Tribute | കെപി കുഞ്ഞിക്കണ്ണന്റെ വിയോഗത്തിലൂടെ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത് ആദര്‍ശ ശുദ്ധിയുള്ള നേതാവിനെ: കെ സി വേണുഗോപാല്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സഹോദരതുല്യമായ സ്നേഹമായിരുന്നു.
● ചിരിച്ച മുഖത്തോടെ ശാസിക്കുകയും നേര്‍വഴിക്ക് നടത്തുകയും ചെയ്തു.
● കോണ്‍ഗ്രസ് പ്രസ്ഥാനം വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
● ജില്ലയുടെ വികസനത്തില്‍ കെപിയുടെ പങ്ക് വിലമതിക്കാത്തത്.
കണ്ണൂര്‍: (KVARTHA) കെപി കുഞ്ഞിക്കണ്ണന്റെ (KP Kunhikannan) വിയോഗത്തിലൂടെ നന്മയുള്ള ആദര്‍ശ ശുദ്ധിയുള്ള നിഷ്‌കളങ്കമായ മുഖമാണ് കോണ്‍ഗ്രസ് പാര്‍ടിക്ക് നഷ്ടപ്പെട്ടതെന്ന് കെ സി വേണുഗോപാല്‍ (KC Venugopal) അനുസ്മരിച്ചു. കണ്ണൂര്‍ ഡിസിസിയില്‍ പൊതുദര്‍ശനത്തിനുവെച്ച കെപി കുഞ്ഞിക്കണ്ണന്റെ ഭൗതിക ദേഹത്തില്‍ അന്ത്യോപചാരം അര്‍പിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥി സംഘടനാക്കാലത്ത് ഞങ്ങള്‍ക്കെല്ലാം രക്ഷിതാവിന്റേത് പോലുള്ള സംരക്ഷണം നല്‍കിയ നേതാവാണ് കെപി കുഞ്ഞിക്കണ്ണന്‍. ചിരിച്ച മുഖത്തോടെ ശാസിക്കുകയും നേര്‍വഴിക്ക് നടത്തുകയും ചെയ്ത നേതാവ്. പയ്യന്നൂരിലെ ബില്‍ഡിങ് കോപറേറ്റീവ് സൊസൈറ്റിയുടെ ഓഫീസിലാണ് അദ്ദേഹം ഉണ്ടാവുക. തമാശകളും ഗൗരവമുള്ള വിശേഷങ്ങളും ഊണും ഉറക്കവുമൊക്കെയായി ഒരുപാട് നാളുകള്‍ അവിടെ ചെലവഴിച്ചിട്ടുണ്ട്. അന്ന് കെ എസ് യു പ്രവര്‍ത്തനകാലത്ത് എതിര്‍ചേരിയിലുള്ളവരില്‍ നിന്ന് ആക്രമണം നേരിടേണ്ടി വന്ന ഘട്ടങ്ങളില്‍ ആശ്രയമായിരുന്നു കെപി കുഞ്ഞിക്കണ്ണനും അദ്ദേഹത്തിന്റെ സൊസൈറ്റിയുടെ ഓഫീസെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
പിന്നീട് കെ എസ് യു സംസ്ഥാന പ്രസിഡന്റായി തിരുവനന്തപുരത്തേക്ക് ചെല്ലുന്ന കാലത്താണ് ആ കരുത്തിന്റെ തീവ്രത എനിക്കേറെ ബോധ്യപ്പെട്ടത്. കോണ്‍ഗ്രസ് സഹപ്രവര്‍ത്തകന്‍ എന്നതിനപ്പുറം സഹോദരതുല്യമായ സ്നേഹമായിരുന്നു അദ്ദേഹം എനിക്ക് നല്‍കിയത്. അക്കാലത്ത് എനിക്ക് താങ്ങും തണലുമായി നിന്നത് കെപി കുഞ്ഞിക്കണ്ണനായിരുന്നു.
സംഘടനാ പ്രവര്‍ത്തനത്തിന്റെ ചിട്ടയായ വഴികള്‍ അദ്ദേഹം എനിക്ക് പകര്‍ന്നുനല്‍കി. ഉത്തരവാദിത്വവും അച്ചടക്കവും ഉള്ള വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തകനായി എന്നെ മാറ്റിയത് അദ്ദേഹത്തിന്റെ ഈ വഴികാട്ടലാണ്. കഴിഞ്ഞദിവസം ആശുപത്രിയില്‍ ചെന്ന് അദ്ദേഹത്തെയും കുടുംബത്തെയും കാണുമ്പോള്‍ തിരിച്ചുവരുമെന്ന് അത്രയേറെ പ്രതീക്ഷയുണ്ടായിരുന്നു. അത്രമേല്‍ താനത് ആഗ്രഹിച്ചിരുന്നെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
കണ്ണൂര്‍ ജില്ലക്കാരനാണെങ്കിലും കാസര്‍കോട് കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹം സംഘടനാ പ്രവര്‍ത്തനം നടത്തിയത്. കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വഹിക്കാനായി. കെപിയുടെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ പ്രദേശങ്ങളും സഞ്ചരിച്ച് നടത്തിയ ഗ്രാമയാത്ര കോണ്‍ഗ്രസിന് പുതിയ ഊര്‍ജവും ശക്തിയും നല്‍കിയിരുന്നു.
അതുകൊണ്ടുതന്നെ കാസര്‍കോട് ജില്ല രൂപീകരിച്ചതിനുശേഷം മറ്റൊരു ഡിസിസി പ്രസിഡന്റിനെക്കുറിച്ച് പ്രസ്ഥാനത്തിന് ആലോചിക്കേണ്ടി വന്നില്ല. വടക്കന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ സൗമ്യമുഖം കൂടിയായിരുന്ന കെപി കുഞ്ഞിക്കണ്ണന്‍ കാസര്‍കോട്ടിലെ ജനകീയനായ പൊതുപ്രവര്‍ത്തകനായിരുന്നെന്നും കെ സി വേണുഗോപാല്‍ അനുസ്മരിച്ചു.
#KPKunhikannan #Congress #Leadership #Tribute #KCVenugopal #Kannur
