Congress | കോൺഗ്രസിലെ സൂപ്പർസ്റ്റാർ ഇനി രാഹുൽ അല്ല, ഈ കൊച്ചു മനുഷ്യൻ!


കോൺഗ്രസ് തിരിച്ചു വരുന്നതുപോലെ പ്രിയപ്പെട്ടതാണ് കോൺഗ്രസ് പ്രവർത്തകർക്ക് തങ്ങളുടെ പ്രിയപ്പെട്ട മണ്ഡലമായ അമേഠിയും തിരികെ കിട്ടുന്നത്
ഡോണൽ മുവാറ്റുപുഴ
(KVARTHA) അമേഠി എന്ന ലോക്സഭാ മണ്ഡലം കോൺഗ്രസ് പ്രവർത്തകരെ സംബന്ധിച്ച് ഒരു വികാരമാണ്. രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമൊക്കെ കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിച്ചു വിജയിച്ച മണ്ഡലം. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ ബി.ജെ.പിയിലെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടപ്പോൾ ഹൃദയം വിങ്ങിയ അവസ്ഥയായിരുന്നു കോൺഗ്രസ് പ്രവർത്തകർക്ക് . ഇനി കോൺഗ്രസിൻ്റെ പരമ്പരാഗത മണ്ഡലമായ അമേഠി ഒരിക്കലും കോൺഗ്രസിന് തിരിച്ചു കിട്ടില്ലെന്ന് കരുതിയവരാണ് കൂടുതൽ ജനങ്ങളും.
ഇക്കുറി രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കാൻ താല്പര്യമെടുക്കാതെ വയനാടിനൊപ്പം റായ്ബറേലി തെരഞ്ഞെടുത്തപ്പോഴും രാഹുലിനെ വെറുത്ത കോൺഗ്രസുകാർ ധാരാളം. രാഹുൽ ഗാന്ധി തോറ്റാലും ശരി അദ്ദേഹം അമേഠിയിൽ തന്നെ മത്സരിക്കണമെന്നുള്ളതായിരുന്നു ഏവരുടെയും ആഗ്രഹം. ഇത് കോൺഗ്രസിനെ സംബന്ധിച്ച് ഒരു മുതൽക്കുട്ട് ആകുമെന്ന് എല്ലാവരും കരുതി. പിന്നീട് രാഹുൽ അമേഠിയിൽ മത്സരിക്കില്ലെന്നായപ്പോൾ പിന്നെ ആരെന്ന ചോദ്യമാണ് ഉയർന്നത്. അപ്പോഴാണ് പൊക്കം കുറഞ്ഞ ഒരു മനുഷ്യനെ പൊക്കി കൊണ്ട് രാഹുൽ വന്നത്. കിഷോരി ലാൽ ശർമ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പേർ. ശരിക്കും അപ്പോഴാണ് ഇദ്ദേഹത്തെ എല്ലാവരും കാണുന്നതും അറിയുന്നതും.
ഇദേഹം കോൺഗ്രസ് സ്ഥാനാർത്ഥിയായി അമേഠിയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ മൂക്കത്ത് വെരൽ വെച്ചവരാണ് പലരും. രാഹുലിന് തോൽക്കാൻ പേടിയുള്ളതു കൊണ്ട് അദ്ദേഹം മാറി പേരിന് ഒരു മത്സരം കാഴ്ചവെയ്ക്കാൻ പകരമൊരാളെ കൊണ്ടുവന്നതാണെന്നാണ് എല്ലാവരും കരുതിയത്. അതുകൊണ്ട് തന്നെ അമേഠിയിൽ ബി.ജെ.പി സ്ഥാനാർത്ഥി സ്മൃതി ഇറാനിയുടെ വിജയം ഈസിയാകുമെന്ന് കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും കരുതി. പിന്നീട് ഇന്ത്യൻ ജനത കണ്ടത്, 10 കൊല്ലം സ്മൃതി ഇറാനി അമേറ്റിയിൽ ഉണ്ടാക്കിയ സകല പ്രഭാവവും ഈ മൃദുഭാഷിയായ കുറിയ മനുഷ്യൻ 15 ദിവസം കൊണ്ട് സ്‌മൃതിനാശം ചെയ്യുന്നതാണ്.
സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് നാലാം ദിവസം ഒരഭിമുഖത്തിൽ ഈ കൊച്ചു മനുഷ്യൻ പറഞ്ഞു, 'നിങ്ങളെന്താ പറഞ്ഞത്? സ്മൃതി ഇറാനിജിയുടെ ഭൂരിപക്ഷം എത്ര കുറക്കാൻ കഴിയുമെന്നോ? ഞാൻ മത്സരിക്കുന്നത് ജയിക്കാനാണ്. എനിക്ക് 15 ദിവസം ഇവിടെ ധാരാളമാണ്. എന്നെ അറിയാത്തതും എനിക്ക് അറിയാത്തതുമായ കവലകൾ അമേഠിയിലും റായ്ബാറേലിയുമില്ല. എന്നെ ഗാന്ധി കുടുംബത്തിന്റെ വീട്ടു വേലക്കാരൻ എന്ന് വിളിച്ച സ്മൃതി ഇറാനിജിയോട് ഞാൻ പറയട്ടെ, ഞാൻ ഈ നാടിന്റെ വേലക്കാരൻ ആണ്. നിങ്ങൾക്കെന്നെ മനസിലായിട്ടില്ല എന്ന് തോന്നുന്നു. അത് നിങ്ങൾക്ക് ബോധ്യമാകുന്ന ദിവസമായിരിക്കും ജൂൺ നാല്. ഒരു ലക്ഷം വോട്ടിന് തോൽക്കാൻ തയ്യാറായിക്കോളൂ സ്‌മൃതിജി'.
ശരിക്കും അതൊരു വെറും വാക്ക് ആയിരുന്നില്ല. സത്യമായിരുന്നു. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഈ മനുഷ്യൻ കോൺഗ്രസ് പ്രവർത്തകരെ മൂഴുവൻ ആവേശം കൊള്ളിച്ച് അമേഠി കോൺഗ്രസിന് വേണ്ടി തിരിച്ചു പിടിക്കുകയായിരുന്നു. രാഹുൽ ഗാന്ധിയ്ക്ക് പോലും നടക്കാഞ്ഞ കാര്യം. കൗണ്ടിങ് കഴിഞ്ഞ് മടങ്ങാൻ വണ്ടിയിലിരിക്കുമ്പോൾ ഒരു ചാനലുകാരൻ ഇദേഹത്തെ ഇന്റർവ്യൂ ചെയ്യാൻ വരുന്നത് കണ്ടു. അപ്പോൾ യാതൊരു ഭാവവും പുറത്തു കാണിക്കാതെ വണ്ടിയിലിരുന്ന് അദ്ദേഹം പതുക്കെ പറഞ്ഞു, 'പ്രിയപ്പെട്ട മാധ്യമപ്രവർത്തകൻ, നിങ്ങൾ പത്രക്കാർക്ക് അറിയാത്ത കാര്യങ്ങളാണ് ഇന്നാട്ടിലെ ഒട്ടു മിക്ക കാര്യങ്ങളും എന്ന് ബോധ്യമായല്ലോ. ധന്യവാദ്', എന്നും പറഞ്ഞ് കൈകൂപ്പി മുന്നോട്ട്.
ഇതാണ് കിഷോരി ലാൽ ശർമ എന്ന കൊച്ചു മനുഷ്യൻ. ഇനി അമേഠിയുടെ അമരക്കാരൻ. കോൺഗ്രസ് തിരിച്ചു വരുന്നതുപോലെ പ്രിയപ്പെട്ടതാണ് കോൺഗ്രസ് പ്രവർത്തകർക്ക് തങ്ങളുടെ പ്രിയപ്പെട്ട മണ്ഡലമായ അമേഠിയും തിരികെ കിട്ടുന്നത്. അതിനാൽ ഇനിയുള്ള കാലം കോൺഗ്രസിനും കോൺഗ്രസുകാർക്കും കിഷോരി ലാൽ ശർമ എന്ന കൊച്ചു മനുഷ്യൻ സ്റ്റാർ അല്ല. സൂപ്പർ സ്റ്റാർ തന്നെ ആയിരിക്കും.