Leadership Crisis | കോൺഗ്രസ് നേതൃയോഗം ചേരാൻ ഇനി രക്ഷ 'എഐ സാങ്കേതികവിദ്യ'; നേതാക്കൾ നാലുവഴിക്ക്; പട തുടങ്ങും മുമ്പേ പാളയത്തിൽപ്പട


ADVERTISEMENT
● കെപിസിസിയുടെ ഉന്നതാധികാര സമിതി യോഗം ചേരാൻ കഴിഞ്ഞിട്ടില്ല
● പാർട്ടിയിൽ നേതൃത്വം പിഴവുകൾ ഉണ്ടാകുന്നു
● നേതാക്കൾ തമ്മില്‍ അസ്വാരസ്യവും പിണക്കവും
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) പാർട്ടിയുടെ തലവിധിയായ പടലപ്പിണക്കം കാരണം പടവലങ്ങപ്പോലെ കീഴോട്ട് പോവുകയാണ് കേരളത്തിൽ കോൺഗ്രസ്. വയനാട് ഡിസിസി ട്രഷററുടെയും മകൻ്റെയും ആത്മഹത്യയും അതിനെ തുടർന്ന് ഉയരുന്ന വിവാദങ്ങളും പാർട്ടിക്ക് എത്രമാത്രം ക്ഷീണം ചെയ്തുവെന്ന് വരും നാളുകളിൽ അറിയാം. പാർട്ടിയിൽ ഉയർന്നുവന്ന വിഷയം പരിഹരിക്കുന്നതിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ പരാജയപ്പെട്ടു. ശബ്ദമുയർത്തി സിപിഎമ്മിനും സർക്കാരിനുമെതിരെ ഘോര പ്രസംഗം നടത്തുന്ന സുധാകരൻ്റെ 'ചെമ്പ് തെളിഞ്ഞിരിക്കുകയാണ്' കഴിഞ്ഞ കാല സംഭവങ്ങളിലൂടെ.

പാർട്ടിയെ ഒറ്റക്കെട്ടായി നയിക്കാനുള്ള കഴിവ് കെ സുധാകരനില്ല. പരസ്പരം ഭയക്കുകയും രഹസ്യമായി പോരടിക്കുകയുമാണ് പാർട്ടി നേതാക്കൾ. സുധാകരന് വി.ഡി സതീശനെ ഭയം, സതീശന് ചെന്നിത്തലയെ ഭയം, ഇവർക്കെല്ലാം കെ സി വേണുഗോപാലിനെ ഭയം, ഇങ്ങനെയാണ് പാർട്ടിയിലെ കാര്യങ്ങൾ. കെ.പി.സി.സി പുന:സംഘടന നടത്തേണ്ട കാര്യം പോലും മറന്നുപോവുകയാണ് നേതാക്കൾ. ഇക്കാര്യത്തിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്.
പുന:സംഘടന വൈകുന്നത് ഭിന്നത കാരണമെന്നാണ് ഹൈക്കമാൻഡിൻ്റെ വിമർശനം. രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിയതിലും ദേശീയ നേതൃത്വം അതൃപ്തിയിലാണ്. കഴിഞ്ഞ തവണ എത്തിയ കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി സംസ്ഥാന നേതാക്കളെ കാണാതെ മടങ്ങുകയായിരുന്നു. രാഷ്ട്രീയ സമിതിയിൽ പങ്കെടുക്കാനായിരുന്നു ദീപദാസ് മുൻഷി കേരളത്തിലെത്തിയത്. രാഷ്ട്രീയകാര്യ സമിതിയി യോഗം മാറ്റിവെച്ചതിനെ തുടർന്നായിരുന്നു ദീപദാസ് മുൻഷി കേരളത്തിലെ നേതാക്കളെ കാണാതെ ഡൽഹിയിലേയ്ക്ക് മടങ്ങിയത്.
സംസ്ഥാനത്തെ പാർട്ടിയെ സംബന്ധിച്ച് അതിനിർണായകമായ യോഗത്തിൽ പങ്കെടുക്കാൻ പോലും നേതാക്കൾ തയ്യാറാകാത്തതിനെ ഗൗരവത്തോടെയാണ് ദേശീയ നേതൃത്വം കാണുന്നത്. സംസ്ഥാന നേതാക്കളുടെ സമീപനത്തിൽ ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ദേശീയ നേതൃത്വത്തിൻ്റെ അറിവോ സമ്മതമോ ഇല്ലാതെ യോഗം മാറ്റിയതും അതൃപ്തിയ്ക്ക് വഴിവെച്ചിട്ടുണ്ട്. നേതാക്കളുടെ അസൗകര്യം മൂലം രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിയെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രധാനപ്പെട്ട നേതാക്കളാരും തിരുവനന്തപുരത്തില്ലെന്നും ഓൺലൈനായി യോഗത്തിൽ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നെന്നുമാണ് കെപിസിസി പ്രസിഡൻ്റ് പറയുന്നത്.
എന്നാൽ നേതാക്കൾ തമ്മിലുള്ള അസ്വാരസ്യവും പിണക്കവുമാണ് യോഗം മാറ്റാനുള്ള കാരണമെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും പുറത്തുവരുന്ന വിവരം. തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കവും പുനഃസംഘടനയും വിശദമായ ചർച്ച ചെയ്യുകയെന്നതായിരുന്നു നിർണായക രാഷ്ട്രീയകാര്യ സമിതി യോഗത്തിൻ്റെ അജൻഡ. യോഗത്തിൽ പങ്കെടുക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും തിരുവനന്തപുരത്തുണ്ടായിരുന്നുവെങ്കിലും മറ്റു നേതാക്കളുടെ പൊടിപോലും ഉണ്ടായിരുന്നില്ല.
നേതാക്കൾ നാലുവഴിക്ക് പോകുന്ന കോൺഗ്രസ്, യുഡിഎഫിലെ മറ്റു പാർട്ടികൾക്കും ജനങ്ങൾക്കും നിരാശയുണ്ടാക്കുന്നുണ്ട്. മാധ്യമ ശ്രദ്ധ പറ്റാനുള്ള ഗിമ്മിക്കുകൾ മാത്രമണ് കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും കാണിക്കുന്നത്. ഇതിപ്പുറം ക്രിയാത്മകമായി പരസ്പരം ഇടപെടാൻ കഴിയാത്തതിൻ്റെ ദുരന്തമാണ് കോൺഗ്രസ് ഇന്ന് അനുഭവിക്കുന്നത്. കെപിസിസി ഉന്നതാധികാര സമിതി യോഗം ചേരണമെങ്കിൽ 'ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്' സാങ്കേതികവിദ്യ ഉപയോഗിക്കേണ്ട അവസ്ഥയിലാണോ നേതൃത്വം എന്ന പരിഹാസമാണ് ഉയരുന്നത്.
കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന ഘടകമായ കെപിസിസിയുടെ ഉന്നതാധികാര സമിതി യോഗം ചേരാൻ പോലും സാധിക്കാത്ത അവസ്ഥയാണെങ്കിൽ, നേതൃത്വത്തിന് കാര്യമായ പ്രശ്നങ്ങളുണ്ടെന്നും, ഒരുപക്ഷേ 'ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്' അഥവാ കൃത്രിമ ബുദ്ധി ഉപയോഗിച്ച് മാത്രമേ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ എന്നുമുള്ള പരിഹാസത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
#CongressLeadership #KeralaPolitics #KPCC #AIinPolitics #CongressCrisis #InternalConflicts