Clarification | 'പ്രത്യേക സ്ഥലമോ പ്രദേശമോ പരാമർശിച്ചിട്ടില്ല, തിരുത്തണം', വിവാദ അഭിമുഖത്തിൽ ഹിന്ദു പത്രത്തിന് കത്ത് നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ്
● മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തി.
● 'മുഖ്യമന്ത്രിയുടെ വാക്കുകൾ തെറ്റായി നൽകി'
● 'അനാവശ്യ വിവാദങ്ങളും തെറ്റിദ്ധാരണകളും സൃഷ്ടിച്ചിട്ടുണ്ട്'
തിരുവനന്തപുരം: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയന്റെ ദ ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിലെ ചില പരാമർശങ്ങൾ വലിയ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. അഭിമുഖത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ തെറ്റായി നൽകിയെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ട് ദ ഹിന്ദുവിന്റെ പത്രാധിപർക്ക് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് കത്തയച്ചു.
മലപ്പുറം ജില്ലയിൽ നിന്ന് പിടിച്ചെടുത്ത സ്വർണവും കുഴൽപ്പണവും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞുവെന്ന രീതിയിൽ ദി ഹിന്ദു പ്രസിദ്ധീകരിച്ചിരുന്നു.എന്നാൽ മുഖ്യമന്ത്രി ഒരിക്കൽ പോലും പ്രത്യേക സ്ഥലമോ പ്രദേശമോ പരാമർശിച്ചിട്ടില്ലെന്നും, രാജ്യവിരുദ്ധം അല്ലെങ്കിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്നീ പദങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും കത്തിൽ വ്യക്തമാക്കിയിരിക്കുന്നു.
ഈ പ്രസ്താവനകൾ മുഖ്യമന്ത്രിയുടെയോ കേരള സർക്കാരിന്റെയോ ഔദ്യോഗിക നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഇത് അനാവശ്യ വിവാദങ്ങളും തെറ്റിദ്ധാരണകളും സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ യഥാർത്ഥ കാഴ്ചപ്പാടുകൾ കൃത്യമായി അവതരിപ്പിക്കുന്നതിലൂടെ, പൊതുജനങ്ങളിൽ തെറ്റായ ധാരണകൾ ഉണ്ടാകുന്നത് തടയാനും കൂടുതൽ ദുർവ്യാഖ്യാനങ്ങൾ ഒഴിവാക്കാനുമാകുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
#Kerala #PinarayiVijayan #Controversy #Clarification #NewsUpdate #HinduNewspaper