സിപിഎം-ആർഎസ്എസ് നീക്കുപോക്ക് വെളിപ്പെടുത്തിയ എം വി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; മുഖ്യമന്ത്രിയുൾപ്പെടെ കൈവിട്ടതോട തിരുത്തേണ്ടി വന്നെങ്കിലും വിവാദങ്ങൾ കെട്ടടങ്ങുന്നില്ല


● മുഖ്യമന്ത്രി ഗോവിന്ദനെ അനുകൂലിച്ചില്ല.
● എ.കെ.ജി. സെന്ററിൽ വെളിപ്പെടുത്തൽ പിൻവലിച്ചു.
● വിവാദങ്ങൾ പാർട്ടിക്ക് വലിയ തലവേദനയായി.
● ഇ.പി. ജയരാജൻ സംഭവവുമായി താരതമ്യം.
● ഗോവിന്ദനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാൻ ആവശ്യം.
കണ്ണൂർ: (KVARTHA) നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആർ.എസ്.എസ്. പരാമർശം പാർട്ടിയിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നു. എം.വി. ഗോവിന്ദനെതിരെ കേന്ദ്ര കമ്മിറ്റിക്ക് പരാതി ലഭിച്ചതായാണ് വിവരം. സംസ്ഥാനത്തെ ചില അതൃപ്തരായ നേതാക്കളാണ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബിയെ നേരിട്ടും ഇ-മെയിൽ വഴിയും സമീപിച്ചത്.
മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ, അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരുന്നത് തടയാൻ സി.പി.എം. ആർ.എസ്.എസ്. നിയന്ത്രിക്കുന്ന ജനസംഘവുമായി നീക്കുപോക്കുണ്ടാക്കിയിരുന്നുവെന്നും അത് സത്യമാണെന്നും ഗോവിന്ദൻ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തൽ വലിയ വിവാദമാകില്ലേയെന്ന് അഭിമുഖം നടത്തിയ അഭിലാഷ് മോഹൻ ചോദിച്ചപ്പോൾ, സത്യം പറയുന്നതിൽ തനിക്ക് യാതൊരു ഭയവുമില്ലെന്നായിരുന്നു ഗോവിന്ദന്റെ മറുപടി.
ജമാഅത്തെ ഇസ്ലാമി യു.ഡി.എഫിന് പിന്തുണ നൽകിയത് നിലമ്പൂർ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. പ്രധാന പ്രചാരണായുധമാക്കിയ സാഹചര്യത്തിൽ, സംസ്ഥാന സെക്രട്ടറിയുടെ ഈ പ്രതികരണം യു.ഡി.എഫിന് തിരിച്ചടിക്കാൻ അവസരം നൽകി. ഇതോടെയാണ് എം.വി. ഗോവിന്ദന്റെ പരാമർശത്തിനെതിരെ പാർട്ടിക്കുള്ളിൽ നിന്നും രൂക്ഷ വിമർശനമുയർന്നത്.
കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ എം.വി. ഗോവിന്ദനെതിരെ വിമർശനമുയർന്നുവെന്നാണ് പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രി ഉൾപ്പെടെ ആരും ഗോവിന്ദനെ അനുകൂലിച്ചില്ലെന്നും സൂചനയുണ്ട്. ഇതേത്തുടർന്ന് പിറ്റേ ദിവസം പാർട്ടി നിർദ്ദേശപ്രകാരം എ.കെ.ജി. സെന്ററിൽ മറ്റൊരു വാർത്താസമ്മേളനം വിളിച്ച് അദ്ദേഹം പറഞ്ഞതെല്ലാം വിഴുങ്ങേണ്ടി വന്നു. എന്നാൽ, വിവാദങ്ങൾ അവസാനിക്കാത്തത് പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് പോളിങ് ദിവസം പ്രകാശ് ജാവദേക്കറുമായി താൻ കൂടിക്കാഴ്ച നടത്തിയെന്ന കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. ഇതിനെത്തുടർന്ന് എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ നടന്ന നീക്കങ്ങൾക്കൊടുവിലാണ് ഇ.പി.യെ എൽ.ഡി.എഫ്. കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത്.
ഇപ്പോൾ അതിന് സമാനമായ ആരോപണമാണ് എം.വി. ഗോവിന്ദനും നേരിടുന്നത്. അതുകൊണ്ടുതന്നെ, ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് ഇ.പി.യെ അനുകൂലിക്കുന്നവരുടെ ആവശ്യം. ഈ കാര്യം ഇ-മെയിൽ വഴിയും നേരിട്ടും സംസ്ഥാനത്തിലെ ചില നേതാക്കൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary (English): MV Govindan's revelation of CPM-RSS ties sparks controversy within the party, facing complaints to central committee.
#CPMKerala #MVGovindan #RSSControversy #KeralaPolitics #NilamburByElection #PoliticalUproar