Allegation | പാലക്കാട്ടെ സ്പിരിറ്റ് കടത്ത് സിപിഎമ്മിന് സെല്‍ഫ് ഗോളാകുമോ?
● മൂന്ന് മുന്നണികളും രാഷ്ട്രീയം പറയാതെ വിവാദങ്ങളുടെ പിറകെ.
● ബിജെപിക്കെതിരെ സിപിഎം ഒന്നും പറയുന്നില്ല.
● സിപിഎമ്മിനെതിരെ ബിജെപിയും പ്രതികരിക്കുന്നില്ല.
അർണവ് അനിത
(KVARTHA) പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും രാഷ്ട്രീയം പറയാതെ വിവാദങ്ങളും ആരോപണങ്ങളും സൃഷ്ടിച്ച്, ജനശ്രദ്ധ തിരിക്കാന്‍ നാടകം കളിക്കുന്നു. അതിന്റെ ഏറ്റവും പുതിയ എപ്പിസോഡാണ് സ്പിരിറ്റ് വേട്ട. എക്‌സൈസ് മന്ത്രി എംബി രാജേഷ് പാലക്കാട് ജില്ലക്കാരനായിട്ടും ഇതൊന്നും നിയന്ത്രിക്കാനാകുന്നില്ല. അതിന്റെ ജാള്യത മറയ്ക്കാന്‍ മദ്യം ഒഴുക്കി കോണ്‍ഗ്രസ് വോട്ട് പിടിക്കുകയാണെന്നാണ് അദ്ദേഹം ആക്ഷേപിക്കുന്നത്. പാലക്കാട്ടുകാരെ അധിക്ഷേപിക്കുന്നതിന് തുല്യമാണത്. കാരണം അവരെല്ലാം കള്ള് വാങ്ങിക്കുടിച്ച് വോട്ട് ചെയ്യുന്നവരാണെന്നാണ് മന്ത്രി പറഞ്ഞതിന്റെ അര്‍ത്ഥമെന്നാണ് പ്രതിപക്ഷ ആരോപണം.
ഇത് ഉത്തരേന്ത്യയല്ല, ഇവിടുത്തെ ജനങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയ ബോധ്യമുണ്ട്. അതിനനുസരിച്ചാണ് അവര്‍ വോട്ട് ചെയ്യുന്നത്. സിപിഎമ്മിന് യാതൊരു രാഷ്ട്രീയവും പറയാനില്ല. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍, മതേതരത്വം ശക്തമായി ഉയര്‍ത്തിപ്പിടിച്ച് വോട്ട് തേടേണ്ടതിന് പകരം ട്രോളിക്കും സ്പിരിറ്റിനും പിന്നാലെ പോവുകയും അതുവഴി കോണ്‍ഗ്രസിനെയും അവരുടെ സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെയും താരങ്ങളാക്കി കൊണ്ടിരിക്കുകയുമാണ്.
ബിജെപിക്കെതിരെ സിപിഎം ഒന്നും പറയുന്നില്ല, സിപിഎമ്മിനെതിരെ ബിജെപിയും പ്രതികരിക്കുന്നില്ല. രണ്ട്കൂട്ടരം രാഹുല്‍ മാങ്കൂട്ടത്തിലിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഇത് കാണുന്ന ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യമായിട്ടുണ്ട്. രാഹുല്‍ ജയിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഇത്തരത്തില്‍ വേട്ടയാടുന്നതെന്ന്. ഇത്തരം പരിപാടികളില്‍ സിപിഎമ്മിന് അകത്തു തന്നെ ഭിന്നാഭിപ്രായമുണ്ട്.
ജില്ലാ സെക്രട്ടറി സുരേഷ് പറയുന്നതിന് വിരുദ്ധമായാണ് മുതിര്‍ന്ന നേതാവ് എന്‍എന്‍ കൃഷ്ണദാസ് പറയുന്നത്. കൃഷ്ണദാസ് സംസ്ഥാന നേതൃത്വത്തിനെതിരെ വരെ ആഞ്ഞടിച്ചു. ട്രോളിയുടെ പിന്നാലെ പോകാതെ വികസനം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന സെക്രട്ടറി അത് പരസ്യമായി തിരുത്തി. എംബി രാജേഷും കൃഷ്ണദാസും തമ്മിലുള്ള ഭിന്നത രൂക്ഷമാണ്. പി.കെ ശശിയെ തരംതാഴ്ത്തിയത് കൊണ്ട് തമ്മിലടി അല്‍പം കുറഞ്ഞെന്ന് പറയാം.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഇടത് സ്ഥാനാര്‍ത്ഥി പി.സരിനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറും ചിത്രത്തിലേയില്ല. എവിടെയും രാഹുല്‍ മാങ്കൂട്ടത്തില്‍ മാത്രമാണ്. അതിനുള്ള വഴിവെട്ടിക്കൊടുത്തത് സിപിഎമ്മാണ്. ഭരണപരാജയവും പിപി ദിവ്യയുടെ കേസും പാര്‍ട്ടിയെ വല്ലാതെ പ്രതിരോധത്തിലാക്കിയിരിക്കുന്നു. മുഖം രക്ഷിക്കാനായി ദിവ്യയ്‌ക്കെതിരെ കടുത്തനിലപാട് പാര്‍ട്ടിക്ക് സ്വീകരിക്കേണ്ടിവന്നു. എന്നിട്ടും അക്കാര്യത്തിലും പാര്‍ട്ടി രണ്ട് തട്ടിലാണ്.
