Strategy | ഡൽഹിയിൽ മൂന്നാമൂഴത്തിലും ബിജെപിയെ മുട്ടുകുത്തിക്കാന്‍ എഎപിക്കാകുമോ?

 
Can AAP Defeat BJP for a Third Time in Delhi?
Can AAP Defeat BJP for a Third Time in Delhi?

Photo Credit: X/ AAP

● ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ എഎപി ശ്രമിക്കുന്നു.
● ബിജെപി-കോണ്‍ഗ്രസ് പാർട്ടികളുടെ പ്രാദേശിക നേതാക്കളെ അടർത്തിയെടുക്കുന്നു 
● അരവിന്ദ് കെജ്രിവാൾ പദയാത്ര നടത്തുകയും ചെയ്തു 


ദക്ഷാ മനു 

ന്യൂഡല്‍ഹി: (KVARTHA) ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ജെഎംഎം എന്നീ പ്രാദേശിക പാര്‍ട്ടികളെ പോലെ ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താനും പരാജയപ്പെടുത്താനും കെല്‍പ്പുള്ള മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനമാണ് ആംആദ്മി പാര്‍ട്ടി (എഎപി). ഡല്‍ഹി മദ്യനയക്കേസില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെയും മറ്റ് രണ്ട് മന്ത്രിമാരെയും കേന്ദ്രസര്‍ക്കാര്‍ ജയിലിലടച്ചെങ്കിലും അവരെയെല്ലാം കോടതി ജാമ്യത്തില്‍ വിട്ടയച്ചു. മാത്രമല്ല കേസില്‍ അടുത്തകാലത്തെങ്ങും വിചാരണതുടങ്ങാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) താല്‍പര്യമില്ലെന്നും കോടതി വിലയിരുത്തി. 

ജാമ്യത്തിലിറങ്ങിയ കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം സംസ്ഥാനത്തുടനീളം പദയാത്ര നടത്തുകയാണ്. ഇതിന്റെ അപകടം മനസ്സിലാക്കിയ ബിജെപി മറ്റൊരു തന്ത്രമാണ് പയറ്റുന്നത്. എഎപി കഴിഞ്ഞ തവണ അയ്യാരത്തോളം വോട്ടിന് ജയിച്ച മണ്ഡലങ്ങളിലെ, അവരുടെ പതിനായിരം വോട്ടര്‍മാരെ വീതം വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ് എഎപിയുടെ ആരോപണം. ഇതിനായി ജില്ലാ കളക്ടര്‍മാര്‍ക്ക് ബിജെപി പരാതിയും നല്‍കുന്നുണ്ടെന്നും കഴിഞ്ഞയാഴ്ച കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.

2015ലും 2020ലും ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ബിജെപിയെ പരാജയപ്പെടുത്തി. മൂന്നാമൂഴത്തിലും അത് സാധ്യമായാല്‍ ഇതുവരെ ഒരു പ്രതിപക്ഷ പാര്‍ട്ടിക്കും സാധിക്കാത്ത നേട്ടമായിരിക്കും. മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള പ്രമുഖ നേതാക്കളെ എഎപിയിലേക്ക് കൊണ്ടുവരികയും ആ പാര്‍ട്ടികളിലെ ചില പ്രധാന നേതാക്കളുടെ സീറ്റുകളില്‍ അവരെ മത്സരിപ്പിക്കുക എന്ന തന്ത്രമാണ് എഎപി പയറ്റുന്നത്. അതിനാല്‍ എഎപിയുടെ  പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി സിറ്റിംഗ് എംഎല്‍എമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഡല്‍ഹി നിയമസഭാ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു. 

ഷഹ്ദാര നിയമസഭാ സീറ്റില്‍ നിന്നാണ് അദ്ദേഹം കഴിഞ്ഞതവണ വിജയിച്ചത്. ഇത്തവണ അവിടെ ബി.ജെ.പിയില്‍ നിന്നുള്ള ജനപ്രിയ പ്രാദേശിക നേതാവായ ജിതേന്ദര്‍ സിംഗ് ഷണ്ടിയെ എഎപി അടര്‍ത്തിയെടുത്ത് മത്സരിപ്പിക്കുകയാണ്. മണ്ഡലത്തില്‍  അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനാണ് ഷണ്ടി. കൗണ്‍സിലറായി സ്വതന്ത്രനായി വിജയിച്ചാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്.  സംഘടനയായ ഷഹീദ് ഭഗത് സിംഗ് സേവാദള്‍ എന്ന സന്നദ്ധസംഘടനയ്ക്ക് നേതൃത്വം നല്‍കുന്നു. സൗജന്യ ആംബുലന്‍സ് സേവനവും മറ്റ് സാമൂഹിക സേവന പ്രവര്‍ത്തനങ്ങളും നടത്തുന്നു. കൂടാതെ അജ്ഞാത മൃതദേഹങ്ങള്‍ സംസ്‌കരിക്കുകയും ചെയ്യുന്നു.

സീലംപൂര്‍ മണ്ഡലത്തില്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് മത്സരിച്ച് അഞ്ച് തവണ എംഎല്‍എയായ ചൗധരി മതീന്‍ അഹമ്മദിനെ ഇത്തവണ എഎപിയില്‍ ചേര്‍ന്നു. 1993ല്‍ ജനതാദള്‍ സ്ഥാനാര്‍ത്ഥിയായും 1998ല്‍ സ്വതന്ത്രനായും പിന്നീട് കോണ്‍ഗ്രസ് ടിക്കറ്റിലും വിജയിച്ച ഇദ്ദേഹം വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പ്രമുഖ മുസ്ലീം നേതാവാണ്. സാമുദായിക ധ്രുവീകരണമുള്ള പ്രദേശത്ത് സാമുദായിക സൗഹാര്‍ദത്തിന് വേണ്ടി നിരന്തരം പോരാടുന്നു. 1990-കള്‍ മുതല്‍, കന്‍വാര്‍ യാത്രയിലും മറ്റ് ഹിന്ദു ഉത്സവങ്ങളിലും ഹിന്ദു മുസ്ലീം ഏകതാ ശിവിര്‍ നടത്തിവരുന്നു.

