പറയുന്നു.
ഹിന്ദുത്വ ശക്തികളുടെ നയങ്ങളെ തുറന്നുകാട്ടണമെന്നും, ഇസ്ലാമിക മതമൗലിക വാദത്തെ ശക്തമായി ചെറുക്കണമെന്നും റിപ്പോർട്ടിലുണ്ട്. സോഷ്യലിസത്തിലൂന്നി സ്വതന്ത്ര ശക്തി വർധിപ്പിക്കണമെന്നും ഇടതു പാർട്ടികളുടെ ഐക്യത്തിന് മുഖ്യമായും പ്രാധാന്യം നൽകണമെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്. ബിജെപി എന്ന പൊതുശത്രുവിനെ തോൽപിക്കാൻ, അവർക്കെതിരെയുളള രാഷ്ട്രീയസഖ്യങ്ങൾ ശക്തിപ്പെടണം എന്നതായിരുന്നു സീതാറാം യെച്ചൂരിയുടെ നിലപാട്. ഇതനുസരിച്ച് ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധങ്ങളുടെ നിരവധി വേദികളിൽ യെച്ചൂരി സിപിഎമ്മിന്റെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു.
ഇവയിൽ നിന്നെല്ലാം പാർട്ടി മാറുന്നുവെന്ന സൂചനകൾ നൽകുന്നതും, ഇടതുപാർട്ടികളുടെ അസ്തിത്വം ഉറപ്പാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഇന്ത്യ മുന്നണി ദാനം തന്ന തമിഴ്നാട്ടിലെ രണ്ട് സീറ്റ്, രാജസ്ഥാനിലെ ഒരു സീറ്റ് എത്രയും പെട്ടന്ന് രാജി വെച്ച് ഒഴിയാൻ സിപിഎം നേതൃത്വം തയാറാവുമോ എന്ന് വ്യക്തമാക്കുകയാണ് വേണ്ടത്. കോൺഗ്രസിന്റെയും മറ്റ് കക്ഷികളുടെയും സഹായത്താൽ ജയിച്ച മൂന്ന് പാർലമെൻറ് സീറ്റും ഏതാനും നിയമസഭാ സീറ്റും ഉടൻ രാജി വെയ്ക്കുക തന്നെ വേണം.
ഇന്ത്യയിൽ ബിജെപിയുടെ വളർച്ചയ്ക്ക് നല്ലൊരു പങ്കുവഹിച്ചവരാണ് സിപിഎം എന്നും അവരുടെ അടുത്ത ലക്ഷ്യം കേരളത്തിൽ ബിജെപിയെ എങ്ങനെയെങ്കിലും നിയമസഭയിൽ എത്തിക്കുക എന്നതാണെന്നും കോൺഗ്രസ് അനുഭാവികൾ ആരോപിക്കുന്നു. ഇനി കാരാട്ട്, പിണറായി നയം, ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതം. അത് തിരിച്ചറിയാനുള്ള സാമാന്യ ബോധം ഇന്നാട്ടിലെ ജനങ്ങൾക്കുണ്ട്. ഇന്ത്യ സഖ്യത്തിലും എൻ.ഡി.എ സഖ്യത്തിലുമായി രണ്ടു വള്ളത്തിൽ കാലുവച്ചു നിന്നില്ലെങ്കിൽ മാത്രമല്ല, ബിജെപി യെ സുഖിപ്പിച്ചില്ലെങ്കിൽ ലാവ്‌ലിൻ മുതൽ പല കേസുകളും പൊങ്ങും എന്ന് മനസ്സിലാക്കിയുള്ള കളിയെന്നാണ് ആക്ഷേപം.
ഒപ്പം തന്നെ പേരിന് ഇന്ത്യ സഖ്യത്തിൽ നിന്നില്ലെങ്കിൽ കനൽ വരുന്ന തിരഞ്ഞെടുപ്പോടെ കെട്ടടങ്ങും എന്നും സി.പി.എം നേതൃത്വത്തെ ആരും പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ. ഇനി ഇന്ത്യ സഖ്യവുമായി ഒരു ബന്ധവും ഇല്ലാതെ പോയാൽ എങ്കിൽ ഒരു പാർട്ടിയുടെ അസ്തമനം വൈകാതെ കാണുകയും ചെയ്യാം. അതുകൊണ്ടാണീ രണ്ട് വള്ളത്തിൽ കാല് വെച്ചുള്ള കളി. ശരിക്കും സമർത്ഥമായി കളിക്കുന്നു. കേരള മോഡൽ പരസ്പരസഹായ സംഘ മുന്നണി കേന്ദ്രത്തിലും നിലവിൽ വരും. യച്ചൂരി സഖാവിന് അന്ധമായ കോൺഗ്രസ് വിരോധം ഉണ്ടായിരുന്നില്ല.
ശരിക്കും പറഞ്ഞാൽ പെട്ടി ഓട്ടോറിക്ഷയുടെ പെർമിറ്റിൽ നിന്ന് നാഷണൽ പെർമിറ്റിലേക്ക് മാറാൻ വേണ്ടി സി.പി.എം ഇന്ത്യാ സത്യത്തിൽ വന്നു. യെച്ചൂരി മരണപ്പെട്ടു പോയതുകൊണ്ട് കാരാട്ട് ലൈനിൽ തന്നെ സംഗതി പോകട്ടെ. അതാണ് ഇവിടെയുള്ളവരും ആഗ്രഹിച്ചത് എന്ന് ചുരുക്കം. ഭാവിയിൽ എൻ.ഡി.എയുടെ സഖ്യകഷിയാകാൻ പോകുന്നതിന്റെ മുന്നോടിയായുള്ള നയം മാറ്റം എന്ന് വിശേഷിപ്പിച്ചാലും അതിൽ വലിയ അതിശയോക്തി ഉണ്ടെന്നും തോന്നുന്നില്ലെന്നും തകര പാട്ടക്ക് പെയിന്റ് അടിച്ചാലും തുരുമ്പ് എടുക്കുമെന്നും സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരണം കണ്ടു.
എന്നാൽ സിപിഎം അനുകൂലികളുടെ വാദം, പാർട്ടിയുടെ നയങ്ങളിലെ മാറ്റങ്ങൾ ഒരു രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ് എന്നാണ്. ഇന്ത്യയിലെ വൈവിധ്യമാർന്ന രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കിടയിൽ, ബിജെപിയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം നിലപാടുകൾ ശക്തമായി അവതരിപ്പിച്ചിരുന്നത്. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടുകൾക്കെതിരെ ഒരു മുന്നണി രൂപപ്പെടുത്തുകയും ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇടതു കൂട്ടായ്‌മയുമാണ് ലക്ഷ്യമെന്ന് അവർ പറയുന്നു.
സി.പി.എം പോലുള്ള ഇടതുപക്ഷ പാർട്ടികൾക്ക് സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ നേരിടേണ്ട പ്രധാന വെല്ലുവിളിയാണ് ബി.ജെ.പിയുടെ വളർച്ച. ഈ വെല്ലുവിളിയിൽ നിന്ന് മുക്തി നേടാനും ജനകീയ പിന്തുണ നിലനിർത്താനും പാർട്ടിക്ക് പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിൽ, ഇന്ത്യ സഖ്യത്തോടുള്ള സമീപനത്തിൽ മാറ്റം വരുത്തുന്നത് പാർട്ടിയുടെ ഭാവിക്ക് അനിവാര്യമായ ഒരു തീരുമാനമായിരിക്കാമെന്നാണ് ഇടത് അനുകൂലികളുടെ അഭിപ്രായം.
#CPM #IndiaAlliance #KeralaPolitics #IndianPolitics #LeftWing #Congress #BJP