ആത്മഹത്യ ചെയ്ത, മുന്‍ എഡിഎം കൈക്കൂലി വാങ്ങിയില്ലെന്ന് റവന്യൂ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും ഇക്കാര്യത്തില്‍ രണ്ട് അഭിപ്രായമുണ്ടെന്നാണ് ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറയുന്നത്. ദിവ്യയെ ജിയിലില്‍ നിന്ന് സ്വീകരിച്ച് ആനയിക്കാന്‍ സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാഷുടെ ഭാര്യ അടക്കമാണ് ചെന്നത്. ഇതൊക്കെ ആളെ പറ്റിക്കാന്‍ ചെയ്യുന്ന പരിപാടിയാണെന്ന് നാട്ടുകാര്‍ക്കറിയാം.
മാത്രമല്ല, പെട്രോള്‍ പമ്പ് അനുവദിച്ച കാര്യത്തില്‍ ഉടമയായ പ്രശാന്തന് പിന്നില്‍ ആരൊക്കെയാണെന്നും ഇയാളുടെ പേരില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതും വ്യാജ ഒപ്പിട്ടതും ആരാണെന്ന് കണ്ടെത്താന്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. നവീന്‍ബാബുവിന്റെ കുടുംബം ഇക്കാര്യം മുന്നോട്ടുവയ്ക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ സിപിഎം വലിയ പ്രതിസന്ധിയിലാകും.
പാലക്കാട്ട് കുടുംബ സദസുകളില്‍ കോണ്‍ഗ്രസ് പിപി ദിവ്യയ്‌ക്കെതിരെ ശക്തമായ പ്രചരണമാണ് നടത്തുന്നത്. അത് കൂടി മനസിലാക്കിയാണ് തിടുക്കത്തില്‍ നടപടി എടുത്തത്. ഇതൊക്കെ മറയ്ക്കാനാണ് ട്രോളി ബാഗും സ്പിരിറ്റും ചര്‍ച്ചയാക്കിയത്. പാലക്കാട് സ്പിരിറ്റും കള്ളപ്പണവും ഒഴുകുന്നുണ്ടെങ്കില്‍ അത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണ്. 1400 കള്ള് ഷാപ്പുകളാണ് സംസ്ഥാനത്തുള്ളത്. ഇവിടങ്ങളിലേക്ക് കള്ള് കൊണ്ടുപോകുന്നത് പാലക്കാട് നിന്നാണ്.
അതിനുമാത്രമുള്ള കള്ള് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇക്കാര്യം സിപിഎം ഇപ്പോഴാണോ അറിഞ്ഞത്, അല്ലല്ലോ? ഇതെല്ലാം പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അറിവോടെയാണ് നടക്കുന്നതെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. കൊഴിഞ്ഞാമ്പാറ ശ്രീധരന്‍ എന്നയാള്‍ കടത്തിയ സ്പിരിറ്റാണ് കഴിഞ്ഞദിവസം പിടികൂടിയത്. ഇയാള്‍ സിപിഎമ്മുകാരനാണ്. പക്ഷെ, സ്പിരിറ്റ് കണ്ടെടുത്തത് കോണ്‍ഗ്രസുകാരന്റെ പറമ്പില്‍ നിന്നാണ്, അത് അവരും സമ്മതിക്കുന്നു. അങ്ങനെ മൊത്തത്തില്‍ സിപിഎം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാകുന്ന സ്ഥിതിയാണ് പാലക്കാട്ട് കണ്ടുവരുന്നത്.
കോണ്‍ഗ്രസില്‍ നിന്ന് വന്ന ഒരാളെ പെട്ടെന്ന് സ്ഥാനാര്‍ത്ഥിയാക്കിയതും സിപിഎമ്മിനുള്ളില്‍ പ്രശ്‌നമാണ്. എന്‍എന്‍ കൃഷ്ണദാസ് അടക്കമുള്ളവര്‍ക്ക് ഇതില്‍ അതൃപ്തിയുണ്ട്. അതുകൊണ്ടാണ് പലപ്പോഴും പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനകള്‍ അദ്ദേഹം നടത്തുന്നത്. കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ അര്‍ദ്ധരാത്രി പരിശോധന നടത്തിയത് വലിയ നാണക്കേടായി. ഷാനിമോള്‍ ഉസ്മാനും ബിന്ദുകൃഷ്ണയും പരാതിയുമായി മുന്നോട്ട് പോയാല്‍ ആദ്യം പൊലീസും അവരെ പറഞ്ഞയച്ചവര്‍ക്കും പണിയാകും. ഇതിനെല്ലാം പുറമെയായിരിക്കും തെരഞ്ഞെടുപ്പ് തോല്‍വി. ഇത്തവണയും മൂന്നാം സ്ഥാനത്ത് തന്നെയാകുമെന്നാണ് രാഷ്ട്രീയനിരീകഷകര്‍ വിലയിരുത്തുന്നത്.
#Palakkad #CPM #KeralaPolitics #Corruption #Election #SpiritSmuggling