Criticism | അൻവറിന്റെ 'ഹിന്ദു വിളി' എ കെ ബാലനെ പൊള്ളിക്കുന്നത് എന്തുകൊണ്ട്?

 
CM's Remarks Spark Controversy
CM's Remarks Spark Controversy

Photo Credit: Facebook/ PV ANVAR, A.K Balan

● പി വി അൻവറിനെതിരെ എ.കെ. ബാലൻ രൂക്ഷ വിമർശനം ഉന്നയിച്ചു.
● എ.കെ. ബാലൻ പിണറായി വിജയനെ പിന്തുണച്ചു.
●  മുഖ്യമന്ത്രിയുടെ പ്രസ്താവന അൻവർ വളച്ചൊടിച്ചു എന്നാരോപിച്ചു.

കെ ആർ ജോസഫ്

(KVARTHA) മലപ്പുറം എന്ന് ആവർത്തിച്ച് പറയുന്നത് എന്തിനെന്ന കാര്യം കേവലം 'ബാല'നായ താങ്കൾക്ക് ഇപ്പോഴും തിരിഞ്ഞില്ലേ? പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ എ കെ ബാലന്‍ രംഗത്തെത്തിയതാണ് ചർച്ചയാകുന്നത്. മലപ്പുറം ജില്ലയില്‍ നിന്ന് സ്വര്‍ണം പിടിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ അത് മലപ്പുറത്തുകാരെ അപമാനിക്കലാകുമോ എന്ന് എ കെ ബാലന്റെ ചോദ്യമാണ് ചർച്ചകൾക്ക് വഴിവെച്ചത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ അഭിമുഖത്തെ വക്രീകരിച്ചുള്ള പ്രചാരണമാണ് നടക്കുന്നതെന്ന് എ കെ ബാലന്‍ പറഞ്ഞു. ഹിന്ദു പത്രം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന അന്‍വര്‍ വക്രീകരിച്ചത്. ഹിന്ദു, ഹിന്ദു എന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു. ഹിന്ദു പത്രം വര്‍ഗീയതയ്ക്ക് എതിരെ നിലപാട് സ്വീകരിക്കുന്ന പത്രമാണ്. എന്നിട്ടും ഹിന്ദു, ഹിന്ദു എന്ന് ആവര്‍ത്തിച്ച് പറയുന്നതിലെ ലക്ഷ്യം വ്യക്തമാണെന്നും എ കെ ബാലന്‍ പറഞ്ഞു. 

ഹിന്ദു പത്രം ഒന്നു കൂടി വായിക്കണം. സംഘപരിവാറിന് എതിരെ രൂക്ഷമായ നിലപാടാണ് ലേഖനത്തില്‍ ഉള്ളത്. സ്വര്‍ണക്കടത്ത്, ഹവാല പണം പിണറായി വിജയന്‍ മുക്കുന്നു എന്നായിരുന്നല്ലോ ആരോപണം?. എന്നാല്‍ പറഞ്ഞതിന് ഘടക വിരുദ്ധമായി സ്വര്‍ണവും പണവും പിടികൂടുകയാണ് ചെയ്തത്. 160 കിലോ സ്വര്‍ണം പിടികൂടി. കരിപ്പൂര്‍ മലപ്പുറം ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ നിന്ന് സ്വര്‍ണം പിടിച്ചു എന്ന് പറഞ്ഞാല്‍ അത് മലപ്പുറത്തുകാരെ അപമാനിക്കലാകുമോ എന്ന് എ കെ ബാലന്‍ ചോദിച്ചു. 

സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ട കേസില്‍ സ്വര്‍ണം പിടിച്ചത് തിരുവനന്തപുരത്ത് നിന്നാണ്. തിരുവനന്തപുരത്ത് നിന്ന് സ്വര്‍ണം പിടിച്ചെന്ന് പറഞ്ഞാല്‍ തിരുവനന്തപുരത്തുകാരെ അപമാനിക്കല്‍ ആകുമോ എന്നും തിരുവനന്തപുരത്ത് കൂടുതല്‍ ഹിന്ദുക്കള്‍ അല്ലേ എന്നും എ കെ ബാലന്‍ ചോദിച്ചു. പി വി അന്‍വര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്നും എ കെ ബാലന്‍ പറഞ്ഞു. അന്‍വര്‍ ഇത് അവസാനിപ്പിക്കുന്നതാണ് നല്ലത്. അന്‍വറുമായി ആരെങ്കിലും സഹകരിക്കുമെന്ന് വിശ്വസിക്കുന്നില്ല. 

അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ശക്തമായ അന്വേഷമാണ് നടക്കുന്നത്. ഒരാഴ്ച പോലും കാത്തിരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. പറഞ്ഞത് അബദ്ധമായി എന്ന് തോന്നിയത് കൊണ്ടാകാം ഇതെന്നും എ കെ ബാലന്‍ പറഞ്ഞു. കേരളത്തില്‍ സംഘപരിവാര്‍ അജണ്ടയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ആളാണ് പിണറായി വിജയന്‍. കേരളത്തെ മറ്റൊരു ദിശയിലേക്ക് കൊണ്ടുപോകാന്‍ ചില ശക്തികള്‍ ശ്രമിക്കുകയാണെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. 

സ്വർണം കടത്തിയ കേസുകളിൽ സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷണം നടത്താൻ തയ്യാറുണ്ടോ എന്ന് വെല്ലുവിളിച്ചിട്ടുണ്ട് അൻവർ. നിങ്ങൾ പറയുന്നതാണ് ശരി എങ്കിൽ അക്കാര്യവും സിറ്റിംഗ് ജഡ്ജി അന്വേഷിക്കട്ടെ. അപ്പോഴും എഡിജിപി എന്തിന് ആർ എസ് എസ് നേതാക്കളെ കണ്ടു, എന്തുകൊണ്ട് പാർട്ടിയ്ക്ക് അതിൽ ഒരു പ്രശ്നവും തോന്നുന്നില്ല എന്ന ചോദ്യം ബാക്കി നിൽക്കുന്നുണ്ട്. എഡിജിപി എന്തിന്  ആർ.എസ്.എസുമായി ചർച്ച നടത്തി, അതിന് ഉത്തരമാണ് ബാലൻ സഖാവ് ആദ്യം പറയേണ്ടത്. 

തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുന്ന പക്ഷം പ്രസ്ഥാനം നിലനിൽക്കും. അല്ലെങ്കിൽ സ്വാഹാ. പാർട്ടിയേ സ്നേഹിക്കുന്ന ഒരുപാട് നേതാക്കളും അണികളും ഒന്നും പറയാതെ നിൽക്കുന്ന കാഴ്ചയും കാണുന്നു. പടുത്ത് ഉയർത്തുവാൻ കാലങ്ങളോളം വേണ്ടിവന്നത് ഒരു ചെറിയ സ്ഫോടനം കൊണ്ട് തകർക്കാൻ സെക്കൻ്റുകൾ മതി. ജനങ്ങൾ പ്രബുദ്ധരാണ് എന്നുള്ള കാര്യം കൂടി മനസ്സിലാക്കുക. എഡിജിപി , ആർ.എസ്.എസ് വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ മുഖ്യമന്ത്രി മനപൂർവം ഒരു എല്ലിൻകഷ്ണമിട്ടു, വർഗീയത, അത് കത്തിപ്പടരുകയും പിന്നീട് മറ്റേ ഊരിപിടിച്ച വാള് പോലെയുള്ള ഒരു വിശദീകരണം നൽകിയാൽ ഇപ്പോഴുള്ള ആളികത്തൽ അണയുമെന്നും മുഖ്യമന്ത്രി കണക്കുകൂട്ടിയെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണം.

അതിന്റ മറവിൽ കൂടെ അൻവർ ഉന്നയിച്ച വിഷയങ്ങൾ എല്ലാം പൊയ്പോവുകയും ചെയ്യും. ഇത് അല്ലെ നടന്നത്. എകെ ബാലനാണ് യഥാത്ഥ ഹിന്ദു. അത് കൊണ്ടാണ് അൻവറിന്റെ ഹിന്ദു വിളി പൊള്ളിക്കുന്നത്.  സഖാവേ. നിങ്ങൾ അൻവറിനെ വർഗീയ വാദി ആക്കാൻ ശ്രമിക്കാതെ അൻവറിന്റെ ആരോപണങ്ങൾക്കു മറുപടി പറയുക. അത് തെറ്റാണെന്ന് തെളിയിക്കുക. പാർട്ടിയിലെ ചില ആളുകളെക്കുറിച്ചും പോലീസിലെ ചില ഉദ്യോഗസ്ഥൻമാരെക്കുറിച്ചും ആണ് അൻവറിന്റെ ആരോപണം. അത് പറയാൻ പാടില്ല എന്നുണ്ടോ.  തെറ്റ് കണ്ടാൽ ചൂണ്ടികാണിക്കരുത് എന്നാണോ പാർട്ടിനയം. 

സ്വർണ്ണക്കടത്ത് മലപ്പുറം ജില്ലയുടെ മാത്രം ഭാഗമാണോ. ഇതുമായി ബന്ധപ്പെട്ട് ഒരാൾ എഴുതിയ പോസ്റ്റ് ശ്രദ്ധിക്കപ്പെടേണ്ടതാണ്. കുറിപ്പിൽ പറയുന്നത്: 'സ്വർണ്ണക്കടത്ത് ഇന്ത്യയിൽ ഉടനീളം നടക്കുന്നുണ്ട്. ഏറ്റവും കൂടുതൽ സ്വർണ്ണം പിടിച്ച വാർത്തകൾ വരുന്നത് ഗുജറാത്തിൽ നിന്നാണ്. കേരളത്തിലും എല്ലാ എയർപോർട്ടുകളിലും സ്വർണ്ണം പിടിക്കാറുണ്ട്. സ്വപ്ന സുരേഷ് ഉൾപ്പടെയുള്ളവർ തിരുവനന്തപുരം എയർപോർട്ട് വഴിയാണ് കടത്തിയത്. എല്ലാ ജില്ലക്കാരും പ്രതികളാകാറുണ്ട്. പക്ഷേ മലപ്പുറം ജില്ലയിൽ നിന്ന് പിടിക്കുന്ന സ്വർണ്ണം രാജ്യദ്രോഹ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 

തീർത്തും ആസൂത്രിതമായ പ്രസ്താവനയാണിത്. സംഘികൾ രാജ്യവ്യാപകമായി ഈ പ്രചരണം ഏറ്റെടുക്കുന്നത് അടുത്ത ദിവസങ്ങളിൽ കാണാം. മലപ്പുറം ജില്ലക്കെതിരെ നടക്കുന്ന ഈ ഗൂഢാലോചന ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പല തവണ പല വിഷയങ്ങളിൽ അത് വ്യക്തമായതാണ്. എന്നാൽ ഔദ്യോഗിക തലത്തിൽ മലപ്പുറത്തെ ഭീകരവൽക്കരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത് പിണറായി വിജയനാണ്. മലപ്പുറത്ത് കൃത്രിമമായി കേസുകൾ കുന്നുകൂട്ടാനുള്ള ജില്ലാ പോലീസ് മേധാവി സുജിത് ദാസിൻറെ ശ്രമങ്ങൾ പല തവണ രാഷ്ട്രീയപ്പാർട്ടികളും മാധ്യമങ്ങളും ശ്രദ്ധയിൽ പെടുത്തിയപ്പോൾ എന്ത് കൊണ്ട് വിജയൻ മൗനം പാലിച്ചു എന്ന ചോദ്യത്തിന് ഉത്തരമാണ് ഇന്നത്തെ പ്രസ്താവന. 

ഓർക്കണം, മൂന്നര വർഷത്തിനിടക്ക് കേരളത്തിലെ മറ്റ് പോലീസ് മേധാവികളെയെല്ലാം പല തവണ സ്ഥലം മാറ്റിയ വിജയനാണ് ഇത്ര നീണ്ട കാലം സുജിത് ദാസിനെ തുടരാൻ അനുവദിച്ചത്. 20 വർഷം കൊണ്ട് കേരളത്തെ മുസ്ലിം രാജ്യമാക്കി മാറ്റാൻ ചില സംഘടനകൾ ശ്രമിക്കുന്നു അതിന് വേണ്ടി ലവ് ജിഹാദ് നടത്തുന്നു എന്ന ആരോപണം ഉന്നയിക്കാൻ വിഎസ് അച്യുതാനന്ദൻ തെരഞ്ഞെടുത്തത് ഡൽഹിയാണ്. ഇന്ത്യ മുഴുവനും സംഘികൾ ആ പ്രസ്താവന ആഘോഷിച്ചു. യോഗിയും അമിത്ഷായും വരെ അതേറ്റെടുത്തു. ആ പ്രസ്താവന തെറ്റായിരുന്നു എന്ന് വിഎസ് ഒരിക്കലും പറഞ്ഞിട്ടില്ല. 

വിഎസിനെ പലകാര്യത്തിലും തിരുത്തിയ സിപിഎം ഈ പ്രസ്താവനയുടെ പേരിൽ വിഎസിനെ വിമർശിച്ചിട്ട് പോലുമില്ല. സമാനമാണ് വിജയന്റെ നീക്കവും, ഒരു ദേശീയ പത്രത്തിലൂടെയാണ് സംഘ്പരിവാറിന് ഡോഗ് വിസിൽ കൊടുത്തിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ബിജെപിയിൽ ലയിച്ചു ചേർന്ന ത്രിപുര-ബംഗാൾ മോഡൽ തന്നെയാണ് കേരളത്തിലും നടക്കാൻ പോകുന്നത്'.

ഇതാണ് ആ പോസ്റ്റ്. എന്തായാലും പിണറായിയും കൂട്ടരും കളിക്കാൻ പറ്റുന്നതിന്റെ അറ്റത്തെ വർഗീയതയാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത് എന്ന് ചിലർ കുറ്റപ്പെടുത്തുന്നു. ഓരോരുത്തർ ലക്ഷ്യമിടുന്നത് മനസ്സിലാക്കാൻ പ്രാപ്തി ഭൂരിപക്ഷ കേരളീയർക്കുണ്ട്. സർക്കാരും മനസ്സിലാക്കിയാൽ നല്ലത്. എ കെ ബാലൻ കറകളഞ്ഞ ഹിന്ദു വർഗീയ വാദിയാണെന്ന് ഇപ്പോൾ തെളിഞ്ഞുവരുന്നുവെന്നാണ് നെറ്റിസൻസ് പറയുന്നത്. ഹിന്ദു പത്രം എന്താണെന്ന് ചുരമിറങ്ങിയ ബാലനേക്കാളും പി വി അൻവറിനു അറിയാമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

#PinarayiVijayan #AKBalan #PVAnwar #Malappuram #KeralaPolitics #GoldSmuggling

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia