CPM | 'മുസ്ലിംകൾക്കിടയിൽ സിപിഎമ്മിന്റെ സ്വാധീനം കുറയ്ക്കാന്‍ ചില സംഘടനകളുടെ ശ്രമം'; പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി


● മോദി സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരെ ആശയ പോരാട്ടം ശക്തമായി തുടരും.
● ബിജെപിക്കെതിരായ വോട്ടുകൾ ഏകീകരിക്കുന്നതിനുള്ള അടവുനയം സ്വീകരിക്കും.
● കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ല, എന്നാൽ സഹകരണമാകാമെന്ന് വ്യക്തമാക്കുന്നു.
● പാർട്ടി കമ്മിറ്റികളിൽ പ്രായപരിധി 75 എന്നത് തുടരും.
ന്യൂഡൽഹി: (KVARTHA) സിപിഎം 24-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി. പാർട്ടിയുടെ സ്വതന്ത്രമായ കരുത്ത് വർദ്ധിപ്പിക്കുന്നതിനുള്ള പ്രചാരണ, പ്രക്ഷോഭ പരിപാടികളുടെ തന്ത്രങ്ങൾക്ക് രൂപം നൽകുന്നതിനാണ് പ്രമേയം ഊന്നൽ നൽകുന്നത്. മോദി സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരെ ആശയ പോരാട്ടം ശക്തമായി തുടരുമെന്നും, തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരായ വോട്ടുകൾ പരമാവധി ഏകീകരിക്കുന്നതിനുള്ള അടവുനയം സ്വീകരിക്കുമെന്നും പ്രമേയത്തിൽ പറയുന്നു.
ഇതര മതനിരപേക്ഷ കക്ഷികളുമായുള്ള നിലപാട് ഈ അടിസ്ഥാനത്തിലായിരിക്കും. കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ല, എന്നാൽ സഹകരണമാകാമെന്നും കരട് പ്രമേയം വ്യക്തമാക്കുന്നു. ഇടതുപക്ഷ പാർട്ടികളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനും, വിശാലമായ രീതിയിൽ മതനിരപേക്ഷ-ജനാധിപത്യ ശക്തികളെ യോജിപ്പിച്ചു നിർത്താനും പ്രമേയം ആഹ്വാനം ചെയ്യുന്നു.
സഹകരണം ഇന്ത്യ കൂട്ടായ്മയിൽ മാത്രം ഒതുങ്ങണമെന്നില്ല. ബംഗാളിലും ത്രിപുരയിലും പാർട്ടിയുടെ കെട്ടുറപ്പ് വീണ്ടെടുക്കുമെന്നും പ്രമേയത്തിൽ പറയുന്നു. പാർട്ടി കമ്മിറ്റികളിൽ പ്രായപരിധി 75 എന്നത് തുടരും. മുസ്ലിം മൗലികവാദികളും ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളും മുസ്ലീങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും കേരളത്തിൽ മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ സിപിഎമ്മിൻ്റെ സ്വാധീനം കുറയ്ക്കാൻ ഈ സംഘടനകൾ ശ്രമിക്കുകയാണെന്നും കരട് രാഷ്ട്രീയ പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
ജനുവരി 17 മുതൽ 19 വരെ കൊൽക്കത്തയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗം കരട് രാഷ്ട്രീയ പ്രമേയം അംഗീകരിച്ചിരുന്നു. മാർച്ച് 22-നും 23-നും കേന്ദ്ര കമ്മിറ്റി യോഗം ചേർന്ന് പാർട്ടി കോൺഗ്രസിലേക്കുള്ള കരട് സംഘടന റിപ്പോർട്ട് അന്തിമമാക്കും. മധുരയിൽ ഏപ്രിൽ രണ്ട് മുതൽ ആറ് വരെയാണ് പാർട്ടി കോൺഗ്രസ് നടക്കുന്നത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും കമന്റുകളും പങ്കുവെക്കുക!
The CPM's draft political resolution focuses on strengthening the party, countering BJP, and addressing the influence of Muslim organizations. It emphasizes no alliance with Congress but open to cooperation, and aims to unite secular forces. The resolution also discusses restoring the party's strength in Bengal and Tripura.
#CPIM #KeralaPolitics #PoliticalResolution #BJP #Congress #LeftParties