CPM | ഇരുകാലില്‍ മന്തുളള പി ബി ഒറ്റക്കാലില്‍ മന്തുളള പിണറായിയെും ഗോവിന്ദനെയും വെള്ളത്തില്‍ കാലുറപ്പിച്ചു വിമര്‍ശിക്കുന്നു; തെറ്റുതിരുത്താന്‍ കാരണങ്ങള്‍ കണ്ടെത്തുമ്പോള്‍ സിപിഎമ്മില്‍ സംഭവിക്കുന്നത്
പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ പാലക്കാടും കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്ക് പത്തനംതിട്ടയിലും വന്‍പരാജയമേറ്റുവാങ്ങിയതാണ് പൊളിറ്റ്ബ്യൂറോയെ പ്രകോപിപ്പിച്ചത്
നവോദിത്ത് ബാബു
തിരുവനന്തപുരം: (KVARTHA) സി.പി.എം ഭരിക്കുന്ന കേരളത്തില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ വോട്ടിങ് ഷെയറിലെ വളര്‍ച്ചയും തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പും മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെയും നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യുന്നു. കഴിഞ്ഞദിവസം നടന്ന പൊളിറ്റ്ബ്യൂറോ യോഗത്തില്‍ ഇരുവരെയും നിര്‍ത്തിപൊരിക്കുകയായിരുന്നു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരിയും സംഘവുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ പാലക്കാടും കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്ക് പത്തനംതിട്ടയിലും വന്‍പരാജയമേറ്റുവാങ്ങിയതാണ് പൊളിറ്റ്ബ്യൂറോയെ പ്രകോപിപ്പിച്ചത്. നേരത്തെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഇടതു നയവ്യതിയാനങ്ങളില്‍ അതൃപ്തിയുണ്ടായിരുന്നുവെങ്കിലും ഉഗ്രപ്രതാപിയായ പിണറായിയെ പേടിച്ചു പി ബി അംഗങ്ങള്‍ വിമര്‍ശിച്ചിരുന്നില്ല. എന്നാല്‍ കേരളത്തില്‍ ഭരണവിരുദ്ധവികാരമുണ്ടായെന്ന പി ബിയുടെ വൈകിയുളള തിരിച്ചറിവ് പിണറായിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെയും തൊലിയുരിച്ചു വിട്ടിരിക്കുകയാണ്.
പിണറായി ഭരണം തുടര്‍ന്നാല്‍ കേരളത്തില്‍ പാര്‍ട്ടിക്ക് വലിയ ഭാവിയൊന്നുമില്ലെന്ന കണ്ടെത്തല്‍ വരും നാളുകളില്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും വന്‍അഴിച്ചു പണിക്ക് തന്നെ ഇടയാക്കിയേക്കും. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച പാര്‍ട്ടിക്ക് തിരിച്ചറിയാന്‍ കഴിയാഞ്ഞത് എന്തുകൊണ്ടെന്ന് പിബി യോഗം ചോദ്യമുന്നയിച്ചത് ഇതിന്റെ മുന്നോടിയായാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കേരളത്തിലെ സാഹചര്യം ഗുരുതരമാണ്. പാര്‍ട്ടിക്കെതിരായ വികാരം താഴെ തട്ടില്‍ മനസിലാകാത്തത് എന്തുകൊണ്ടെന്ന് പഠിക്കും. തുടര്‍ച്ചയായ രണ്ടാം ലോക്‌സഭയിലും തിരിച്ചടി എങ്ങനെ സംഭവിച്ചുവെന്നു പഠിക്കണമെന്നും പിബിയോഗത്തില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന ബാനറില്‍ പ്രചരണം നടത്തിയ സി.പി.എമ്മിന് രാജസ്ഥാനില്‍ ഒന്നും തമിഴ്‌നാട്ടില്‍ രണ്ടും കേരളത്തില്‍ ഒരുസീറ്റുമാണ് ലഭിച്ചത്. ഇതില്‍ കേരളത്തില്‍ സ്വന്തം കാലിലും തമിഴ്‌നാട്ടില്‍ ഡി.എം.കെ സഹായത്തോടെയും രാജസ്ഥാനില്‍ കോണ്‍ഗ്രസ് ദാനം നല്‍കിയ സീറ്റിലുമാണ് ജയിച്ചത്. പാര്‍ട്ടി കാല്‍നൂറ്റാണ്ടിലേറെ ഭരിച്ച ബംഗാളിലും ത്രിപുരയിലും നിലം തൊട്ടില്ല. എ കെ ജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഡല്‍ഹിയില്‍ പോലും ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്യേണ്ട ഗതികേടിലായിരുന്നു പാര്‍ട്ടി. ഈ സാഹചര്യത്തിലാണ് ദേശീയതലത്തില്‍ പരുങ്ങിലിലായ സി.പി.എം അഖിലേന്ത്യ നേതൃത്വം ആകെയുണ്ടായിരുന്ന സംസ്ഥാനമായ കേരളത്തിലെ തിരിച്ചടി പരിശോധിക്കുന്നത്.