Criticism | പിണറായിയില്‍ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്ന് വി ഡി സതീശന്‍
● ഉദ്ഘാടനം ചെയ്യാന്‍ എത്തുന്നതിന്റെ തലേദിവസം അക്രമം.
● ഓഫീസ് അടിച്ചു തകര്‍ക്കുകയും സിസിടിവി ക്യാമറ തല്ലിപ്പൊളിക്കുകയും ചെയ്തു.
● ജീവന്‍ പണയം വച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നു.
● പെട്രോള്‍ ഒഴിച്ച് വാതിലുകള്‍ക്ക് തീയിട്ടു.
തലശേരി: (KVARTHA) കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിലെ പാര്‍ട്ടി ഓഫീസാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പിണറായി പഞ്ചായത്തിലെ കോഴൂര്‍ കനാല്‍കരയില്‍ തീവെക്കുകയും അടിച്ചു തകര്‍ക്കുകയും ചെയ്ത പ്രിയദര്‍ശിനി മന്ദിരം കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫിസ് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തുന്നതിന്റെ തലേദിവസമാണ് ഓഫീസ് അടിച്ചു തകര്‍ക്കുകയും സിസിടിവി ക്യാമറ തല്ലിപ്പൊളിക്കുകയും പെട്രോള്‍ ഒഴിച്ച് വാതിലുകള്‍ക്ക് തീയിടുകയും ചെയ്തത്. എന്തൊരു ജനാധിപത്യമാണ് കേരളത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ മറ്റൊരു പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കില്ലെന്നു പറയുന്നത് ഏകാധിപത്യമാണ്. ഏകാധിപതിയായ മുഖ്യമന്ത്രി ഇതിന് ഉത്തരം പറയണം.
ഉത്തരവാദികളായ എല്ലാവര്‍ക്കും എതിരെ നടപടിയെടുക്കാനും അവരെ തള്ളിപ്പറയാനും സി.പി.എം തയാറാകണം. ഇത്തരം ആളുകളുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അവരുമായി ബന്ധമില്ലെന്നാണ് സി.പി.എം പറയുന്നത്. ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയപ്പോഴും പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് സി.പി.എം പറഞ്ഞത്. കൊലപാതകം ഉള്‍പ്പെടെ എന്തു വൃത്തികേട് ചെയ്താലും പാര്‍ട്ടിക്ക് ബന്ധം ഇല്ലെന്ന സ്ഥിരം സാധനം പാര്‍ട്ടി ഓഫീസില്‍ എഴുതി വച്ചിട്ടുണ്ട്. അത് ഇവിടെ വേണ്ട.
കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. വഴിയെ പോകുന്ന ആരും കോണ്‍ഗ്രസ് ഓഫീസിന് തീയിടില്ല. ഇത് കേരളത്തില്‍ ഉടനീളെ നടന്നുകൊണ്ടിരിക്കുകയാണ്. ഐ.ടി.ഐയില്‍ കെ.എസ്.യു യൂണിറ്റ് കമ്മിറ്റി തുടങ്ങിയതിന്റെ പേരില്‍ എല്ലാ ദിവസവും ആ കുട്ടികളെ മര്‍ദിക്കുകയാണ്. ഒരു തരത്തിലും സംഘടനാ പ്രവര്‍ത്തനവും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനവും നടത്താന്‍ അനുവദിക്കില്ലെന്ന ധിക്കാരമാണ്. അതിനെ ചെറുത്ത് തോല്‍പ്പിക്കും. ഏകാധിപത്യം കയ്യില്‍ വച്ചാല്‍ മതി. ജനാധിപത്യ വാദികളെയെല്ലാം ഒന്നിച്ചു കൂട്ടി ഏകാധിപത്യത്തിന് എതിരെ അതിശക്തമായി പോരാടും.
ജീവന്‍ പണയം വച്ചും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന സഹപ്രവര്‍ത്തകരെ കാണുന്നതിനു വേണ്ടിയാണ് താന്‍ പിണറായിയില്‍ എത്തിയത്. മുഖ്യമന്ത്രിയുടെ നാട്ടില്‍ പോലും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അവസരം നല്‍കില്ലെന്ന അധികാരത്തിന്റെ അഹങ്കാരവും ധിക്കാരവും അവസാനിപ്പിച്ചേ മതിയാകൂ. അതിനു വേണ്ടിയുള്ള പോരാട്ടവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകും.
മാടായിയിലേത് പ്രാദേശിക വിഷയമാണ്. പാര്‍ട്ടി ഇടപെട്ട് അത് രമ്യമായി പരിഹരിക്കും. എം.കെ രാഘവന്‍ എം.പിയുമായും ഡി.സി.സി അധ്യക്ഷനുമായും വിഷയം സംസാരിച്ചു. കെ.പി.സി.സി പ്രസിഡന്റുമായി ആലോചിച്ച് വിഷയം പരിഹരിക്കും. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കും. കോണ്‍ഗ്രസിലെ നേതൃമാറ്റം സംബന്ധിച്ച് പാര്‍ട്ടിയില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഇപ്പോള്‍ പുറത്തുവരുന്നതെല്ലാം മാധ്യമ വാര്‍ത്തകളാണ്. ഈ വാര്‍ത്തകളെ കുറിച്ച് അറിയില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
സംഘടനാപരമായ കാര്യങ്ങളിലുള്ള അഭിപ്രായം മാധ്യമങ്ങളോട് പറയില്ല. അതിന് അതിന്റേതായ വേദികളുണ്ട്. അത് എല്ലാവര്‍ക്കുമുണ്ട്. തിരിച്ചു വരവിന് വേണ്ടിയുള്ള വലിയൊരു തയ്യാറെടുപ്പ് നടക്കുകയാണ്. ഇരുപത് വര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസും യു.ഡി.എഫും ഒരു അഭിപ്രായ വ്യത്യാസവുമില്ലാതെ ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്ന കാലമാണിത്. ഉജ്ജ്വലമായ തിരഞ്ഞെടുപ്പ് വിജയം വയനാട്ടിലുണ്ടായി. ഷാഫി പറമ്പില്‍ വിജയിച്ചതിന്റെ അഞ്ചിരട്ടി ഭൂരിപക്ഷത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിജയിച്ചു. 39600 വോട്ടിന് കെ രാധാകൃഷ്ണ വിജയിച്ച ചേലക്കരയില്‍ അവരുടെ വിജയം 12000 വോട്ടിലേക്ക് ചുരുക്കിയത്. ഒറ്റക്കെട്ടായി മുന്നോട്ട് പോകും.
മാധ്യമങ്ങളോടല്ല സംഘടനാപരമായ കാര്യങ്ങള്‍ പറയേണ്ടത്. അത് പറയേണ്ട സ്ഥലങ്ങളില്‍ പറയേണ്ട രീതിയില്‍ പറയും. ഞങ്ങളുടേത് ജനാധിപത്യ പാര്‍ട്ടിയാണ്. വി.ഡി സതീശനോ കെ സുധാകരനോ പോക്കറ്റില്‍ നിന്നും കടലാസ് എടുത്ത് ഇതാണ് തീരുമാനമെന്നുപറഞ്ഞാല്‍ കയ്യടിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ചെറുപ്പക്കാര്‍ വരെ അതിനെ ചോദ്യം ചെയ്യും. സി.പി.എമ്മിനെ പോലെയല്ല, ജനാധിപത്യപരമായ ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ നടക്കും. എല്ലാവര്‍ക്കും അതിനുള്ള അവസരം പാര്‍ട്ടി കമ്മിറ്റികളിലുണ്ട്. അവിടെ എല്ലാവരും അഭിപ്രായം പറയുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
എം.വി ജയരാജനെപ്പോലെ എല്ലാവരും പറയുന്നതിന് മറുപടി പറയാനാകില്ല. എന്നെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം വേറെയാണ്. അത് ഭംഗിയായും ചിട്ടയായും എല്ലാവരെയും കൂട്ടിയോജിപ്പിച്ച് ഒറ്റക്കെട്ടായാണ് പോകുന്നത്. തിരഞ്ഞെടുപ്പ് രംഗത്ത് എല്ലാവരുടെയും സഹായവും സഹകരണവും ഉണ്ടായിട്ടുണ്ട്. പരാതി പറയാന്‍ ഒരാളും അവസരം നല്‍കിയില്ല.
അതുപോലൊരു ടീം വര്‍ക്കാണ് യു.ഡി.എഫിലും കോണ്‍ഗ്രസിലും നിന്നുണ്ടായത്. ജനാധിപത്യ പാര്‍ട്ടികളാകുമ്പോള്‍ ചില ചര്‍ച്ചകളൊക്കെ വരും. മുതിര്‍ന്ന നേതാക്കളും ചെറുപ്പക്കാരും അഭിപ്രായം പറഞ്ഞാല്‍ അത് ഗൗരവത്തോടെ ചര്‍ച്ച ചെയ്യും. മുതിര്‍ന്ന നേതാക്കളുടെ അനുഭവവും ചെറുപ്പക്കാരുടെ ആവേശവും ബ്ലെന്‍ഡ് ചെയ്തുള്ള തിരഞ്ഞെടുപ്പ് രീതിയും ശൈലിയുമാണ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നടപ്പാക്കിയതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
#VDSatheesan #Congress #KeralaPolitics #Pinarayi #CPM #PoliticalAllegations