Congress Struggles | സഖ്യകക്ഷികളില്ലാതെ ബിജെപിയെ നേരിടാനാകാതെ കോണ്‍ഗ്രസ് ദുര്‍ബലമായോ?
● ബിജെപിയുമായി നേരിട്ട് മത്സരിച്ച മണ്ഡലങ്ങളിലെല്ലാം കോൺഗ്രസിന്റെ പ്രകടനം മോശമാണ്.
● സത്യത്തില്‍, പൊതു തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മറാത്ത്വാഡയില്‍ മഹായുതി മികച്ച പ്രകടനം കാഴ്ചവച്ചു.
(KVARTHA) ഹരിയാനയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായതോടെ, ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ട്ടിയുടെ ഭാവിയും നിലനില്‍പ്പും ചോദ്യം ചെയ്യപ്പെടുന്നു. ബിജെപിയുമായി നേരിട്ട് മത്സരിച്ച മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. വ്യക്തമായ തെരഞ്ഞെടുപ്പ് പദ്ധതിയില്ലാത്തതും നേതാക്കള്‍ തമ്മിലുള്ള പടലപ്പിണക്കങ്ങളുമാണ് കോണ്‍ഗ്രസിന്റെ ശാപം.
ഹരിയാന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് സഹയാത്രികനായ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉന്നയിച്ച ആരോപണം ശ്രദ്ധേയമാണ്, സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ചിലർക്ക് സീറ്റ് വീതംവെച്ച് നല്‍കിയെന്നായിരുന്നു ആരോപണം. ഭൂപിന്തര്‍ സിംഗ് ഹൂഡ മുഖ്യമന്ത്രിയാകാനായി അദ്ദേഹത്തിന് വേണ്ടപ്പെട്ടവര്‍ക്ക് ടിക്കറ്റ് നല്‍കി. സംഘടന എത്രത്തോളം ദുര്‍ബലമാണെന്നതിന് വ്യക്തമായ ഉദാഹരണമാണിത്.
മുമ്പത്തെ പോലെ ഒരു സര്‍ക്കാരിന്റെ കാലാവധി കഴിയുമ്പോഴേക്കും അവരെ ജനം പരാജയപ്പെടുന്ന കാലം അവസാനിച്ചു. മുന്‍ തെരഞ്ഞെടുപ്പുകളുടെയും ജാതി-ഉപജാതി ഡാറ്റാകളുടെയും അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയും പ്രചരണം നടത്തിയുമാണ് ബിജെപി മുന്നോട്ട് പോകുന്നത്. കോണ്‍ഗ്രസാകട്ടെ ഇത്തരം തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതില്‍ വലിയപരാജയമാണ്.
മഹാരാഷ്ട്രയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 234 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് ഭാരതീയ ജനതാ പാര്‍ട്ടി-ശിവസേന-നാഷണലിസ്റ്റ് കോണ്‍ഗ്രസ് അജിത് പവാര്‍ വിഭാഗം നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം വിജയിച്ചത്. കോണ്‍ഗ്രസ്-സേന യുബിടിയുടെയും എന്‍സിപിഎസ്പിയുടെയും മഹാ വികാസ് അഘാഡിക്ക് കിട്ടിയതിനേക്കാള്‍ ഇരട്ടി സീറ്റുകള്‍ ഭരണകക്ഷിക്ക് നേടാന്‍ കഴിഞ്ഞു.
ഇതെങ്ങനെ സംഭവിച്ചു?
സ്ത്രീകള്‍: പ്രതിമാസം 1,500 രൂപ നല്‍കുന്ന ലഡ്കി ബഹിന്‍, മാസം മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുന്ന അന്നപൂര്‍ണ യോജന, സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഗതാഗത ശൃംഖലയായ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് യാത്രകളില്‍ ഇളവ്, പെണ്‍കുട്ടികള്‍ക്ക് ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം തുടങ്ങിയ പദ്ധതികളുടെ ജനപ്രീതി മഹായുതിക്ക് വലിയ മുന്‍തൂക്കം നല്‍കി. അതേസമയം, പ്രതിപക്ഷം അധികാരത്തിലെത്തിയാല്‍ ഈ ക്ഷേമപദ്ധതികളെല്ലാം നിര്‍ത്തലാക്കുമെന്ന പ്രചരണം നടത്താനും അത് വിശ്വാസ്യയോഗ്യമാക്കാനും ഭരണകക്ഷിക്ക് സാധിച്ചു.
മറാത്താസ്: മറാത്ത സംവരണത്തിനായി പോരാടുന്ന മനോജ് ജാരങ്കെയുടെ പ്രസ്ഥാനം ലോക്സഭയിലെ പോലെ പ്രതിപക്ഷത്തിന് അനുകൂലമായ വോട്ടുകള്‍ ഏകീകരിക്കുന്നതില്‍ പരാജയപ്പെട്ടു. സത്യത്തില്‍, പൊതു തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മറാത്ത്വാഡയില്‍ മഹായുതി മികച്ച പ്രകടനം കാഴ്ചവച്ചു.
കര്‍ഷകര്‍: വിദര്‍ഭയിലെയും മറാത്ത്വാഡയിലെയും കര്‍ഷകര്‍ ലോക്സഭ ഇലക്ഷന് ഭരണകക്ഷിയായ മഹായുതിക്കെതിരെ വോട്ട് ചെയ്തു. വിലക്കയറ്റം, വരള്‍ച്ച, സോയാബീന്‍, പരുത്തി എന്നിവയ്ക്ക് തങ്ങുവിലയില്ല, ഉള്ളി കയറ്റുമതി നിരോധനം എന്നിവ എന്‍ഡിഎയുടെ തോല്‍വിക്ക് പിന്നിലെ പ്രധാന കാരണങ്ങളായി. ലോക്സഭ പരാജയത്തിന് ശേഷം ബിജെപിയും മഹായുതിയും നിലപാടുകള്‍ തിരുത്തി. ഉള്ളി കയറ്റുമതി നിരോധനം എടുത്തുകളഞ്ഞു, പരുത്തിക്കും സോയാബീനിനുമുള്ള താങ്ങുവില നേരിയ തോതില്‍ വര്‍ദ്ധിപ്പിച്ചു, ജലസേചന പമ്പുകള്‍ക്ക് സൗജന്യ വൈദ്യുതിക്കായി ബലിരാജ വിജ് സവ്‌ലത്ത് യോജന പോലെ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചു.
ഹിന്ദുത്വ ഹിന്ദുത്വ ആഖ്യാനം ബിജെപി കൂടുതല്‍ ശക്തമാക്കി. 2014-ലെയും 2019-ലെയും പ്രചാരണങ്ങളെ അപേക്ഷിച്ച്, വ്യക്തമായ ഹിന്ദുത്വ യുമായാണ് ബിജെപി നേതാക്കള്‍ പ്രചരണം നടത്തിയത്. 'വോട്ട് ജിഹാദ്' ആരോപണവും വിജയിച്ചു. ലോക്‌സഭാ ഇലക്ഷന് മുസ്ലീം ഏകീകരണം മാത്രമാണ് മഹാവികാസ് അഘാഡിയെ സഹായിച്ചത്, അതിനാല്‍ ഹിന്ദുക്കള്‍ ഒന്നിക്കേണ്ടതുണ്ടെന്നും അവര്‍ ആരോപിച്ചു.
സഹതാപം വോട്ടായി മാറിയില്ല: ശിവസേന പാരമ്പര്യംതങ്ങള്‍ക്കാണെന്ന് ഏകനാഥ് ഷിന്‍ഡെ ആവര്‍ത്തിച്ചു. ലോക്സഭയില്‍ ഉദ്ധവിനെക്കാള്‍ മികച്ച പ്രകടനമാണ് ഷിന്‍ഡെ വിഭാഗം കാഴ്ചവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പുകളിലും നില മെച്ചപ്പെടുത്തി. ജനങ്ങളുടെ മുഖ്യമന്ത്രിയെന്ന നിലയില്‍ ഷിന്‍ഡെയുടെ സ്വന്തം ജനപ്രീതിയും നഗരങ്ങളിലും ഗ്രാമങ്ങളിലും ബാല്‍ താക്കറെയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലൂന്നിയ പ്രവര്‍ത്തനവും കഴിഞ്ഞ രണ്ട് വര്‍ഷമായി ഷിന്‍ഡെയുടെ ജനപ്രീതി വര്‍ധിപ്പിച്ചു.
അജിത് പവാര്‍, ലോക്സഭയില്‍ നിന്ന് വ്യത്യസ്തമായി ശരദ് പവാറിനെ അട്ടിമറിച്ചു. വികസനത്തിനുള്ള പരമാവധി ഫണ്ട് ഉറപ്പാക്കി പ്രാദേശികമായി തന്റെ എംഎല്‍എമാരെ ശക്തിപ്പെടുത്താനുള്ള അജിത്തിന്റെ പദ്ധതി ഫലം കണ്ടു. ദേശീയതലത്തില്‍ പരമ്പരാഗത എന്‍സിപി വോട്ടര്‍മാര്‍ ശാര്‍ദ് പവാറിനും സുപ്രിയ സുലെയ്ക്കും മുന്‍ഗണന നല്‍കുമ്പോള്‍, അജിത് പവാറിന് മഹാരാഷ്ട്രയില്‍ പാര്‍ട്ടിയില്‍ സ്വാധീനമുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രകടനം വ്യക്തമാക്കുന്നു.
പ്രതിപക്ഷത്തിന്റെ വീഴ്ച: രാഷ്ട്രീയമായി, മഹായുതിയുടെ ക്ഷേമപദ്ധതികളുടെ ജനപ്രീതി ചെറുക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു, മാത്രമല്ല അധികാരത്തില്‍ വന്നാല്‍ ഈ പദ്ധതികള്‍ നിര്‍ത്തലാക്കുമെന്ന് സര്‍ക്കാര്‍ പ്രചരണത്തെ എതിര്‍ക്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. വാസ്തവത്തില്‍, പ്രതിപക്ഷം വിജയിച്ചാല്‍ ലഡ്കി ബഹിന്‍ യോജനയ്ക്ക് കീഴില്‍ കൂടുതല്‍ പണം വാഗ്ദാനം ചെയ്തിരുന്നു, കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും നല്‍കിയ വാഗ്ദാനങ്ങളും മഹായുതിയുടെ വാഗ്ദാനത്തിന് സമാനമാണ്. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ ജനകീയമാക്കുന്നതിനോ മഹായുതിയുടെ പദ്ധതികളെ പ്രതിരോധിക്കുന്നതിനോ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല.
ഇനി എന്ത്? മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഫഡ്നാവിസ് തിരിച്ചെത്തുമോ? പ്രതിപക്ഷം ഒരുമിച്ച് ഈ പ്രഹരത്തെ അതിജീവിക്കുമോ? ഝാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യം അധികാരം നിലനിര്‍ത്തിയെങ്കിലും കോണ്‍ഗ്രസിന് വലിയ മേന്മയില്ല. ജെഎംഎമ്മിന്റെ പിന്തുണയില്‍ അധികാരത്തിന്റെ ഭാഗമാകാം. അതിനപ്പുറം കാര്യമായ ചലനം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിനായില്ല. ജമ്മുകാശ്മിര്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും ഇത് തന്നെയായിരുന്നു പാര്‍ട്ടിയുടെ സ്ഥിതി.
#CongressStruggles, #BJP, #MaharashtraElection, #HaryanaElection, #IndianPolitics, #ElectionResults