Challenge | വീണ്ടും മിന്നും വിജയം നേടാൻ കോൺഗ്രസ്; വയനാടിനെ കൈ പിടിച്ചുയർത്താൻ പ്രിയങ്കയ്ക്ക് കഴിയുമോ?
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വയനാട് കോൺഗ്രസിന്റെ സേഫ് സോണായിട്ടാണ് കണക്കാക്കുന്നത്.
● സി.പി.ഐയുമായാണ് കോൺഗ്രസിൻ്റെ പ്രധാനമത്സരം.
● വയനാടിന് വി.ഐ.പി മത്സരം കൊണ്ടു ഗുണമുണ്ടാകുമോയെന്ന ചോദ്യം ബാക്കി
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) ഇന്ത്യയിലെ വി.ഐ.പി മണ്ഡലങ്ങളിലൊന്നായി വയനാട് മാറിയത് രാഹുൽ ഗാന്ധി മത്സരിക്കാൻ എത്തിയപ്പോഴാണ്. പൊളിറ്റിക്കൽ ടൂറിസ്റ്റുകളുടെ വരവാണ് വയനാട്ടിൽ കണ്ടുകൊണ്ടിരിക്കുന്നതെന്ന് ബി.ജെ.പി ആക്ഷേപമുന്നയിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് നേതാവായ പ്രിയങ്ക ഗാന്ധി കന്നി മത്സരത്തിനിറങ്ങുന്നത് വയനാട്ടിനെ വീണ്ടും ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുകയാണ്. ഇൻഡ്യാ മുന്നണിയിലെ ഘടകകക്ഷികളിലൊന്നായ സി.പി.ഐയുമായാണ് കോൺഗ്രസിൻ്റെ പ്രധാനമത്സരം.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയത് മുതലുള്ള വാദങ്ങളിൽ ഒന്നാണ് സേഫ് സോൺ പോരാട്ടം എന്നുള്ളത്. പ്രിയങ്ക ഗാന്ധി എന്തുകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായി അവരുടെ പുലിമടകളിൽ കടന്നു ചെന്ന് ഫൈറ്റ് ചെയ്യുന്നില്ല? കഴിഞ്ഞ ദിവസം സിപിഐയുടെ ഇത്തവണത്തെ സ്ഥാനാർത്ഥിയായ സത്യൻ മൊകേരി മാധ്യമങ്ങൾക്കു മുന്നിൽ ചോദിച്ച ചോദ്യമാണ്. ആ ചോദ്യത്തിനും കോൺഗ്രസിനൊരു ചരിത്രമുണ്ട്. വയനാട് രാഹുലിന്റെ സ്ഥാനാർഥിത്വം എന്നും സേഫ് സോണായാണ് കണക്കാക്കിയിട്ടുള്ളത്.
പഴകി തെളിഞ്ഞ അമേഠിയിൽ തോൽവി നേരിടേണ്ടി വന്നുവെങ്കിലും വയനാട് കൈ വിടില്ല എന്നത് രാഹുലിന്റെയും കോൺഗ്രസിൻ്റെയും വിശ്വാസമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇൻഡ്യ മുന്നണിയുടെ ഭാഗമായ ഇടതുപക്ഷത്തിൻ്റെ മുറുമുറുപ്പുകൾ അവഗണിച്ച് രണ്ടാമതും ജനവിധി തേടാൻ രാഹുൽ വയനാട്ടിലേയ്ക്ക് വണ്ടി കയറിയത്. അമേഠി ഉപേക്ഷിച്ച് രാഹുൽ റായ്ബറേലിയിലേക്ക് ചേക്കെറിയതും തോൽവി ഭയന്ന് തന്നെയായിരിക്കണം. അമേഠിക്കും വയനാടിനും എങ്ങനെയാണോ കോൺഗ്രസ് അതുപോലെ തന്നെയാണ് റായ്ബറേലിയിലും.
രാഹുൽ ഗാന്ധിയുടെ മറ്റൊരു എസ്‌കേപ്പിസമെന്ന് ആരോപണം ഉയരുമ്പോഴും കോൺഗ്രസ് ചരിത്രത്തിൽ ഇത് ഒരുഅടവ് നയമായി തന്നെയാകും അടയാളപ്പെടുത്തപ്പെടുക. ഉത്തരേന്ത്യയിൽ അടിതെറ്റിയപ്പോൾ പണ്ട് സാക്ഷാൽ ഇന്ദിരാഗാന്ധിയും ഈ സേഫ് സോൺ തന്ത്രം/എസ്‌കേപ്പിസം പയറ്റി നോക്കിയിട്ടുണ്ട്. 1977- ൽ അടിയന്തരാവസ്ഥ പിൻവലിച്ചതിന് ശേഷം തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അടിപതറി. അന്ന് റായ്ബറേലിയിൽ രാജ് നാരായണനോട് ഇന്ദരി പരാജയം ഏറ്റുവാങ്ങി. വീണ്ടും ലോക്സഭയിലേയ്ക്ക് എത്താൻ ഇന്ദിര ഓടിയെത്തിയത് കർണാടകയിലെ ചിക്കമംഗളൂരിലേക്കായിരുന്നു.
1978ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇന്ദിര ഇവിടെ നിന്ന് വിജയിച്ചു. ദക്ഷിണേന്ത്യയിലെ കോൺഗ്രസിൻ്റെ സുരക്ഷിത സീറ്റിൽ നിന്നുള്ള ആ വിജയം ഇന്ദിരയുടെ രണ്ടാം വരവിനുള്ള ഊർജ്ജമായതും ചരിത്രമാണ്. എന്നാൽ കേരളത്തിലെ ഏറ്റവും പിന്നാക്ക ജില്ലയായ വയനാടിന് വി.ഐ.പി മത്സരം കൊണ്ടു എന്തെങ്കിലും ഗുണമുണ്ടാകുമോയെന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഉരുൾപൊട്ടലെന്ന ഭീകര ദുരന്തമുണ്ടായ വയനാടിനെ കൈപിടിച്ചുയർത്താൻ പ്രിയങ്കാ ഗാന്ധിക്ക് കഴിയുമോയെന്ന ചോദ്യമാണ് ഉയരുന്നത്.
#Wayanad #PriyankaGandhi #Congress #KeralaElections #PoliticalChallenge #CPI
