SFI | ഭാരവാഹികള്‍ക്ക് പ്രായപരിധി കൂട്ടിയാല്‍ എസ്എഫ്ഐയില്‍ മാറ്റമുണ്ടാകുമോ? തെറ്റുതിരുത്തല്‍ രേഖ വിദ്യാർഥി സംഘടനയിലും സിപിഎം നടപ്പിലാക്കുമ്പോള്‍


നേതാക്കള്‍ക്ക് പോലും പ്രത്യയശാസ്ത്ര ദൃഡതയോ സംഘടന പ്രതിസന്ധി നേരിടുമ്പോള്‍ കൈകാര്യം ചെയ്യാനുളള സമചിത്തതയോയില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍
കണ്ണൂര്‍: (KVARTHA) എസ്.എഫ്.ഐ സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കെ പ്രായപരിധി വേണ്ടെന്ന സി.പി.എം നിര്‍ദേശം നടപ്പിലാവുന്നു. എസ്.എഫ്.ഐ ഭാരവാഹികള്‍ക്ക് 25 വയസെന്ന പ്രായപരിധി വേണ്ടെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചത്. പക്വതയില്ലാത്ത പ്രായക്കുറവുളള ഭാരവാഹികള്‍ നിരന്തരം തലവേദനയുണ്ടാക്കുന്ന സാഹചര്യത്തിലാണ് സി.പി.എം നേതൃത്വം പ്രായപരിധി കുറയ്ക്കാന്‍ തീരുമാനിച്ചത്.
നിരന്തരം എസ്.എഫ്.ഐ നേതാക്കള്‍ വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത് സംസ്ഥാനത്ത് സംഘടനയുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന കണ്ടെത്തലാണ് പാര്‍ട്ടിയെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചത്. ഇതോടെ കെ.എസ്.യുവിന് സമാനമായി പ്രായത്തില്‍ അല്‍പം മുതിര്‍ന്നവര്‍ എസ്.എഫ്.ഐയുടെ നേതൃതലത്തിലും വരും.
നേതാക്കള്‍ക്ക് പോലും പ്രത്യയശാസ്ത്ര ദൃഡതയോ സംഘടന പ്രതിസന്ധി നേരിടുമ്പോള്‍ കൈകാര്യം ചെയ്യാനുളള സമചിത്തതയോയില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. എന്നാല്‍ സംഘടനാ ഭാരവാഹിത്വത്തില്‍ പ്രായത്തില്‍ മുതിര്‍ന്നവരെയല്ല സംഘടനാപരമായി ബോധമുളളവരെയാണ് നിയോഗിക്കേണ്ടതെന്ന എതിര്‍ അഭിപ്രായവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്.
വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥനെന്ന വിദ്യാര്‍ത്ഥി റാഗിങിനിടെ എസ്.എഫ്.ഐക്കാരാല്‍ കൊല്ലപ്പെട്ടുവെന്ന ആരോപണവും വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവും ഉള്‍പ്പെടെയുളള സംഭവങ്ങള്‍ സംസ്ഥാന സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായിരുന്നു. ഇതോടെയാണ് എസ്.എഫ്. ഐയെ നിയന്ത്രിക്കുന്നതിന് മാര്‍ഗരേഖകൊണ്ടുവരാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. ഇതു നടപ്പില്‍ വരുന്നതിന്റെ ഭാഗമായാണ് ജില്ലാ സമ്മേളനങ്ങളില്‍ ഭാരവാഹികളുടെ കാര്യത്തില്‍ ജാഗ്രത പാലിക്കുന്നത്.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയ്‌ക്കെതിരെ സി.പി.എമ്മിനുളളില്‍ നിന്നും തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് ആര്‍ഷോയെ പരിഗണിച്ചിരുന്നുവെങ്കിലും വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് വേണ്ടെന്നു വെച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു ശേഷം പാര്‍ട്ടിയില്‍ തെറ്റുതിരുത്തല്‍ രേഖ സി.പി.എം നേതൃത്വം നടപ്പിലാക്കി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് എസ്.എഫ്.ഐയിലും തിരുത്തല്‍ നടപടി സ്വീകരിക്കുന്നത്.