Politics | ക്ലൈമാക്‌സിൽ വിജയ് മിന്നുമോ? തമിഴ് നാട് രാഷ്ട്രീയം സസ്പെൻസിലേക്ക്; തിരശ്ശീലയിൽ നിന്നും വീണ്ടുമൊരു തലൈവർ വരുമ്പോൾ

 
Vijay and Prashant Kishore discussing Tamil Nadu elections strategy
Vijay and Prashant Kishore discussing Tamil Nadu elections strategy

Photo Credit: Facebook/ TVK Vijay

● പ്രശാന്ത് കിഷോറിൻ്റെ സഹായം തേടി വിജയ്.
● ശക്തമായ പോരാട്ടം ലക്ഷ്യമിടുന്നു.
● തികഞ്ഞ പ്രൊഫഷനിലസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ നീക്കം.

ഭാമനാവത്ത്

(KVARTHA) സ്വപ്നം കാണാൻ ആർക്കും ചെലവൊന്നുമില്ല. സിനിമ മാത്രമല്ല രാഷ്ട്രീയവും സാധ്യതകളുടെ കലയാണ്. കോടാമ്പക്കത്തു നിന്നും തെന്നിന്ത്യൻ സൂപ്പർ സ്റ്റാറായ വിജയ് ജയലളിതയ്ക്കു ശേഷം തമിഴ്നാട് മുഖ്യമന്ത്രിയാകുമോയെന്നത് ചരിത്രം തേടുന്ന ഉത്തരങ്ങളിലൊന്നാണ്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ടു വർഷം കൂടി ബാക്കി നിൽക്കവെ വിജയ് ഫാൻസ് തമിഴ് വെട്രികഴകമെന്ന പാർട്ടിയായി മാറിയിട്ടുണ്ടെങ്കിലും ഇനി മുൻപോട്ടുള്ള പോക്കിൻ്റെ ഗതിയനുസരിച്ചാവാം നവാഗതപാർട്ടിയുടെ നിലനിൽപ്പും ഭാവിയും. 

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും തൻ്റെ പാർട്ടി മത്സരിക്കുമെന്നാണ് വിജയിയുടെ അവകാശ വാദം. 20 ശതമാനം വോട്ടാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ്, ബി.ജെ.പി എന്നീ ദേശീയ പാർട്ടികൾക്ക് സഖ്യം രൂപീകരിക്കാൻ താൽപര്യമുണ്ടെങ്കിലും അതുവേണ്ടെന്ന അഭിപ്രായമാണ് വിജയിക്കുള്ളത്. എന്നാൽ എ.ഐ.ഡി.എം.കെയുമായി സഖ്യമുണ്ടാക്കി ഡി.എം.കെ യെ തറപറ്റിക്കാൻ കഴിയുമോയെന്ന ആലോചനയും അണിയറയിലുണ്ട്. ജയലളിതയുടെ പാർട്ടിക്ക് തമിഴ് മണ്ണിലുള്ള അടിത്തറ മുതലെടുക്കാനാണ് നീക്കം. 

ഭരണ നഷ്ടത്തിന് ശേഷം ഗ്രൂപ്പ് പോരിനാൽ ദുർബലമാണ് മക്കൾ പാർട്ടി. എന്നാൽ വിജയിയുടെ താൻ പോരിമ സഹിച്ചു ടി വികെയുമായി സഖ്യമുണ്ടാക്കാൻ എടപ്പാളി പഴനി സ്വാമി തയ്യാറാവുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. തികഞ്ഞ പ്രൊഫഷനിലസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് വിജയ് ഒരുങ്ങുന്നത്. ഇതിനായി പ്രശാന്ത് കിഷോറിൻ്റെ സഹായം തേടിയതായുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.
സ്വന്തം പാർട്ടി രൂപീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് പ്രശാന്ത് കിഷോർ വിജയിയെ കാണാൻ തമിഴ്‌നാട്ടിലേക്ക് വണ്ടി കയറുന്നത്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എം കെ സ്റ്റാലിന് വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞത് പ്രശാന്ത് കിഷോറിന്റെ ഐ പാക്കെന്ന സ്ഥാപനവും സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ പെൻ എന്ന സ്ഥാപനവും ഒരുമിച്ചായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം പ്രശാന്ത് കിഷോർ ഡി.എം.കെയുമായി അകലം പാലിച്ചു. ആന്ധ്ര പ്രദേശിൽ ടി.ഡി.പിയെ അധികാരത്തിലേക്കെത്താൻ സഹായിച്ച ഷോർട്ട് ടേം കസൾട്ടൻസുമായി ഡി.എം.കെ കരാർ ഉണ്ടാക്കിയെന്ന വാർത്തകളും പുറത്തുവന്നിരുന്നു. പിന്നാലെ പ്രശാന്ത് കിഷോർ എ.ഐ.ഡി.എം.എയ്ക്ക് വേണ്ടി തന്ത്രങ്ങൾ മെനയാനും ആരംഭിച്ചു. 

