CPM | തിരുത്തലിലൂടെ തീയ്യരെ തിരിച്ചു കൊണ്ടുവരാന്‍ സിപിഎമ്മിന് കഴിയുമോ? സ്വത്വരാഷ്ട്രീയത്തെ നേരിടാന്‍ വേണ്ടത് ആഴത്തിലുളള രക്ഷാപ്രവര്‍ത്തനം

 
CPM
CPM

indiamart

തീയ്യസമുദായ സംഘടനകളുടെ പിന്നില്‍ ബി.ജെ.പി ചേക്കേറുന്നതാണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത്

ഭാമനാവത്ത് 

കണ്ണൂര്‍: (KVARTHA) അന്‍പതുകള്‍ മുതല്‍ പാര്‍ട്ടിയോട് (Party) ചേര്‍ന്നു നിന്നിരുന്ന തീയ്യസമുദായം (Thiyyas) അകലുന്നത് പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകളില്‍ (Votes) ചോര്‍ച്ചയുണ്ടാക്കുന്നവെന്ന തിരിച്ചറിവില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി സി.പി.എം (CPM) നേതൃത്വം. കേരളത്തിലെ ജാതി രാഷ്ട്രീയം (Caste Politics) ഒരു യാഥാര്‍ത്ഥ്യമാണെന്ന തിരിച്ചറിവോടെ ജാതി സ്വത്വരാഷ്ട്രീയത്തെ അഭിമുഖീകരിക്കേണ്ടി വന്നിരിക്കുകയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ (Lok sabha elections) തോല്‍വിയോടെ കേരളം ഭരിക്കുന്ന സി.പി.എമ്മിന്. 

CPM

തെക്കന്‍ തിരുവിതാംകൂറില്‍ എസ്.എന്‍.ഡി.പി (SNDP) യോഗം ഉയര്‍ത്തുന്ന വെല്ലുവിളിയെക്കാള്‍ മലബാറില്‍ സംഘടിതരായ തീയ്യ സംഘടനങ്ങള്‍ പാര്‍ട്ടിക്കെതിരെ വലിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. വെട്ടാനും ചാവാനും തീയ്യന്‍മാര്‍ അണിനിരക്കുന്ന വടക്കെമലബാറിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇവരുടെ പിന്‍വലിയല്‍ അടിസ്ഥാന വോട്ടുബാങ്കില്‍ തന്നെ വിളളലുകള്‍ തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. 
 
എന്നാല്‍ ഇവരെ എങ്ങനെ തിരിച്ചു കൊണ്ടുവരികയെന്നത് സി.പി.എമ്മിനെ സംബന്ധിച്ചു കുഴക്കുന്ന പ്രശ്‌നങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. തീയ്യസമുദായ സംഘടനകളുടെ പിന്നില്‍ ബി.ജെ.പി ചേക്കേറുന്നതാണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത്. കണ്ണൂരിലെ കുഞ്ഞിമംഗലം  മല്ലിയോട്ടു പാലോട്ടു കാവിലെ ഉത്സവുമായുണ്ടായ പ്രാദേശിക തര്‍ക്കത്തില്‍ സി.പി.എം സ്വീകരിച്ച നിലപാടുകള്‍ പാര്‍ട്ടി ശക്തി കേന്ദ്രമായ പയ്യന്നൂരില്‍ തീയ്യവിഭാഗത്തിലുണ്ടായ അസംതൃപ്തി ഇപ്പോഴും തുടരുകയാണ്. 

ഇതിനിടെയിലാണ് വടക്കന്‍ കേരളം കേന്ദ്രീകരിച്ചു പുതിയ ജാതി സംഘടനകള്‍ രൂപീകരിക്കപ്പെടുന്നത്.  ഏറ്റവും ഒടുവില്‍ തീയ്യ സംരക്ഷണ സമിതിയെന്ന പേരില്‍ സംഘടന രൂപീകരിക്കപ്പെട്ടത് സംഘ്പരിവാര്‍ പിന്‍തുണയോടെയാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ പാര്‍ട്ടി പത്രത്തില്‍ കഴിഞ്ഞ ദിവസം  എഡിറ്റോറിയില്‍ പേജിലെഴുതിയ ജാതി രാഷ്്ട്രീയത്തിന്റെവര്‍ത്തമാനമെന്ന ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്നാല്‍ ജാതിരാഷ്ട്രീയ സംഘടനകള്‍ക്ക് കേരളത്തില്‍ അധികകാലം പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നും ആശ്വസിക്കുന്നുണ്ട്. 1974-ല്‍ രൂപീകരിച്ച  എന്‍.ഡി.പിയും അടുത്ത വര്‍ഷം രൂപീകരിച്ച  എസ്.ആര്‍.പിയും തെരഞ്ഞെടുപ്പുകളില്‍ താല്‍ക്കാലിക വിജയങ്ങള്‍ നേടിയെങ്കിലും പിന്നീട് അസ്തമിക്കുകയാണുണ്ടായതെന്ന് പി ജയരാജന്‍ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ തീയ്യ സംഘടനകളില്‍ നാലോളം വിഭാഗങ്ങള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. എസ്.എന്‍.ഡി.പിയെപ്പോലെ തന്നെ ഈസംഘടനകളുമായും അന്തര്‍ധാര ശക്തമാക്കിയിരിക്കുകയാണ് ബി.ജെ.പി. തീയ്യ വിഭാഗത്തില്‍ നിന്നും വി മുരളീധരനെപ്പോലെയുളള നേതാക്കളെ മുന്‍നിരയില്‍ കൊണ്ടുവന്നു ബി.ജെ.പി ദേശീയ നേതൃത്വം നടത്തുന്ന നീക്കങ്ങള്‍ സാമുദായിക സന്തുലനാവസ്ഥ പാലിച്ചു കൊണ്ടാണ്. 

സവര്‍ണ പാര്‍ട്ടിയല്ല അവര്‍ണര്‍ കൂടി ഉള്‍ക്കൊളളുന്ന ജാതിമത സ്വത്വഭാരങ്ങളില്ലാത്ത പാര്‍ട്ടിയാണ് തങ്ങളുടെതെന്നും പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കുംസ്ഥാനമുണ്ടെന്നും തെളിയിക്കാനുളള പരിശ്രമങ്ങളാണ് അവര്‍ നടത്തുന്നത്. ജാതി രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ഹൈന്ദവ രാഷ്ട്രീയം കൂടി അതില്‍ കലര്‍ത്താനുളള ബി.ജെ.പിയുടെ ശ്രമങ്ങള്‍ വിജയം കണ്ടുവെന്നതിന്റെ തെളിവാണ് ആലപ്പുഴ ജില്ലയിലെ അവരുടെ മുന്നേറ്റം. ബി.ജെ.പിയിലേക്ക് പോകുന്ന അടിസ്ഥാന വോട്ടുകള്‍ തിരിച്ചുവരില്ലെന്ന ആശങ്ക സി.പി.എം കേന്ദ്ര നേതൃത്വം പാര്‍ട്ടി മേഖലാ യോഗങ്ങളില്‍ പങ്കുവയ്ക്കുന്നതും ബംഗാളും ത്രിപുരയും നേരിട്ടതു പോലെയുളള പ്രതിസന്ധിയിലൂടെ  കേരളത്തിലെ പാര്‍ട്ടിയും സഞ്ചരിക്കുന്നുവെന്നു മുന്നറിയിപ്പു നല്‍കുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്. 

പാര്‍ട്ടിയോടൊപ്പം നിഴലുപോലെ സഞ്ചരിച്ച ജീവന്‍ കൊടുക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത തീയ്യരെ തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ സി.പി.എം വരും നാളുകളില്‍ നേരിടേണ്ടി വരിക വന്‍ദുരന്തങ്ങളെയായിരിക്കും. പാര്‍ട്ടി ഗ്രാമങ്ങളിലെ വോട്ടുചോര്‍ച്ച ഈക്കാര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia