Political Feud | അന്‍വറിനെതിരെ ഒറ്റക്കെട്ടായി കണ്ണൂരിലെ നേതാക്കള്‍, പാര്‍ടി പ്രതിരോധിക്കുമെന്ന് മുന്നറിയിപ്പ്

 
CPM Leaders Launch Scathing Attack on PV Anwar
CPM Leaders Launch Scathing Attack on PV Anwar

Photo Credit: Facebook/ PV ANVAR

● നയവഞ്ചകനെന്ന് പി ജയരാജന്‍. 
● ഉത്തരം താങ്ങുന്ന പല്ലിയെന്ന് വികെ സനോജ്.
● ശത്രുക്കളുടെ കൈക്കോടാലിയായി മാറിയെന്ന് എംവി ജയരാജന്‍. 

കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയനെ (Pinarayi Vijayan) ടാര്‍ഗറ്റ് ചെയ്ത് പിവി അന്‍വര്‍ (PV Anvar) എംഎല്‍എ നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കണ്ണൂരിലെ നേതാക്കള്‍. പാര്‍ടി സംസ്ഥാന കമിറ്റി അംഗം പി ജയരാജന്‍ (P Jayarajan), ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രടറി വി കെ സനോജ് (VK Sanoj), കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍ (MV Jayarajan) എന്നിവരാണ് കടുത്ത ഭാഷയില്‍ പ്രതികരണവുമായി രംഗത്തുവന്നത്. 

അന്‍വറിനെ പാര്‍ടി പ്രതിരോധിക്കുമെന്ന് പി ജയരാജന്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ അന്‍വര്‍ പാര്‍ടി ശത്രുക്കളുടെ കൈക്കോടാലിയായി മാറിയെന്ന് എം വി ജയരാജന്‍ ആരോപിച്ചു. അന്‍വര്‍ ഉത്തരം താങ്ങുന്ന പല്ലിയാണെന്നായിരുന്നു ഡിവൈഎഫ്‌ഐ നേതാവ് വി കെ സനോജിന്റെ പരിഹാസം. 

അന്‍വറിനെതിരെ കടുത്ത വിമര്‍ശനവും മുന്നറിയിപ്പുമാണ് പി ജയരാജന്‍ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പിവി അന്‍വര്‍ എംഎല്‍എയെ നയവഞ്ചകനായാണ് സിപിഎം സംസ്ഥാന കമിറ്റി അംഗം പി ജയരാജന്‍ തുറന്ന് വിമര്‍ശിച്ചത്. അന്‍വര്‍ എംഎല്‍എ, സിപിഎമ്മിനേയും ഇടതുപക്ഷത്തേയും സ്‌നേഹിക്കുന്ന ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ടുള്ള നിലപാടാണ് തുടര്‍ച്ചയായി കൈക്കൊള്ളുന്നതെന്നും ജയരാജന്‍ ആരോപിച്ചു. 

ഇന്നലത്തെ വാര്‍ത്തസമ്മേളനത്തോടെ അന്തരിച്ച നേതാവിനേയും ജീവിച്ചിരിക്കുന്ന നേതാക്കളേയും രണ്ട് തട്ടിലാക്കി ചിത്രീകരിച്ച് അന്‍വര്‍ കൂടുതല്‍ പരിഹാസ്യനായിരിക്കുന്നുവെന്നും പി ജയരാജന്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ വലതുപക്ഷത്തിന്റെ ശൈലിയാണ് അന്‍വര്‍ പിന്‍തുടരുന്നത്. അതുവഴി തന്നെ തിരഞ്ഞെടുത്ത ജനങ്ങളെയാണ് വഞ്ചിച്ചിട്ടുള്ളത്. ഇതിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. പരിഹാസ്യമായ വാദഗതികള്‍ അന്‍വര്‍ ഉന്നയിക്കുന്നുണ്ട്. അതിലൊന്ന്, തന്നെ പൊലീസ് പിന്‍തുടരുന്നു എന്നുള്ളതാണ്. സ്ഥിരം ഗണ്‍മാനുള്ള താങ്കളെ പോലീസ് പിന്‍തുടരേണ്ട ആവശ്യകതയെന്താണ്? പ്രമുഖ സ്വാതന്ത്ര്യസമര സേനാനി സ: കെപിആര്‍ ഗോപാലന്‍ എംഎല്‍എ ആയിരിക്കുന്ന ഘട്ടത്തില്‍ നടത്തിയ അപവാദപ്രചരണങ്ങളെപ്പോലും അതിജീവിച്ച സിപിഎമ്മിന് അന്‍വര്‍ നടത്തുന്ന അപവാദ പ്രചരണങ്ങള്‍ നേരിടാന്‍ നല്ല ശേഷിയുണ്ടെന്നും മനസിലാക്കണം.

മുഖ്യമന്ത്രി സഖാവ് പിണറായിയെ പിതൃതുല്യനായി കണ്ടിരുന്ന അന്‍വറിന്, താന്‍ കൈക്കൊണ്ട തെറ്റായ നിലപാട് തുറന്ന് കാണിച്ചപ്പോഴാണോ പുതിയ ബോധോദയമുണ്ടായത്. പാര്‍ടി ശത്രുക്കളുടെ പാവയാകാന്‍ ആര്‍ക്കും കഴിയും. പാര്‍ടിയെ തകര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായാണ് അന്‍വര്‍ സ്വയം മാറിയിരിക്കുന്നത്. ഇപ്പോള്‍ തീയാകേണ്ടത് സിപിഎമ്മിനെ ഹൃദയത്തിലേറ്റുന്ന ഓരോ മനുഷ്യരുമാണ്.


പാര്‍ടി ശത്രുക്കള്‍ക്ക് അമ്മാനമാടാന്‍ വിട്ടുകൊടുക്കേണ്ട ഒന്നല്ല നമ്മുടെ പാര്‍ടിയും നേതൃത്വവും. അത് നമ്മുടെ രക്തമാണ്; ജീവനാണ്. ആ ജീവനെ ചേര്‍ത്തുപിടിച്ച്, ധീര രക്തസാക്ഷികളുടെ ഹൃദയ രക്തത്തെ സാക്ഷി നിര്‍ത്തി, നമുക്ക് പ്രതിജ്ഞ ചെയ്യാം- ഒറ്റുകാരുടെയും ശത്രുക്കളുടെയും അപവാദ പ്രചാരണങ്ങളിലും ചതി പ്രയോഗങ്ങളിലും  കടന്നാക്രമണങ്ങളിലും തെല്ലും പതറിപ്പോകാതെ ഈ ചെങ്കൊടി ഇനിയും ഉയര്‍ത്തിപ്പിടിച്ച് പോരാട്ടം തുടരുമെന്ന്- പി ജയരാജന്‍ തന്റെ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

#KeralaPolitics #CPM #PVAnwar #PinarayiVijayan #IndianPolitics #politicalcrisis #partysplit

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia