Allegation | മുഖ്യമന്ത്രി സംസാരിക്കുന്നത് സംഘപരിവാര്‍ സ്വരത്തിലെന്ന് രമേശ് ചെന്നിത്തല
● കൊവിഡിന് ശേഷം പിആര്‍ ഏജന്‍സി മുഖ്യമന്ത്രിയോടൊപ്പം.
● നവകേരള സദസും പിആര്‍ പരിപാടി.
● മലപ്പുറത്തെ മുഴുവന്‍ ജനങ്ങളെയും അപമാനിക്കുന്നു.
● നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള പാഴ് വേല നടത്തുന്നു.
കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയനെതിരെ (Pinarayi Vijayan) അതിരൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് (K Sudhakaran) പിന്നാലെയാണ് വിമര്‍ശനവുമായി ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്.
എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ണൂരില്‍ ആവശ്യപ്പെട്ടു.
നാലു മണിക്കൂര്‍ എഡിജിപി വത്സന്‍ തില്ലങ്കേരിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതിനു മുന്‍പും ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്തിനെന്ന് വ്യക്തമാക്കണം. ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തലാണോ എഡിജിപിയുടെ ജോലിയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രി സംഘപരിവാറിന്റെ സ്വരത്തിലാണ് സംസാരിക്കുന്നത്. ബിജെപിക്കായി വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ച പിആര്‍ ഏജന്‍സി തന്നെയാണ് മുഖ്യമന്ത്രിക്കായും പ്രവര്‍ത്തിക്കുന്നത്. കൊവിഡിന് ശേഷം പിആര്‍ ഏജന്‍സി മുഖ്യമന്ത്രിയോടൊപ്പമുണ്ട്. അന്ന് നടത്തിയ വാര്‍ത്താ സമ്മേളനങ്ങള്‍ പിആര്‍ ഏജന്‍സി പറഞ്ഞിട്ടാണ്.
നവകേരള സദസും പിആര്‍ പരിപാടിയായിരുന്നുവെങ്കിലും അതു പൊളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു. മലപ്പുറത്തെ മുഴുവന്‍ ജനങ്ങളെയും അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത് അദ്ദേഹം ഈ കാര്യത്തില്‍ പരസ്യമായി മാപ്പ് പറയണം. ഉടഞ്ഞ വിഗ്രഹമാണ് മുഖ്യമന്ത്രി. അതിനെ നന്നാക്കാന്‍ പിആര്‍ ഏജന്‍സിയെകൊണ്ട് കഴിയില്ല
നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള പാഴ് വേലയാണ് മുഖ്യമന്ത്രി നടത്തുന്നത്. മുഖ്യമന്ത്രിയും ആര്‍എസ്എസും തമ്മിലുള്ള പാലമാണ് എഡിജിപിയെന്നും ചെന്നിത്തല പറഞ്ഞു. സിപിഐക്ക് മുഖ്യമന്ത്രിയെ തിരുത്താനുള്ള ത്രാണിയില്ല. അത് പിണറായിക്കും അറിയാം. നിയമസഭയ്ക്ക് പുറത്തും എഡിജിപി വിഷയം ഉന്നയിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
അന്‍വറിനെ കോണ്‍ഗ്രസിലേക്ക് എടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഈ കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് താനല്ലെന്നും ചെന്നിത്തല പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, നേതാക്കളായ ടി ഒ മോഹനന്‍, റിജില്‍ മാക്കുറ്റി എന്നിവരും പങ്കെടുത്തു.
#KeralaPolitics #Congress #BJP #RSS #PinarayiVijayan #RameshChennithala #IndiaNews