Demand | എഡിഎമ്മിന്റെ വിയോഗത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് സിപിഎം
● ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണം.
● പഞ്ചായത് പ്രസിഡന്റിന്റെ വിമര്‍ശനം സദുദ്ദേശപരമായിരുന്നു.
● യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കാമായിരുന്നു.
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ (K Naveen Babu) വേര്‍പാടില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറിയേറ്റ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ദുഃഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം പാര്‍ടിയും പങ്കുചേരുന്നു. തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിത്.
ജില്ലാ പഞ്ചായത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ്. തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒഴിവാക്കേണ്ടതായിരുന്നു. ഉയര്‍ന്നുവന്ന പരാതികളെക്കുറിച്ചെല്ലാം സര്‍കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
അതേസമയം, പിപി ദിവ്യ തെറ്റ് ചെയ്തെങ്കില്‍ നടപടിയെടുക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ട്ടിക്കു പരാതി നല്‍കുമെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹന്‍ പറഞ്ഞു. നടപടിയില്ലെങ്കില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നും പത്തനംതിട്ടയിലെ സിപിഎം നേതാക്കള്‍ പറയുന്നു. വിളിക്കാത്ത ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നു ചെന്നതില്‍ തന്നെ ദുരുദ്ദേശ്യമുണ്ടെന്നാണ് നേതാക്കളുടെ ആരോപണം.
നവീന്റെ പത്തനംതിട്ടയിലേക്കുള്ള യാത്രയയപ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അധിക്ഷേപിച്ച് സംസാരിച്ച വിഷമത്തില്‍ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം. നവീന്‍ ബാബുവിന്റെ മരണത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും സുഹൃത്തുക്കളും. നാട്ടില്‍ എല്ലാവരുമായും നല്ല ബന്ധം സൂക്ഷിക്കുന്ന ആളാണ് നവീന്‍ എന്നും ഒരിക്കലും കൈക്കൂലി വാങ്ങില്ലെന്നും അദ്ദേഹത്തെ രാഷ്ട്രീയക്കാര്‍ കുടുക്കിയതായിരിക്കുമെന്നും സുഹൃത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
രേഖകളില്ലാത്തതിനാലാകും പെട്രോള്‍ പമ്പിന് അനുമതി നല്‍കാത്തതെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി. കൂടുതല്‍ സമയവും പത്തനംതിട്ടയിലാണ് നവീന്‍ ജോലി ചെയ്തതെന്നും ശത്രുകള്‍പോലും കൈക്കൂലിക്കാരനാണെന്ന് പറയില്ലെന്നും മറ്റൊരു സുഹൃത്ത് പ്രതികരിച്ചു.
കണ്ണൂരില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ എഡിഎം നവീന്‍ ബാബുവിന്റേത് സിപിഎം കുടുംബമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നവീനും ഭാര്യ മഞ്ജുവും ഇടത് അനുകൂല ഓഫീസര്‍മാരുടെ സംഘടനയില്‍ അംഗങ്ങളാണെന്നും സിപിഎമ്മിന്റെ അടിയുറച്ച വിശ്വാസികളാണ് കുടുംബമെന്നും ബന്ധുക്കള്‍ പറഞ്ഞു. പാര്‍ട്ടി കുടുംബമാണെന്ന് നാട്ടുകാരും പറയുന്നു. അധ്യാപകരായിരുന്ന അച്ഛന്‍ കൃഷ്ണന്‍നായരും അമ്മ രത്നമ്മയും പാര്‍ട്ടിക്കാരാണ്.
സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്ന് നവീന്‍ കാസര്‍കോട്ടേയ്ക്ക് പോവുകയും അവിടെ നിന്നും മാസങ്ങള്‍ക്കു മുന്‍പ് കണ്ണൂരിലെത്തുകയുമായിരുന്നു. ഈ അടുത്താണ് സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണവും സംഭവിച്ചു.
#NaveenBabu #KannurADM #death #investigation #CPM #Kerala #districtpanchayat
Image Credit: Facebok/CPIM Kannur File name: logo_of_cpm.jpg Alt Text: CPM Demands Thorough Probe into Naveen Babu's Death