Inquiry | അന്വേഷണ റിപ്പോർട്ട് നൽകുന്നതോടെ കണ്ണൂർ കലക്ടർക്കെതിരെ നടപടിയോ? ദിവ്യയെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മൊഴി നൽകി; മുഖ്യമന്ത്രിയെയും കണ്ട് വിശദീകരണം നൽകി


● മുഖ്യമന്ത്രി കലക്ടറിൽ നിന്ന് വിശദീകരണം തേടി
● അന്വേഷണ ഉദ്യോഗസ്ഥ കലക്ടറിൽ എ ഗീത മൊഴിയെടുത്തിട്ടുണ്ട്
● മൊഴിയെടുക്കുന്നതില്‍ നിന്ന് പി പി ദിവ്യ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്
കണ്ണൂര്‍: (KVARTHA) കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിൽ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടർ അരുൺ കെ വിജയൻ വ്യക്തമാക്കി. എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തുന്ന ലാൻഡ് റവന്യു വിഭാഗം ജോയിന്റ് കമ്മീഷണർ എ ഗീത മുമ്പാകെയാണ് കലക്ടർ മൊഴി നൽകിയിട്ടുണ്ട്. സ്റ്റാഫ് കൗൺസിൽ ഈ വസ്തുത സ്ഥിരീകരിച്ചു. യാത്രയയപ്പ് സമയം മാറ്റിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.
എ ഗീത അന്വേഷണ റിപ്പോർട്ട് നൽകുന്നതോടെ കലക്ടർക്കെതിരെ നടപടികൾക്ക് വഴി തുറക്കുമെന്നാണ് സൂചന. നവീൻ ബാബുവിന്റെ ആത്മഹത്യയിൽ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനകം സർക്കാരിന് സമർപ്പിക്കുമെന്നാണ് വിവരം. വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ കലക്ടർ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ശനിയാഴ്ച രാത്രി ഏഴിന് ശേഷം മുഖ്യമന്ത്രിയുടെ പിണറായി കൺവെൻഷൻ സെൻ്ററിലെ ഓഫീസിലായിരുന്നു 20 മിനുട്ട് നീളുന്ന കൂടിക്കാഴ്ച.
അന്വേഷണ ഉദ്യോഗസ്ഥ എ ഗീതയുടെ മൊഴിയെടുപ്പിന് ശേഷമാണ് അരുണ്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയെ നേരില്‍കണ്ട് വിശദീകരണം നല്‍കുകയായിരുന്നു. യാത്രയയപ്പില്‍ നടന്ന കാര്യങ്ങള്‍ കലക്ടർ മുഖ്യമന്ത്രിയോട് വിശദീകരിച്ചെന്നാണ് വിവരം. ഇതിനിടെ കലക്ടര്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ അവധിയില്‍ പോകാമെന്നും രാജിവെക്കാമെന്നും അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടിയെടുക്കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
ഏകദേശം ഏഴ് മണിക്കൂറാണ് ഗീത ഐഎഎസ് അരുണിന്റെ മൊഴിയെടുപ്പ് നടത്തിയത്. പരാതിക്കാരന്‍ പ്രശാന്തന്റെയും മൊഴിയെടുത്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ആവശ്യമെങ്കില്‍ ഇനിയും മൊഴിയെടുക്കുമെന്നും ഗീത അറിയിച്ചു. എന്നാല്‍ മൊഴിയെടുക്കുന്നതില്‍ നിന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തില്‍ കലക്ടര്‍ക്കെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എ ഗീതയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്.
#Kerala #Kannur #ADM #death #investigation #CM #PinarayiVijayan #collector