Politics | വിവാദങ്ങൾ വിനയായി, അവസാന ചാൻസിലും പി ബിയിലേക്ക് എൻട്രി ലഭിക്കാതെ ഇ പി ജയരാജൻ


● ബി ജെ പി നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമായിരുന്നു.
● വൈദേകം റിസോർട്ട് ആരോപണങ്ങളും തിരിച്ചടിയായി.
● എട്ട് പേർ പുതുതായി പിബിയിലെത്തി.
കണ്ണൂർ: (KVARTHA) സിപിഎം പൊളിറ്റ്ബ്യൂറോയിൽ കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാവ് ഇ പി ജയരാജനെ തഴഞ്ഞത് വിവാദങ്ങൾ കാരണമെന്ന് സൂചന. നേരത്തെ തൻ്റെ രാഷ്ട്രീയ ജീവിതത്തിൻ്റെ അവസാന ടേമിൽ ഇപി ജയരാജന് അവസരം നൽകുമെന്ന അഭ്യുഹം പാർട്ടിക്കുള്ളിൽ നിന്നും ഉയർന്നിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല. ഇനിയൊരു അവസരം ഇപി ജയരാജനെ സംബന്ധിച്ചു പൊളിറ്റ്ബ്യൂറോയിലെത്താനില്ല. കേന്ദ്ര കമ്മിറ്റി അംഗത്വം നിലനിർത്തി കൊണ്ടു രണ്ടു വർഷം തുടരാൻ മാത്രം കഴിയും.
എൽ.ഡി.എഫ് കൺവീനർ പദവി ഒഴിഞ്ഞതോടെ പാർട്ടി വേദികളിലും അത്ര കണ്ടു സജിവമല്ല ഇ.പി. പാപ്പിനിശേരി കീച്ചേരിയിലെ വീട്ടിൽ തന്നെയാണ് അദ്ദേഹം ഏറിയ സമയവും ചെലവഴിക്കുന്നത്. മാധ്യമപ്രവർത്തകരോട് വിവിധ വിഷയങ്ങളിൽ പ്രതികരിക്കുന്നതും ഇവിടെ നിന്നുതന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പിൻതുണച്ചിട്ടും ഇ പി ജയരാജന് പി.ബിയിലേക്ക് എൻട്രി നിഷേധിക്കപ്പെട്ടത് ബി.ജെ.പി നേതാവ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ചയും വൈദേകം റിസോർട്ടുമായുള്ള ആരോപണങ്ങളുമാണെന്നാണ് പുറത്തുവരുന്ന വിവരം.
എട്ട് പേർ പുതുതായി പൊളിറ്റ്ബ്യൂറോയിലെത്തിയെങ്കിലും അതിൽ ഇപി ഉൾപ്പെട്ടില്ല. ആറുപേരാണ് ഒഴിവായത്. പ്രായപരിധി 75 വയസ് എന്ന മാനദണ്ഡം മധുര പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും നടപ്പാക്കുകയായിരുന്നു. മുഖ്യമന്ത്രി ആയതിനാൽ പിണറായി വിജയന് മാത്രമാണ് ഇക്കാര്യത്തിൽ ഇളവ് നൽകിയത്. മുന്‍ ജനറല്‍ സെക്രട്ടറിയും നിലവിലെ പി.ബി കോര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, സുഭാഷിണി അലി, മണിക് സര്‍ക്കാര്‍, സൂര്യകാന്ത് മിശ്ര, ജി. രാമകൃഷ്ണന്‍ എന്നിവരെയാണ് പ്രായപരിധി മാനദണ്ഡപ്രകാരം പിബിയില്‍ നിന്ന് ഒഴിവായത്.
ഡൽഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയും മലയാളിയുമായ വിജു കൃഷ്ണനും യു വാസുകിയും ആര്‍ അരുണ്‍ കുമാറും ഉൾപ്പടെ എട്ട് പുതുമുഖങ്ങള്‍ പിബിയിലെത്തി. അരുണ്‍കുമാര്‍ ആന്ധ്രയില്‍ നിന്നുള്ള നേതാവാണ്. വനിതാ പ്രതിനിധികളായ സുഭാഷിണി അലി, ബൃന്ദാ കാരാട്ട് എന്നിവർക്ക് പകരമായി യു വാസുകി, മറിയം ധാവ്ളെ എന്നിവർ പോളിറ്റ് ബ്യൂറോയിലെത്തി.
തമിഴ്നാട്ടില്‍നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗമായ യു. വാസുകി ട്രേഡ് യൂണിയന്‍ നേതാവാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗമായ മറിയം ധാവ്ളെ, മഹിളാ അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ്. കെ ബാലകൃഷ്ണന്‍ (തമിഴ്‌നാട്), അമ്രാറാം (രാജസ്ഥാന്‍), ജിതേന്ദ്ര ചൗധരി (ത്രിപുര), ശ്രീദിപ് ഭട്ടാചാര്യ (ബംഗാള്‍) എന്നിവരാണ് മറ്റ് പുതിയ പിബി അംഗങ്ങള്‍.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Veteran CPI(M) leader EP Jayarajan was reportedly denied entry into the Politburo, likely due to recent controversies, including a meeting with a BJP leader and allegations related to the Vaideekam resort. Despite expectations and Chief Minister Pinarayi Vijayan's support, he was not among the eight new members inducted. The party's age limit of 75, relaxed only for the Chief Minister, also played a role in the exclusion of six outgoing members.
#EPJayarajan #CPIM #Politburo #KeralaPolitics #Controversy #PartyCongress