Criticism | സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പി ജയരാജനെതിരെ അതിരൂക്ഷ വിമർശനം; മനു തോമസ് വിവാദത്തിൽ സംസ്ഥാന കമ്മിറ്റി നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി


● ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം പാളിയെന്നും വിമർശനം
● ആരാണ് മോശം സ്ഥാനാർത്ഥിയെന്ന് ചോദിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം
● ഇ പി ജയരാജന്റെ പ്രവർത്തനങ്ങൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതായി വിമർശനം
കണ്ണൂർ: (KVARTHA) ഡി.വൈ.എഫ്.ഐ നേതാവ് മനു തോമസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പി ജയരാജനെതിരെ പാർട്ടി സംസ്ഥാന കമ്മിറ്റി നടപടിയെടുക്കുമെന്ന് വ്യക്തമായ സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തളിപ്പറമ്പിൽ നടന്ന കണ്ണൂർ ജില്ലാ സമ്മേളനത്തിലാണ് മനു തോമസ് വിഷയം പൊതു ചർച്ചയിൽ ചില പ്രതിനിധികൾ ഉന്നയിച്ചത്. ഗുരുതരമായ സംഘടനാ പ്രവർത്തന വീഴ്ച വരുത്തിയ മനു തോമസിനെ തക്ക സമയത്ത് ജില്ലാ കമ്മിറ്റിയംഗത്വത്തിൽ നിന്നും പുറത്താക്കാൻ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ല. ഇതു ഗുരുതരമായ വീഴ്ചയാണ് എന്നായിരുന്നു വിമർശനം.
പാർട്ടിയിൽ നിന്നും സ്വയം പുറത്തുപോകാനും മാധ്യമങ്ങളിൽ വീര പരിവേഷത്തോടെ നിറഞ്ഞുനിൽക്കാനും മനു തോമസിനെ ഇതും സഹായിച്ചു. ഇതിനിടെയിൽ മനു തോമസിനെ വിമർശിച്ചു പാർട്ടി സംസ്ഥാന കമ്മിറ്റിയംഗമായ പി ജയരാജൻ ഫേസ്‌ബുക്ക് പോസ്റ്റിട്ടത് വിഷം സങ്കീർണ്ണമാക്കി. ക്വട്ടേഷൻ സംഘങ്ങൾ ഈ പോസ്റ്റിനെ അനുകുലിച്ചു സോഷ്യൽ മീഡിയയിൽ രംഗത്തുവന്നത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്. പി ജയരാജൻ സംസ്ഥാന കമ്മിറ്റി അംഗമായതിനാലാണ് ജില്ലാ കമ്മിറ്റി നേരത്തെ പരിശോധനയ്ക്ക് കത്തുനൽകിയത്. ഇതിൽ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏപ്രിലിൽ നടക്കുന്ന കൊല്ലം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പി ജയരാജനെതിരെ അച്ചടക്കനടപടി വരുമെന്നാണ് മുഖ്യമന്ത്രി നൽകുന്ന സൂചന. ഇതേ സമയം മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗം പി പി ദിവ്യയെ തള്ളിപ്പറഞ്ഞും അതേസമയം പിന്തുണച്ചുമാണ് മുഖ്യമന്ത്രി ദിവ്യയ്ക്കെതിരെയുള്ള വിമർശനങ്ങളിൽ മറുപടി പറഞ്ഞത്. ദിവ്യയ്ക്ക് കാലിടറിയതു കൊണ്ടാണ് പാർട്ടി നടപടിയെടുത്തത്. കാലിടറുന്ന ഏതു സഖാവിനെതിരെയും അച്ചടക്കനടപടിയെടുക്കുന്നത് സ്വാഭാവികമാണ്. അതു ഒരാളെ ഇല്ലാതാക്കാനല്ല, തെറ്റുതിരുത്തിക്കുന്നതിനുവേണ്ടിയാണ്. ഇത്തരം സഖാക്കൾ തെറ്റുതിരുത്തി സംഘട. ഘടകങ്ങളിൽ സജീവമായി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എ.ഡി.എമ്മിൻ്റെ മരണത്തിന് മുൻപുള്ള യാത്രയയപ്പ് സമ്മേളനത്തിൽ ദിവ്യ പ്രസംഗിച്ച ശൈലി ശരിയായില്ല. ഇത്തരം സന്ദർഭങ്ങളിൽ പാലിക്കേണ്ട ഔചിത്യവും ജാഗ്രതയും ദിവ്യകാണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.പി ദിവ്യ ഒരു യാത്രയയപ്പ് യോഗത്തിൽ സംസാരിക്കേണ്ട രീതിയിൽ അല്ല സംസാരിച്ചത്. ഏതു ഘട്ടത്തിലും സഖാക്കൾ കാലിടറിപ്പോകാതെ നോക്കണം. കാലിടറിയാൽ പാർട്ടി നടപടിയെടുക്കും. നടപടിയെടുത്താലും നമ്മൾ സഖാവായി തന്നെ നിൽക്കണം. നടപടിയെന്നാൽ ഒരു സഖാവിനെ അവസാനിപ്പിക്കലല്ല, തെറ്റുതിരുത്തി വീണ്ടും പാർട്ടി ഘടകങ്ങളിലേക്ക് വരുന്നതിത് ഒരു തടസവുമില്ല. സംഘടനാ നടപടിയെന്നത തെറ്റ് തിരുത്തൽ പ്രക്രിയയായി മാത്രം കണ്ടാൽ മതിയെന്നും മുഖ്യമന്ത്രി ആവർത്തിച്ചു ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം പാളിയത് പരാജയ കാരണമായെന്ന ചില അംഗങ്ങളുടെ ആരോപണവും മുഖ്യമന്ത്രി ഖണ്ഡിച്ചു. ആരാണ് മോശം സ്ഥാനാർത്ഥിയെന്ന് ചോദിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംഘടനാ രംഗത്ത് നിൽക്കുന്നവരെ സ്ഥാനാർത്ഥിയാക്കിയത് കണ്ണൂരിൽ ഉൾപ്പെടെ തോൽവിക്ക് കാരണമായെന്നായിരുന്നു പ്രതിനിധി സമ്മേളനത്തിൽ ഉയർന്ന വിമർശനം. വിജയം ഉറപ്പിച്ച കാസർകോട് മണ്ഡലത്തിൽ പോലും തോൽക്കാൻ ഇതു കാരണമായെന്നും ചിലർ വിമർശിച്ചു. എന്നാൽ ബാലകൃഷ്ണൻ മാസ്റ്ററോ ജയരാജനോ ടീച്ചറമ്മയോ മോശം സ്ഥാനാർത്ഥിയായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി വടകര സ്ഥാനാർത്ഥിയായി മത്സരിച്ച കെ.കെ ശൈലജയെ ടീച്ചറമ്മയെന്നു വിശേഷിപ്പിച്ചത് പ്രതിനിധികളിൽ ചിരി പരത്തി. ഇതോടൊപ്പം കേന്ദ്ര കമ്മിറ്റിയംഗമായ ഇ പി ജയരാജൻ പാർട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുന്നുവെന്ന് മഹിളാ അസോസിയേഷൻ ഭാരവാഹി പ്രതിനിധി സമ്മേളനത്തിൽ വിമർശിച്ചു. കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ദിവസം ആത്മകഥാ വിവാദമുണ്ടായത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഡി.സി ബുക്സിന് ആത്മകഥയുടെ ഭാഗങ്ങൾ എങ്ങനെ കിട്ടിയെന്ന് അവർ ചോദിച്ചു. ഇതു പ്രസിദ്ധീകരിക്കാൻ പാർട്ടിയുടെ അനുമതി വാങ്ങിയിരുന്നോയെന്നും അവർ ചോദിച്ചു. ഇ.പിയുടെ പല നടപടികളും പാർട്ടിയെ പ്രതിസന്ധിലാക്കുന്നുവെന്നായിരുന്നു സമ്മേളനത്തിൽ ഉയർത്തിയ ചർച്ചയിൽ പല പ്രതിനിധികളും ചൂണ്ടിക്കാട്ടിയത്.
ഈ വാർത്ത പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
Chief Minister Pinarayi Vijayan confirmed action against P. Jayarajan in response to party controversies. He stated disciplinary measures for members like Manu Thomas and P. P. Divya as corrective actions.
#CPMControversy, #PinarayiVijayan, #DisciplinaryAction, #ManuThomas, #Jayarajan, #Divya