Allegations | ലിബറല്‍ ഇസ്ലാം: 'പാണക്കാട് തറവാട്ടില്‍ നിന്ന് മറ്റൊരു അത്താതുര്‍ക്ക് വരികയാണോ?' രൂക്ഷ വിമര്‍ശനവുമായി ഒ എം തരുവണ


● ഹീലത്തുരിബ, മിശ്ര വിവാഹം, സ്ത്രീ-പുരുഷ സൗഹൃദ ഇടങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
● സാദിഖലി തങ്ങളുടെ പ്രഖ്യാപനത്തിന് മൗദൂദി സാഹിബ് നടത്തിയ പ്രഖ്യാപനവുമായി സാമ്യം.
● മൗദൂദിയുടെ പ്രത്യയശാസ്ത്രം പാതി വഹാബിസവും പാതി ഇഖ്വാനിസവും ചേര്‍ന്നതായിരുന്നു.
● ജാഗ്രത കാണിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും മുന്നറിയിപ്പ്.
കോഴിക്കോട്: (KVARTHA) പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എറണാകുളം വാഫി-വഫിയ്യ കലോത്സവത്തില്‍ നടത്തിയ 'ലളിത സുന്ദര ഇസ്ലാം' പ്രഖ്യാപനത്തില്‍ വിമര്‍ശനവുമായി എഴുത്തുകാരന്‍ ഒ എം തരുവണ. വാഫി-വഫിയ്യ സംവിധാനങ്ങളുടെ സൂത്രധാരനായ അദൃശ്ശേരി ഹകീം ഫൈസിയുടെ സ്‌ക്രിപ്റ്റാണ് തങ്ങള്‍ വായിച്ചതെന്നും, പിന്നീട് ഫൈസി അത് സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നും തരുവണ ആരോപിക്കുന്നു. ഇത് സനദ് ദാനമോ കലാമേളയോ അല്ലെന്നും, മറിച്ച് 'ലിബറല്‍ ഇസ്ലാമി'ന്റെ ഒരു പ്രഖ്യാപനമായിരുന്നു എറണാകുളത്ത് നടന്നതെന്നും അദ്ദേഹം പറയുന്നു.
ഹീലത്തുരിബ, മിശ്ര വിവാഹം, സ്ത്രീ-പുരുഷ സൗഹൃദ ഇടങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാദിഖലി തങ്ങളുടെ പ്രഖ്യാപനത്തിന് 1941ല്‍ ലാഹോറില്‍ മൗദൂദി സാഹിബ് നടത്തിയ പ്രഖ്യാപനവുമായി സാമ്യമുണ്ടെന്ന് തരുവണ ചൂണ്ടിക്കാട്ടി. മൗദൂദിയുടെ പ്രത്യയശാസ്ത്രം പാതി വഹാബിസവും പാതി ഇഖ്വാനിസവും ചേര്‍ന്നതായിരുന്നു. അതുപോലെ, പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ച പുതിയ പ്രത്യയശാസ്ത്രം ചെറിയ അളവില്‍ വഹാബിസവും വലിയ അളവില്‍ ഇഖ്വാനിസവും ചേര്‍ന്നതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
മുസ്ലിം ലീഗിന്റെ വളരെക്കാലത്തെ ആഗ്രഹത്തിന്റെ സാക്ഷാത്കാരമാണ് ഈ പ്രഖ്യാപനമെന്നും തരുവണ ആരോപിച്ചു. സമുദായത്തിനകത്തെ മതപരമായ ആശയ വൈജാത്യങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നു എന്ന് പാര്‍ട്ടി കരുതുന്നു. അതിനാല്‍, സമുദായത്തിലെ ആശയ വ്യതിരിക്തതകളെ ഇല്ലാതാക്കി ഏകശിലാ രൂപം കൊണ്ടുവരാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. സുന്നി, സലഫി, മൗദൂദി, തബ്ലീഗ് തുടങ്ങിയ വിഭാഗങ്ങളെ ഒഴിവാക്കി ലളിത സുന്ദര ഇസ്ലാം എന്ന സ്വപ്നമാണ് പാണക്കാട് തങ്ങളുടെ പ്രഖ്യാപനത്തിലൂടെ സാധ്യമാകാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗിന്റെ സ്ഥാപകരായ സീതി സാഹിബ്, കെ.എം. മൗലവി, സത്താര്‍ സേട്ട് തുടങ്ങിയവര്‍ ഉറച്ച സലഫിസ്റ്റുകളായിരുന്നു, അവരാരും മത ലിബറലിസം അംഗീകരിച്ചിരുന്നില്ല. മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്താണ് ലിബറല്‍ ഇസ്ലാം എന്ന ആശയം രൂപപ്പെടുന്നത്. ഹൈദരലി തങ്ങളുടെ കാലത്ത് അത് ശക്തിപ്പെട്ടു. എന്നാല്‍, പഴയകാല നേതൃത്വങ്ങള്‍ക്ക് അറിവും പക്വതയുമുണ്ടായിരുന്നതുകൊണ്ട് ലിബറലിസം മുന്നോട്ട് പോയില്ല. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു.
സമുദായത്തില്‍ നവ ലിബറലിസം നടപ്പാക്കുന്നതിന് തടസ്സമായി നിന്നത് സുന്നി മുഖ്യധാരയായിരുന്നു. എന്നാല്‍, 1989ല്‍ ചില മാറ്റങ്ങള്‍ സംഭവിച്ചു. പാര്‍ട്ടി ചൂണ്ടുന്നിടത്ത് ഇരിക്കുകയും കിടക്കുകയും ചെയ്യുന്ന ഒരു സമസ്ത ഉണ്ടായി. അതില്‍ ചില ആളുകള്‍ നുഴഞ്ഞുകയറി. ഒന്നര സഹസ്രാബ്ദമായി നാട്ടില്‍ മതേതരത്വവും മതസൗഹാര്‍ദ്ദവും നിലനിന്നത് ചര്‍ച്ചില്‍ പോയി കേക്ക് മുറിച്ചിട്ടോ ക്ഷേത്രത്തില്‍ പോയി പ്രസാദം കഴിച്ചിട്ടോ അല്ല. ഇസ്ലാം എന്ന ഒറ്റക്കുറ്റിയില്‍ കറങ്ങേണ്ട കാര്യമില്ലെന്നാണ് നവ ലിബറല്‍ ഇസ്ലാമിസ്റ്റുകള്‍ പറയുന്നത്. പല മതങ്ങളില്‍ നിന്നും ആശയങ്ങള്‍ സ്വീകരിച്ച് ഒരു സങ്കര ഇസ്ലാം ഉണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും തരുവണ വിമര്‍ശിക്കുന്നു.
പാണക്കാട് തറവാട്ടില്‍ നിന്ന് മറ്റൊരു അത്താതുര്‍ക്ക് വരികയാണെന്ന് കരുതണമെന്നും അദ്ദേഹം പറയുന്നു. സമുദായത്തില്‍ അപഭ്രംശങ്ങള്‍ ഉണ്ടാകുമ്പോള്‍ നേര്‍വഴി കാണിക്കേണ്ട ചുമതല പണ്ഡിതന്മാര്‍ക്കാണ്, ലളിത സുന്ദര ഇസ്ലാം അത്ര ലളിതമോ സുന്ദരമോ അല്ല. മത നിയമം പറഞ്ഞതിന് രണ്ട് പണ്ഡിതന്മാരെ തെരുവില്‍ മുട്ടുകുത്തിച്ച് ഏത്തമിടീച്ചത് ഒരു ഭീഷണമായ മുന്നറിയിപ്പാണ്. പാണക്കാട് തറവാടിന്റെയും മുസ്ലിം ലീഗിന്റെയും പ്രിവിലേജിലാണ് അദൃശ്ശേരി ഹകീം ഫൈസിയും മുഹമ്മദ് ബഹാഉദ്ദീന്‍ നദ്വിയും കളി തുടങ്ങിയിരിക്കുന്നത്. ജാഗ്രത കാണിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും തരുവണ മുന്നറിയിപ്പ് നല്‍കുന്നു. പാണക്കാട് തങ്ങള്‍ പല അരമനകളിലും കയറിയിറങ്ങുന്നുണ്ടെന്നും എന്നാല്‍ എന്തുകൊണ്ട് ഒരു അരമന തമ്പുരാനും പാണക്കാട് പോകുന്നില്ലെന്നും അദ്ദേഹം ചോദ്യമുന്നയിക്കുന്നു.
ഒ എം തരുവനയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
#വരുന്നൂ...
#ലിബറല്‍_ഇസ്ലാം!
എറണാകുളം വാഫി - വഫിയ്യ: കലോത്സവത്തില്‍ ആദരണീയനായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പുതിയൊരു പ്രത്യയശാസ്ത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നു; നാമിതുവരെ കൊണ്ടുനടന്ന ദീനുല്‍ ഇസ്ലാമിനു പകരമായി പുതിയൊരു 'ലളിത സുന്ദര ഇസ്ലാം!'
വാഫി-വഫിയ്യ: സംവിധാനങ്ങളുടെ സൂത്രധാരന്‍ അദൃശ്ശേരി ഹകീം ഫൈസിയുടെ സ്‌ക്രിപ്റ്റാണു പാണക്കാട് തങ്ങള്‍ വായിച്ചതെന്നു വ്യക്തം. പിന്നാലെ ഇതേ വേദിയില്‍ ഹകീം ഫൈസി ഇക്കാര്യം സാഷ്യപ്പെടുത്തുന്നുണ്ട്. സനദ് ദാനമോ കലാമേളയോ ഒന്നുമല്ല; ദീര്‍ഘകാലമായി ഗര്‍ഭംപേറിനിന്ന 'ലിബറല്‍ ഇസ്ലാമി'ന്റെ തിരുവയറൊഴിച്ചിലാണു എറണാകുളത്തു കണ്ടത്. ഹീലത്തുരിബ, മിശ്ര വിവാഹം, സ്ത്രീ-പുരുഷ സൗഹൃദയിടങ്ങള്‍... ഇങ്ങനെ തുടങ്ങിയിട്ടേയുള്ളൂ. കാര്യങ്ങള്‍ അത്രയ്ക്കു ലളിതമോ സുന്ദരമോ അല്ലെന്നു വൃക്തം.
സാദിഖലി തങ്ങളുടെ പ്രഖ്യാപനത്തിന് 1941 ലാഹോറില്‍ വച്ചു മൗദൂദി സാഹിബ് നടത്തിയ പ്രഖ്യാപനവുമായി സമാനതകളുണ്ട്. പാതി വഹാബിസവും പാതി ഇഖ്വാനിസവും ചേര്‍ന്ന മിശ്രിതമായിരുന്നു മൗദൂദി പ്രത്യയശാസ്ത്രം. ചെറിയ അളവില്‍ വഹാബിസവും വലിയ അളവില്‍ ഇഖ്വാനിസവും മിശ്രണം ചെയ്തതാണ് പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ച പുതിയ ഹകീമിയ്യ: പ്രത്യയശാസ്ത്രം. വരാനിരിക്കുന്നത് ആശയകാര്‍ക്കശ്യങ്ങളോ ആചാരനിഷ്ഠകളോ പ്രത്യയശാസ്ത്ര ശാഠ്യങ്ങളോ ഒന്നുമില്ലാത്ത ലളിത സുന്ദര ഇസ്ലാമാണ്.
ശാഫീഷാജീസലാം ത്രയങ്ങള്‍ അലറിക്കൂവിപ്പായുന്നതു വെറുതെയല്ല. മുസ്ലിം ലീഗിന്റെ വളരെക്കാലത്തെ ആഗ്രഹത്തിന്റെ സാക്ഷാത്കാരമാണു എറണാകുളം പ്രഖ്യാപനം. സമുദായത്തിനകത്തെ മതപരമായ ആശയ വൈജാത്യങ്ങളും അതിന്റെ പേരിലുള്ള സംഘടനകളും ഗ്രൂപ്പുകളും തങ്ങളുടെ രാഷ്ടീയ താത്പര്യങ്ങളെ വലിയതോതില്‍ പ്രതികൂലമായി ബാധിക്കുന്നുവെന്നാണു പാര്‍ട്ടി കരുതുന്നത്. സമുദായത്തിലെ ആശയ വ്യതിരിക്തതകളെ ഉഛാടനം ചെയ്തു ഏകശിലാരൂപം കൊണ്ടുവരാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. സുന്നി, സലഫി, മൗദൂദി, തബ്ലീഗ് തുടങ്ങിയ അലമ്പുകളൊഴിഞ്ഞ ലളിത സുന്ദര ഇസ്ലാം എന്ന സ്വപ്നമാണ് പാണക്കാട് തങ്ങളുടെ പ്രഖ്യാപനത്തിലൂടെ സാധ്യമാകാന്‍ പോകുന്നത്. ലീഗ് സൈദ്ധാന്തികര്‍ ഇങ്ങനെയൊരു ലളിത സുന്ദര ഇസ്ലാമിനെക്കുറിച്ചു സ്വപ്നം കണ്ടിട്ടുണ്ട്. (എംഐ തങ്ങളുടെയും മേച്ചേരിയുടെയും എംസിയുടെയും കൃതികള്‍ കാണുക.)
ഒരു തരത്തിലുള്ള ലിബറിസവും സ്വീകാര്യമല്ലാത്ത ഉറച്ച സലഫിസ്റ്റുകളായിരുന്നു മുസ്ലിം ലീഗിന്റെ സ്ഥാപകരായ സീതി സാഹിബ്, കെ എം മൗലവി, സത്താര്‍ സേട്ട് തുടങ്ങിയവര്‍. അഹ്ലുസ്സുന്ന: ധാരയുമായി പാര്‍ട്ടിയെ കൂട്ടിയിണക്കിയ ഇസ്മാഈല്‍ സാഹിബ്, ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍ തുടങ്ങിയവരും മത ലിബറലിസം അംഗീകരിക്കാത്തവരായിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്താണു ലിബറല്‍ ഇസ്ലാം എന്ന ആശയം രൂപപ്പെടുന്നത്. ഹൈദരലി തങ്ങളുടെ കാലത്ത് അതു ശക്തിപ്പെട്ടു. ഈ പഴയകാല നേതൃത്വങ്ങള്‍ക്ക് അറിവും പക്വതയുമുണ്ടായിരുന്നതുകൊണ്ട് ലിബറലിസം പ്യൂപ്പയിലുറങ്ങി. ഇതു രണ്ടുമില്ലാത്ത ഒരാള്‍ പാര്‍ട്ടിയുടെ തലപ്പത്തു വന്നപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. കഷ്ടം! മുന്നില്‍ നടക്കുന്ന സാധു മനുഷ്യന്‍ ശരിക്കുമറിയുന്നില്ല; പിന്നില്‍ നടക്കുന്നതിന്റെ പൊരുളും വരാനിരിക്കുന്ന പുകിലും.
സമുദായത്തിനകത്ത് നവലിബറലിസം നടപ്പാക്കുന്നതിനു തടസ്സമായി നിന്നതു സുന്നി മുഖ്യധാരയായിരുന്നു. 1989ല്‍ ആദ്യത്തെ കമ്പകടന്നു. പാര്‍ട്ടി ചൂണ്ടുന്നിടത്ത് ഇരിക്കുകയും കിടക്കുകയും ചെയ്യുന്ന ഒരു സമസ്തയുണ്ടായി. ഈ സമസ്ത:യില്‍ അടിയുറച്ച രണ്ട് ഇഖ്വാനികള്‍ നിഷ്പ്രയാസം നുഴഞ്ഞു കയറി. അതിശയം! അതിലൊരാള്‍ പരമോന്നത പണ്ഡിതസഭയെന്നു പറയപ്പെടുന്ന ആ മുശാവറയിലും കയറിപ്പറ്റി പതിറ്റാണ്ടുകള്‍ പണിയെടുത്തിട്ടും പാര്‍ട്ടിക്കു നടക്കാതെപോയതു രണ്ടു മിടുക്കന്മാര്‍ ചേര്‍ന്നു വെടിപ്പായി നടപ്പാക്കിയിരിക്കുന്നു! -കണ്ടതൊന്നുമല്ല; പൂരം കാണാനിരിക്കുന്നേയുള്ളൂ.
ഒന്നര സഹസ്രാബ്ദമായി നാട്ടില്‍ മതേതരത്വവും മതസൗഹാര്‍ദ്ദവും പൂത്തുലഞ്ഞത് ചര്‍ച്ചില്‍ പോയി കേക്ക് മുറിച്ചിട്ടോ ക്ഷേത്രത്തില്‍ ചെന്നു പ്രസാദമുണ്ടിട്ടോ ഓണപ്പാട്ടു പാടിയിട്ടോ അല്ല. ക്ഷേത്രോത്സവങ്ങള്‍ക്കു മുഹൂര്‍ത്തം കുറിച്ചു കൊടുത്ത തങ്ങളുണ്ടായിരുന്നു മലപ്പുറത്ത്, മതേതരത്വം നിര്‍മിക്കാന്‍ അവരാരും നടചവിട്ടിയില്ല; ഓണപ്പൊട്ടന്‍ കളിച്ചിട്ടുമില്ല. ബാഫഖി തങ്ങളോ പൂക്കോയ തങ്ങളോ മതമൈത്രിക്കുവേണ്ടി ഇമ്മാതിരി വേഷംകെട്ടിയിട്ടില്ല. ഇസ്ലാം എന്ന ഒറ്റക്കുറ്റിയില്‍ കിടന്നു കറങ്ങേണ്ട കാര്യമില്ലെന്നാണു നവലിബറല്‍ ഇസ്ലാമിസ്റ്റുകള്‍ പറയുന്നത്. പകരം, ഇറച്ചിക്കടക്കാരന്‍ പല ഊപ്പുകളില്‍ നിന്നു തുണ്ടുകള്‍ മുറിച്ചെടുത്തു തൂക്കിയൊപ്പിക്കുന്നതുപോലെ പല മതങ്ങളില്‍ നിന്നു തുണ്ടുകള്‍ മുറിച്ചെടുത്ത് ഒരുതരം സങ്കരയിനം ഇസ്ലാം വിഭാവന ചെയ്യുകയാണ്. അക്ബറിന്റെ 'ദീന്‍ ഇലാഹി'യോളം വരില്ലെന്നു മാത്രം. പാണക്കാട് തറവാട്ടില്‍ നിന്ന് മറ്റൊരു 'അത്താതുര്‍ക്ക്' വരികയാണെന്നു കരുതണം -കളി കൈവിടുകയാണ്.
സമുദായത്തില്‍ അപഭ്രംശങ്ങളുണ്ടാകുമ്പോള്‍ നേര്‍വഴികാണിക്കാനുള്ള ചുമതല പണ്ഡിതന്മാര്‍ക്കാണ്. റാഡിക്കല്‍ വഹാബിസത്തേയും മൗദൂദിയുടെ മതരാഷ്ട്ര വാദത്തെയും ഒരു നൂറ്റാണ്ടു കാലം ചെറുത്തു നിന്നതും കേരളം മറ്റൊരു യമനോ സിറിയയോ ആകാതെ കാത്തതും കേരളത്തിലെ ഉലമാക്കളാണ്. ലളിത സുന്ദര ഇസ്ലാം അത്രയൊന്നും ലളിതമല്ല; സുന്ദരവുമല്ല. മത നിയമം പറഞ്ഞതിനു രണ്ടു പണ്ഡിതന്മാരെ തെരുവില്‍ മുട്ടുകുത്തിയിയിരുത്തി ഏത്തമിടീച്ചത് ഭീഷണമായ മുന്നറിയിപ്പാണ്. പഠിച്ചത് ചുരുട്ടിക്കൂട്ടി അണ്ണാക്കില്‍ തിരിക്കിട്ടു വച്ചിരുന്നോളൂ എന്ന പണ്ഡിതന്മാര്‍ക്കുള്ള മുന്നറിയിപ്പ്. ഇരപിടുത്തത്തിന് ഒരു രീതിശാസ്ത്രമുണ്ട്: ദുര്‍ബലരെയാണ് അത് ആദ്യം വിഴുങ്ങുക. പ്രബലരാണെന്നു കരുതി ഇപ്പോള്‍ മിണ്ടാതിരിക്കുന്നവര്‍ കരുതിയിരുന്നോളൂ, അടുത്ത ഇര നിങ്ങളാകും. പാണക്കാട് തറവാടിന്റെയും മുസ്ലിം ലീഗിന്റെയും പ്രിവിലേജിലാണ് അദൃശ്ശേരി ഹകീം ഫൈസിയും മുഹമ്മദ് ബഹാഉദ്ദീന്‍ നദ്വിയും കളി തുടങ്ങിയിരിക്കുന്നത്. ജാഗ്രത കാണിച്ചില്ലെങ്കില്‍ കെട്ടിയ തലേകെട്ട് മതിയാകും പുതിയ ആരാച്ചാര്‍മാര്‍ക്ക്!
വാല്‍ക്കുറ്റി: പാണക്കാട് തങ്ങള്‍ അരമനകള്‍ കയറിയിറങ്ങുന്നു, ഒരരമനത്തമ്പുരാനും എന്തുകൊണ്ടാണു പാണക്കാട്ടു പടി ചവിട്ടാഞ്ഞത്?
#KeralaNews #Religion #Islam #Controversy #LiberalIslam #IndiaNews #SouthIndia #SocialReform