കോൺഗ്രസിനെ ഇനി ക്രിസ്ത്യാനികൾ തീരുമാനിക്കട്ടെ, ജനങ്ങൾ സിപിഎം മുഖ്യമന്ത്രിയെയും തീരുമാനിക്കും!


● 'ആന്റോ ആന്റണിയുടെയും സണ്ണി ജോസഫിന്റെയും പേരുകൾ പരിഗണനയിൽ.'
●'കെ. സുധാകരനെ മാറ്റുന്നത് തിരഞ്ഞെടുപ്പിൽ ദോഷം ചെയ്യും.'
● 'തൃശൂരിലെ ബിജെപി വിജയം ക്രിസ്ത്യൻ വോട്ടുകളുടെ സ്വാധീനം.'
● കത്തോലിക്കാ സഭയും കോൺഗ്രസും തമ്മിലുള്ള ബന്ധം ലേഖകൻ വിലയിരുത്തുന്നു.
● 'തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി ഉണ്ടാകാൻ സാധ്യത.'
● 'മത മേലധ്യക്ഷന്മാർ രാഷ്ട്രീയത്തിൽ അഭിപ്രായം പറയേണ്ടതില്ല.'
സോണി കല്ലറയ്ക്കൽ
(KVARTHA) കേരളത്തിൽ കോൺഗ്രസും ബി.ജെ.പിയും ഇപ്പോൾ ലക്ഷ്യമിടുന്നത് ക്രിസ്ത്യാനികളുടെ പ്രീതി നേടാനാണ്. ഏറ്റവും പുതിയതായി കേൾക്കുന്നത്, കേരളത്തിലെ കത്തോലിക്കാ ബിഷപ്പുമാരുടെ അഭ്യർത്ഥനയെ മാനിച്ച് കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഒരു ക്രിസ്ത്യൻ നേതാവിനെ കൊണ്ടുവരാൻ ഹൈക്കമാൻഡ് തലത്തിൽ വലിയ നീക്കങ്ങൾ നടക്കുന്നുവെന്നാണ്. കെ. സുധാകരനെ സംസ്ഥാന കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് മാറ്റി, കത്തോലിക്കാ വിഭാഗത്തിൽ നിന്നുള്ള ഒരു നേതാവിനെ പുതിയ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം.
കെ. സുധാകരനെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കി ഒരു ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടയാളെ സംസ്ഥാന കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്ത് കൊണ്ടുവന്നാൽ, ക്രിസ്ത്യാനികളുടെ മുഴുവൻ വോട്ടും കോൺഗ്രസിന് ലഭിക്കുമെന്ന് എങ്ങനെ ഉറപ്പിക്കാനാകും? ഇനി വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അധികാരത്തിൽ എത്താൻ മുസ്ലിം, ഹൈന്ദവ വിഭാഗങ്ങളുടെ വോട്ടുകൾ ആവശ്യമില്ലെന്നും ക്രിസ്ത്യാനികളുടെ വോട്ട് മാത്രം മതിയെന്നും കരുതുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ, കേരളത്തിലെ ജനങ്ങൾക്ക് സി.പി.എം മുഖ്യമന്ത്രിയെ മാത്രം തീരുമാനിച്ചാൽ മതിയാകും.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പിയിലെ സുരേഷ് ഗോപി വിജയിച്ചത്, ക്രിസ്ത്യാനികളിൽ ഭൂരിഭാഗം പേരും ബി.ജെ.പിക്ക് വോട്ട് ചെയ്തതിൻ്റെ ഫലമായാണ്. മാതാവിന് കിരീടം ലഭിച്ചപ്പോൾ സഭ രാഷ്ട്രീയ നിലപാട് മാറ്റിയത് വ്യക്തമാണ്. കേരള കോൺഗ്രസ് (എം) എന്ന സഭയുടെ പാർട്ടി ഇന്ന് എവിടെയാണെന്ന് ഓർക്കണം. ‘കത്തോലിക്കാ സഭ - ഇന്ത്യൻ നാഷണൽ കോൺഗ്രസ്’ എന്ന സമവാക്യം സഭ എന്നേ ഉപേക്ഷിച്ചു കഴിഞ്ഞു. ഇത് സാമാന്യബോധമുള്ള കോൺഗ്രസ് പ്രവർത്തകർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. അതുകൊണ്ട് കോൺഗ്രസ് അധ്യക്ഷനെ കോൺഗ്രസ് എന്ന പാർട്ടി നേതൃത്വം തന്നെയാണ് തീരുമാനിക്കേണ്ടത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ അടുത്ത് വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ കെ. സുധാകരനെ കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് മാറ്റുന്നത് ഗുണം ചെയ്യുമോയെന്ന് കോൺഗ്രസ് നേതൃത്വം ഗൗരവമായി ആലോചിക്കേണ്ടതാണ്.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഇപ്പോൾ പരിഗണിക്കുന്നത് പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെയും പേരാവൂർ എംഎൽഎ സണ്ണി ജോസഫിൻ്റെയും പേരുകളാണ് എന്നാണ് അറിയുന്നത്. ഇതിൽ കൂടുതൽ സാധ്യത ആന്റോ ആന്റണിക്കാണ്. എന്നാൽ ആന്റോ ആന്റണി ഒരു ജനകീയ നേതാവല്ല. മുൻപ് അദ്ദേഹം കോട്ടയം ഡി.സി.സി പ്രസിഡൻ്റ് ആയിരുന്നു. ആ സമയത്താണ് അദ്ദേഹത്തെ കോട്ടയം പാർലമെൻ്റ് സീറ്റിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിപ്പിച്ചത്. അന്ന് സുരേഷ് കുറുപ്പിനോട് വലിയ ഭൂരിപക്ഷത്തിൽ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. രമേശ് ചെന്നിത്തല ഇവിടെ പല തവണ എം.പി ആയ മണ്ഡലമാണത് എന്ന് ഓർക്കണം. പിന്നീട് പുതുതായി രൂപം കൊണ്ട പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി മുൻകൈയെടുത്ത് ആന്റോയ്ക്ക് സീറ്റ് നൽകുകയായിരുന്നു. പത്തനംതിട്ട ലോക്സഭാ മണ്ഡലം എന്നും യു.ഡി.എഫിൻ്റെ ശക്തികേന്ദ്രമായിരുന്നു. അതുകൊണ്ടാണ് ആന്റോ അവിടെ വിജയിച്ചു വരുന്നത്. കോൺഗ്രസിൻ്റെ മേൽക്കോയ്മയുടെ സുവർണ്ണ കാലഘട്ടത്തിലാണ് ആന്റോ ആന്റണി പത്തനംതിട്ടയുടെ പ്രതിനിധിയാകുന്നത്. എന്നാൽ ഇന്ന് ആ പത്തനംതിട്ടയുടെ അവസ്ഥ എന്താണ്? എല്ലാ നിയമസഭാ മണ്ഡലങ്ങളും എൽ.ഡി.എഫ് സ്വന്തമാക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലത്തിലെത്തുന്ന എം.പി എന്ന വിശേഷണവും ആന്റോയ്ക്കുണ്ട്. ഇങ്ങനെയൊരാളെ ക്രിസ്ത്യാനികളെ തൃപ്തിപ്പെടുത്താൻ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റാക്കി കൊണ്ടുവന്നാൽ, കോൺഗ്രസിൻ്റെ ഏറ്റവും വലിയ നാശമായിരിക്കും ഇനി കാണാൻ പോകുന്നത്. ഇത് വീണ്ടും എൽ.ഡി.എഫിന് തുടർഭരണം ലഭിക്കാൻ സഹായിക്കുകയും ചെയ്യും.
കത്തോലിക്കാ സഭയെ മാത്രം വിശ്വസിച്ച് കോൺഗ്രസ് രാഷ്ട്രീയപരമായ മണ്ടത്തരം കാണിക്കരുത്. കോൺഗ്രസിന് കത്തോലിക്കാർക്ക് എതിരല്ല നിലപാട്. ഏറ്റവും കൂടുതൽ സഭയുമായി അടുപ്പമുള്ള നേതാവാണ് കെ. സുധാകരൻ. അതുപോലെ, ഏറ്റവും കൂടുതൽ സഭയ്ക്ക് അനുകൂലമായ നിലപാടുണ്ടായിരുന്നത് കരുണാകരനായിരുന്നു. എന്നാൽ ആ കരുണാകരൻ്റെ മകനോട് സഭ തൃശൂരിൽ കാണിച്ചത് എല്ലാവരും കണ്ടതാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു മതങ്ങളുടെയും മേലധ്യക്ഷന്മാർ അഭിപ്രായങ്ങൾ പറയേണ്ട ആവശ്യമില്ല. ഇവിടെ ക്രിസ്ത്യാനിയും, ഹിന്ദുവും, മുസ്ലീമും അവരുടെ വിശ്വാസവും സ്നേഹവും, കാരുണ്യവും പരസ്പരം കാത്തുസൂക്ഷിക്കുക. നല്ല സൗഹൃദങ്ങൾ കെട്ടിപ്പടുക്കുക. രാഷ്ട്രീയത്തിൽ ജനദ്രോഹ നടപടികൾ ഉണ്ടായാൽ അത് തിരുത്താൻ ഒറ്റക്കെട്ടായി പോരാടുക. അതാണ് ഇവിടെ ആവശ്യം.
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളെ കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ്റെ നേതൃത്വത്തിൽ നേരിടണം. അതിനുശേഷം പാർട്ടിയുടെ പ്രകടനം വിലയിരുത്തിയതിന് ശേഷമാകണം കെ.പി.സി.സി പ്രസിഡണ്ടിനെ മാറ്റണോ വേണ്ടയോ എന്ന് ചർച്ച ചെയ്ത് തീരുമാനിക്കേണ്ടത്. ഇപ്പോൾ കെ.പി.സി.സി പ്രസിഡണ്ടിനെ മാറ്റുന്നത് തദ്ദേശ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പാർട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. അത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഗുണം ചെയ്യുകയും ചെയ്യും. അതുകൊണ്ട് സംസ്ഥാന കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്തെക്കുറിച്ചുള്ള അനാവശ്യമായ ചർച്ചകളിൽ നിന്ന് പാർട്ടി നേതാക്കളും പ്രവർത്തകരും വിട്ടുനിൽക്കുകയാണ് ഉചിതം. ഈ അവസരത്തിൽ സുധാകരനെ മാറ്റി ആന്റോയെപ്പോലുള്ളവരെ പ്രതിഷ്ഠിക്കുന്നത് ശരിക്കും അന്ധൻ ആനയെ തൊട്ടതിന് തുല്യമാകും.
കോൺഗ്രസിലെ ഈ രാഷ്ട്രീയ നീക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The article criticizes Congress's alleged move to appoint a Christian leader as KPCC president, arguing it's a political blunder that could backfire in upcoming elections and benefit the LDF.
#KeralaPolitics, #Congress, #LDF, #KPCC, #ChristianCommunity, #PoliticalDebate