ഇവിടെയാണ് പ്രശാന്ത്കിഷോർ - വിജയ് കൂടിക്കാഴ്ച എ.ഐ.ഡി.എം.കെയുമായുള്ള സംഖ്യ സാധ്യതകൾ തുറന്നിടുന്നത്. അതേസമയം ഡി.എം.കെ പ്രശാന്ത് കിഷോറിനെ തങ്ങൾക്കൊപ്പം തന്നെ നിർത്താനുള്ള ശ്രമങ്ങളും നടത്തുന്നുവെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഐ പാക്കിൻ്റെ സേവനം ഡി എം.കെയ്ക്ക് ലഭിക്കുക എന്നതിലുപരി മറ്റാെരു പാർട്ടിക്കും ലഭിക്കാതിരിക്കുക എന്നതാണ് സ്റ്റാലിന്റെ തന്ത്രമെന്നു നിരീക്ഷിക്കപ്പെടുന്നുണ്ട്. അങ്ങനെ ഭയക്കാനും മാത്രമുണ്ടോ പ്രശാന്ത് കിഷോർ എന്ന രാഷ്ട്രീയ തന്ത്രഞ്ജനെന്ന ചോദ്യവും ഉയരുന്നുണ്ട്.

നരേന്ദ്ര മോദിയെ ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചതാണ് പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ തന്ത്രങ്ങളുമെന്നാണ് അവകാശവാദം. പിന്നീട് ഒരുപാട് തിരഞ്ഞെടുപ്പുകളിൽ പ്രശാന്ത് കിഷോറിന്റെ പേരും ഉയർന്നുകേട്ടു. നിതീഷ് കുമാറിന് വേണ്ടി ബിഹാറിലും ക്യാപ്റ്റൻ അമരീന്ദർ സിംഗിന് വേണ്ടി പഞ്ചാബിലും മമതയ്ക്കുവേണ്ടി വംഗനാട്ടിലും അരവിന്ദ് കേജ്‌രിവാളിന് വേണ്ടി ഡൽഹിയിലുമെല്ലാം പ്രശാന്ത് കിഷോർ തേര് തെളിച്ചപ്പോൾ വിജയമുറപ്പിച്ചു. 

അങ്ങനെ ഇന്ത്യയിലെ ഏറ്റവുമുയർന്ന സ്‌ട്രൈക്ക് റേറ്റുള്ള ഹൈപെയ്ഡ് പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റായി തിളങ്ങി നിന്നപ്പോഴാണ് അദ്ദേഹം സ്വന്തം പാർട്ടി രൂപീകരിച്ച് കളം മാറ്റി ചവിട്ടിയത്. എന്നാൽ അക്കാര്യത്തിൽ അത്ര ക്ലച്ച് പിടിച്ചില്ല. പൊട്ടിപാളീസായി തട്ടിൻ മുകളിൽ കയറി. എന്നാൽ ഇപ്പോൾ വീണ്ടും പഴയകുപ്പായമിട്ട് വിജയിക്കൊപ്പം പ്രശാന്ത് കിഷോർ ഇറങ്ങുമ്പോൾ ഡി.എം.കെയുടെ നെഞ്ചിടിപ്പ് കൂടുമെന്ന് ഉറപ്പാണ്.

മുഖ്യമന്ത്രി പദവിയിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കാതെ വിജയി പോരാട്ടത്തിനിറങ്ങുമ്പോൾ ഒപ്പം പ്രശാന്ത് കിഷോറുമുണ്ടെങ്കിൽ അത് ഒരു ഡെഡ്‌ലി കോംപോ തന്നെയാണ്. എന്താകും വരും ദിവസങ്ങളിൽ തമിഴക രാഷ്ട്രീയം കരുതി വച്ചിരിക്കുന്നതെന്ന ചോദ്യം ഉയർന്നു തുടങ്ങിയിട്ടുണ്ട്. സ്റ്റാലിനെന്ന പവർ പൊളിറ്റീഷ്യന്റെ ജനപ്രീതിയെ തകർത്ത് സിനിമയിലെന്നപോലെ മുതലമച്ചർ കസേരയിലേക്ക് മാസ് എൻട്രി നടത്താൻ വിജയിക്ക് സാധിക്കുമോ? ഇളയ ദളപതി തമിഴ് നാടിന്റെ ദളപതിയാകുമോ? കാത്തിരുന്ന് കാണാമെന്നാണ് കാലം പറയുന്നത്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Vijay’s political ambitions and strategic moves with Prashant Kishore could reshape Tamil Nadu's political landscape as they challenge existing power dynamics.

#Vijay #TamilNaduPolitics #PrashantKishore #Election2025 #DMK #AIADMK

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia