Conference | സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം തളിപ്പറമ്പിൽ ഫെബ്രുവരി 1ന് തുടങ്ങും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ഗതാഗത കുരുക്ക് ഒഴിവാക്കാൻ ബഹുജന പ്രകടനം ഒഴിവാക്കി

 
 MV Jayarajan at the press meet about CPM Kannur district conference
 MV Jayarajan at the press meet about CPM Kannur district conference

Photo: Arranged

● തളിപ്പറമ്പിൽ മൂന്ന് പതിറ്റാണ്ടിനു ശേഷമാണ് പാർട്ടി സമ്മേളനം നടക്കുന്നത്.
● 15,000 റെഡ് വളണ്ടിയർമാരുടെ മാർച്ച് സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും
● കോടിയേരി ബാലകൃഷ്ണൻ നഗറിലും സീതാറാം യെച്ചൂരി നഗറിലുമാണ് സമ്മേളനം.

തളിപ്പറമ്പ്: (KVARTHA) സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള കണ്ണൂര്‍ ജില്ലാ സമ്മേളനം ഫെബ്രുവരി ഒന്നിന് തളിപ്പറമ്പ് പൂക്കോത്ത് നടക്ക് സമീപം കോടിയേരി ബാലകൃഷ്ണന്‍ നഗറിലും (കെകെഎന്‍ പരിയാരം സ്മാരക ഹാളില്‍) പൊതുസമ്മേളനം ഫെബുവ്രരി മൂന്നിന് വൈകുന്നേരം നാല് മണി മുതല്‍ സീതാറാം യെച്ചൂരി നഗറിലും (ഉണ്ടപ്പറമ്പ് മൈതാനം) നടക്കുമെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രണ്ട് സമ്മേളനങ്ങളും കേരള മുഖ്യമന്ത്രിയും പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മൂന്നുപതിറ്റാണ്ടിനുശേഷം തളിപ്പറമ്പ് ആതിഥ്യമരുളുന്ന പാര്‍ട്ടി സമ്മേളനത്തിന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ ചെയര്‍മാനും കെ സന്തോഷ് കണ്‍വീനറുമായ സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് ഏരിയക്ക് കീഴിലെ മുഴുവന്‍ ലോക്കലുകളിലും രാജ്യം നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ബദല്‍ നയങ്ങളെക്കുറിച്ചും നവകേരള നിര്‍മിതിയെക്കുറിച്ചുമുള്‍പ്പെടെ ആനുകാലികമായ വിവിധ വിഷയങ്ങളില്‍ 16 സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

വന്‍ ബഹുജനപങ്കാളിത്തത്തോടെ കേന്ദ്ര കമ്മിറ്റിയംഗങ്ങളുള്‍പ്പടെ പ്രമുഖരായ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്താണ് സെമിനാറുകള്‍ നടന്നത്. കഴിഞ്ഞ ദിവസം ഏഴാംമൈലില്‍ സ്ത്രീകള്‍ ജനാധിപത്യ ഇന്ത്യയില്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറോടെയാണ് സെമിനാറുകള്‍ സമാപനമായത്. കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചറാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. 

ചിന്ത പബ്ലിഷേഴ്സിന്റെ നേതൃത്വത്തില്‍ പുസ്തകോത്സവം വെള്ളിയാഴ്ച്ച മുതല്‍ ടൗണ്‍ സ്‌ക്വയറില്‍ ആരംഭിച്ചു.
എം വിജിന്‍ എം എല്‍എ ഉദ്ഘാടനംചെയ്തു. പുസ്തകോത്സത്തിന്റെ ഭാഗമായി പുസ്തക ചര്‍ച്ചയും മറ്റ് കലാപരിപാടികളും സമ്മേളനം തീരുന്ന ദിവസംവരെ ടൗണ്‍സ്‌ക്വയറില്‍ നടക്കും. സ്തൂപത്തില്‍ നിന്നും വളണ്ടിയര്‍മാരുടേയും അത്‌ലറ്റുകളുടേയും നേതൃത്വത്തില്‍ ജനുവരി 31 ന് വൈകുന്നേരം 6 മണിക്ക് തളിപ്പറമ്പ് പ്ലാസ ജംഗ്ഷനില്‍ എത്തിച്ചേരും.

തുടര്‍ന്ന് ബാന്റ്‌മേളത്തിന്റെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയായ സീതാറാം യെച്ചൂരി നഗറിനെ ലക്ഷ്യമാക്കി നീങ്ങും. സ്വാഗതസംഘം ചെയര്‍മാന്‍ ടി.കെ ഗോവിന്ദന്‍ മാസ്റ്റര്‍ സമ്മേളന നഗറില്‍ പതാക ഉയര്‍ത്തും. തളിപ്പറമ്പ് നഗരത്തിന്റെ സൗകര്യക്കുറവ് പരിഗണിച്ച് സമ്മേളനത്തിന്റെ ഭാഗമായി നടക്കേണ്ട ശക്തിപ്രകടനം വേണ്ടെന്നുവെച്ചതായി എം വി ജയരാജന്‍ അറിയിച്ചു. പകരം 15,000 റെഡ് വളണ്ടിയര്‍മാരുടെ മാര്‍ച്ച് മാത്രമാണ് നടക്കുക. ചിറവക്ക് ഗ്രൗണ്ടില്‍ നിന്നും കാക്കാത്തോട് ബസ്റ്റാന്റില്‍ നിന്നുമാണ് മാര്‍ച്ച് ആരംഭിക്കുക.

ഈ സമയം ഗതാഗത തടസം ഒഴിവാക്കാനായി റോഡിന്റെ ഒരു ഭാഗത്തുകൂടി മാത്രമായിരിക്കും മാര്‍ച്ച് കടന്നുപോകുക. പൊതുജനങ്ങളള്‍ക്ക് യാത്രാസൗകര്യം ഉറപ്പുവരുത്തും. റോഡിന്റെ ഒരുഭാഗത്തുകൂടി ഗതാഗതത്തിന് കടന്നുപോകാന്‍ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ കൂടുതലായി സംഘടനാരംഗത്തും ഭരണരംഗത്തും എത്തിക്കുന്നതില്‍ സിപിഎം തന്നെയാണ് ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നതെന്നും കൂടുതല്‍ വനിതകളെ നേതൃരംഗത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മുന്നു വര്‍ഷത്തിനിടയില്‍ പാര്‍ട്ടിയുടെയും വര്‍ഗ-ബഹുജനസംഘടനകളുടെയും അടിത്തറ വളരെയേറെ വിപുലമായിട്ടുണ്ടെന്നും എം വി ജയരാജന്‍ പറഞ്ഞു സംഘാടകസമിതി ചെയര്‍മാന്‍ ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, ജനറല്‍ കണ്‍വീനര്‍ കെ.സന്തോഷ്, പി.മുകുന്ദന്‍, പി.കെ.ശ്യാമള ടീച്ചര്‍, ടി.ബാലകൃഷ്ണന്‍, വി.ബി.പരമേശ്വരന്‍, കെ.ദാമോദരന്‍ മാസ്റ്റര്‍, ഒ.സുഭാഗ്യം, എന്‍.അനൂപ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

CPM Kannur district conference will begin on February 1st in Thaliparamba. Chief Minister Pinarayi Vijayan will inaugurate the event. A mass rally has been cancelled to avoid traffic congestion.

#CPMKannur #KeralaPolitics #PinarayiVijayan #Thaliparamba #CPMCongress #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia