Controversy | അന്‍വറിന്റെ ലക്ഷ്യം മൂന്നാമൂഴം അട്ടിമറിക്കുകയാണോ?
● മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണങ്ങൾ
● സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെയും വിമർശനം
● ആരോപണങ്ങൾ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി
ആദിത്യൻ ആറന്മുള
(KVARTHA) പാര്‍ട്ടിയേയും സര്‍ക്കാരിനെയും ശുദ്ധീകരിക്കയും ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വെളിപ്പെടുത്തലുകള്‍ നടത്തിയതെന്നാണ് പി വി അന്‍വര്‍ എംഎല്‍എ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് മുഖ്യമന്ത്രിക്ക് ആദ്യമേ സംശയം തോന്നിയിരുന്നു. അത് ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. അന്‍വര്‍ സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച് കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഎമ്മിനെയും മുഖ്യമന്ത്രയേയും വല്ലാതെ പ്രതിസന്ധിയിലാക്കി. സാധാരണ ഇത്തരത്തിലുള്ളവരോട് വളരെ രൂക്ഷമായി പ്രതികരിക്കുന്നതാണ് പതിവ്.
പിസി ജോര്‍ജ് അടക്കമുള്ളവരുടെ കാര്യം പരിശോധിച്ചാലതറിയാം. എന്നാല്‍ അന്‍വറിനെതിരെ വളരെ സംയമനത്തോടെയാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ പ്രതികരിച്ചത്. കാരണം അന്‍വര്‍ അവസാനം ഉയര്‍ത്തിയ രാഷ്ട്രീയ ചോദ്യങ്ങള്‍ അത്തരത്തിനുള്ളതാണ്. സിപിഎമ്മിന്റെ മലപ്പുറം ജില്ലാ സെക്രട്ടറി മോഹന്‍ദാസ് ആര്‍എസ്എസ് മനസ്സുള്ളവനാണ്, ഇതിന്റെ പേരില്‍ ജില്ലാ സെക്രട്ടറിയേറ്റിലെ ഒരംഗം മോഹന്‍ദാസിന്റെ കോളറിന് പിടിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ താമസിയാതെ വെളിപ്പെടുത്തുമെന്നും പറഞ്ഞു.
നിലമ്പൂര്‍ മേഖലയിലെ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് താന്‍ പണം നല്‍കുന്നതിനെ മോഹന്‍ദാസ് എതിര്‍ത്തു, പാര്‍ട്ടി പരിപാടികള്‍ക്കിടെ താന്‍ നിസ്‌ക്കരിക്കാന്‍ പോകുന്നത് മോഹന്‍ദാസിന് ഇഷ്ടമല്ലെന്നും തുറന്നടിച്ചു. ഇത് സിപിഎമ്മിനെ വലിയ കുഴിയിലാണ് കൊണ്ട് ചാടിച്ചിരിക്കുന്നത്. അതായത് പിണറായി വിജയന്‍ 2016ല്‍ അധികാരത്തിലേറിയതിന് പിന്നാലെ അദ്ദേഹവും ബിജെപിയും ആര്‍എസ്എസുമായി ധാരണയുണ്ടാക്കിയെന്നും അതിന്റെ ഭാഗമായാണ് ലോക്‌നാഥ് ബഹ്‌റയെ ഡിജിപിയാക്കിയതെന്ന് അന്നത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ആദ്യം ആരോപിച്ചത്. എന്നാല്‍ കേരളജനത അത് വിശ്വാസത്തിലെടുത്തില്ല.
ലാവ്‌ലിന്‍ കേസ് പിണറായി വിജയന്റെ തലയ്ക്ക്‌മേല്‍ വാളോങ്ങി നില്‍ക്കുന്നതിനാല്‍ അതില്‍ നിന്ന് രക്ഷപെടുന്നതിനാണ് ബിജെപി ബാന്ധവം എന്നായിരുന്നു കോണ്‍ഗ്രസ് അതിന് തെളിവായി ചൂണ്ടിക്കാട്ടിയത്. കേന്ദ്രസര്‍ക്കാര്‍ ലാവ്‌ലിന്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ പിണറായിക്കും സംസ്ഥാന സര്‍ക്കാരിനും എതിരെ ശക്തമായ നടപടിയെടുക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷെ, അത് സിപിഎമ്മുമായുള്ള രഹസ്യധാരണ കൊണ്ടല്ല, സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയാല്‍ അതിന്റെ ഗുണം കോണ്‍ഗ്രസിനായിരിക്കും ലഭിക്കുക എന്ന് ബിജെപിക്കറിയാം. അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്. അതിനെ രാഷ്ട്രീയമായി മുതലെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്.
ലൈഫ് മിഷന്‍ കോഴ, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, സ്വര്‍ണക്കടത്ത്, ഡോളര്‍കടത്ത്, മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആദിയനികുതി, ഇഡി, എസ്എഫ്‌ഐഒ കേസുകളില്‍ അന്വേഷണം വെറും പ്രഹസനമാവുകയും ബിജെപി നേതാക്കള്‍ക്കെതിരായ കൊടകര കുഴല്‍പ്പണക്കേസിലും കെ.സുരേന്ദ്രനെതിരായ തെരഞ്ഞെടുപ്പ് കോഴക്കേസും സംസ്ഥാന സര്‍ക്കാര്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാത്തതും ജനങ്ങള്‍ക്കിടയില്‍ സംശയം ജനിപ്പിക്കുന്നുണ്ട്. അത് ബലപ്പെടുത്തുന്നതിനാണ് കോണ്‍ഗ്രസ് കഴിഞ്ഞകുറേക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പിവി അന്‍വര്‍ അത് ഏറ്റെടുത്തതോടെ സിപിഎമ്മിന്റെ ആര്‍എസ്എസ് ബന്ധത്തിന് കൂടുതല്‍ ആധികാരികത കൈവന്നിരിക്കുന്നു. മാത്രമല്ല, മതന്യൂനപക്ഷങ്ങളെ ഇത് ബാധിക്കുമെന്ന തരത്തിലാണ് അന്‍വര്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
അതുകൊണ്ട് സിപിഎം ഇതിനെ എങ്ങനെ മറികടക്കും എന്നത് വലിയ പ്രയാസപ്പെട്ട പണിയായി മാറിയിരിക്കുന്നു. ഹിന്ദുത്വവിരുദ്ധതയില്‍ സിപിഎമ്മിനെ പോലെ ശക്തമായ മറ്റൊരു പാര്‍ട്ടി കേരളത്തിലില്ലെന്ന് മതന്യൂനപക്ഷങ്ങള്‍ക്ക് നന്നായി അറിയാം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളത് വെറും ഇരട്ടത്താപ്പാണെന്നും അവര്‍ക്ക് ബോധ്യമുണ്ട്. എന്നാല്‍ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അവര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. അതിനൊപ്പം സിപിഎം പ്രവര്‍ത്തകരിലും അണികളിലും.
കാരണം മുഖ്യമന്ത്രിയുടെ മരുമകനായ മന്ത്രി മുഹമ്മദ് റിയാസിന് പാര്‍ട്ടിയിലും മന്ത്രിസഭയിലും അപ്രമാദിത്വം എന്ന ആരോപണം ഏറെ നാളായി സിപിഎന്റെ രണ്ടാംനിര നേതാക്കള്‍ മുതല്‍ താഴേക്കിടയില്‍ ഉള്ളവര്‍ ചര്‍ച്ച ചെയ്യുന്ന കാര്യമാണ്. അതൊരു ഇടത് എംഎല്‍എ വെട്ടിത്തുറന്നു പറഞ്ഞു എന്നത് അവരെ സംബന്ധിച്ച് വലിയ കാര്യമാണ്. ഇത് നടന്നു കൊണ്ടിരിക്കുന്ന സിപിഎം സമ്മേളനങ്ങളില്‍ ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെ മൊത്തത്തില്‍ സിപിഎമ്മിനെ ആശയക്കുഴപ്പത്തിലേക്ക് തള്ളിവിടാന്‍ പിവി അന്‍വറിന് കഴിഞ്ഞിരിക്കുന്നു.
ഇതിന് സിപിഎമ്മിലെ ചില നേതാക്കളുടെയും യുഡിഎഫിന്റെയും പിന്തുണയുണ്ട്. അന്‍വറിനെ തള്ളി പറഞ്ഞ സിപിഎം നേതാക്കള്‍ പിണറായിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചില്ല എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസും യുഡിഎഫും ശക്തരല്ലാത്തതിനാല്‍ സിപിഎം വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യതയുണ്ട്. ബിജെപി സിപിഎമ്മിനെ സഹായിക്കുകയും ചെയ്യും. കാരണം അവര്‍ക്ക് കോണ്‍ഗ്രസിനെ തകര്‍ക്കണം.
തൃശൂര്‍ പൂരം കലക്കല്‍ വിവാദം പരമാവധി സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് ഉപയോഗിക്കുകയും ബിജെപി മൗനംപാലിക്കുകയും ചെയ്യുന്നതും ഇക്കാര്യത്തില്‍ ശക്തമായ നടപടി വേണമെന്ന് സിപിഐ ആവര്‍ത്തിക്കുന്നതും രാഷ്ട്രീയമായി സിപിഎമ്മിന് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്തോറും സിപിഎമ്മിന്റെ ആര്‍എസ്എസ് -ബിജെപി ബന്ധം എന്ന ആരോപണം കൂടുതല്‍ കരുത്താര്‍ജ്ജിക്കും. ജനങ്ങള്‍ അത് എത്രത്തോളം വിശ്വാസത്തിലെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും സിപിഎമ്മിന്റെ മൂന്നാമൂഴം.
#CPM, #KeralaPolitics, #RSS, #BJP, #PVAnwar, #CorruptionAllegations