സിറ്റിംഗ് എം.എല്‍.എ അബ്ദുൽ റഹ്‌മാനെതിരെ മണ്ഡലത്തിലുള്ളവര്‍ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. അതുകൊണ്ട് ഇത്തവണ അദ്ദേഹത്തെ മാറ്റി ചൗധരി മതീന്‍ അഹമ്മദിന്റെ മകന്‍ ചൗധരി സുബൈര്‍ അഹമ്മദിനെ എഎപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇതോടെ സിംറ്റിംഗ് എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അവര്‍ സീറ്റും നല്‍കി.  2020-ലെ വര്‍ഗീയ കലാപത്തില്‍ ശക്തമായ നടപടി എടുക്കാത്തത് കൊണ്ട്  വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ്ലീങ്ങളില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിക്ക് ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. ചൗധരി മതീന്‍ അഹമ്മദിന്റെ രംഗപ്രവേശം അവരുടെ വികാരം ശമിപ്പിക്കാനുള്ള ശ്രമമാണ്.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മറ്റൊരു സീറ്റായ സീമാപുരിയില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന വീര്‍ സിങ് ധിംഗനെയാണ് എഎപി മത്സരിപ്പിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ മന്ത്രി രാജേന്ദ്ര പാല്‍ ഗൗതമാണ് ഇവിടുത്തെ സിറ്റിംഗ് എംഎല്‍എ. ചൗധരി മതീന്‍ അഹമ്മദ്, ജിതേന്ദര്‍ സിംഗ് ഷണ്ടി, വീര്‍ സിംഗ് ദിങ്കന്‍ തുടങ്ങിയ പ്രാദേശികമായി വേരോട്ടമുള്ള നേതാക്കളെ കൂടെ നിര്‍ത്തി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ നേരിട്ട ചില തിരിച്ചടികളില്‍ നിന്ന് കരകയറി, വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ശക്തിവീണ്ടെടുക്കാന്‍ എഎപി ശ്രമിക്കുന്നു.

വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കിരാരി സീറ്റില്‍ രണ്ട് തവണ എംഎല്‍എ ആയ ഋതുരാജ് ഗോവിന്ദിനെ മാറ്റി ബിജെപി മുന്‍ എംഎല്‍എ അനില്‍ ഝായാണ് ഇത്തവണ എഎപിയുടെ ചൂലേന്തുന്നത്. മണ്ഡലത്തില്‍ ബിഹാറില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് ആധിപത്യം പുലര്‍ത്തുന്നത്, ഗോവിന്ദും ഝായും ഒരേ സമുദായക്കാരാണ്. 2013-ല്‍ ബി.ജെ.പി ടിക്കറ്റില്‍ 48,000 വോട്ടുകള്‍ക്ക് ജയിച്ച ഝാ 2015-ല്‍ ഗോവിന്ദിനോട് 45,000 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. എഎപി  തരംഗത്തിനിടയിലും 2020-ല്‍ ഗോവിന്ദിന്റെ ഭൂരിപക്ഷം 5,000 ആയി കുറയ്ക്കാന്‍ ഝായ്ക്ക് കഴിഞ്ഞു.

യമുന നദിക്ക് അടുത്തുള്ള മണ്ഡലമാണ് തിമര്‍പൂര്‍.  മുതിര്‍ന്ന ആം ആദ്മി നേതാവ് ദിലീപ് പാണ്ഡെയാണ് സിറ്റിംഗ് എംഎല്‍എ. അദ്ദേഹം തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. 2013 മുതല്‍ എഎപി ഈ മണ്ഡലം അടക്കിവച്ചിരിക്കുകയാണ്. പക്ഷെ, അവിടെ നിന്ന് സ്ഥിരമായി ജയിക്കുന്ന നേതാവില്ല എന്നത് അവരെ അലട്ടുന്നു. 1998 മുതല്‍ ബിജെപി ഇതര പാര്‍ട്ടികളാണ് ഇവിടെ നിന്ന് വിജയിക്കുന്നത്.  കോണ്‍ഗ്രസിന് അത്യാവശ്യം വേരോട്ടമുണ്ട്. ഡല്‍ഹി സര്‍വകലാശാല ഉള്‍പ്പെടുന്ന സീറ്റായതിനാല്‍, എഎപിയുടെ തുടക്കത്തില്‍ യോഗേന്ദ്ര യാദവ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 

ഇവിടെ എഎപിയുടെ ആദ്യ എംഎല്‍എ ഹരീഷ് ഖന്നയും 2015ല്‍ യോഗേന്ദ്ര യാദവിന്റെ സഹായി പങ്കജ് പുഷ്‌കറും വിജയിച്ചു, 2015ല്‍ യാദവും പ്രശാന്ത് ഭൂഷണും പാര്‍ട്ടിയില്‍ നിന്ന് അകന്നു. 2020ല്‍ ദിലീപ് പാണ്ഡെ വിജയിച്ചു. സര്‍വ്വകലാശാലാ ജീവനക്കാരും ചില ചേരികളും ദളിത്, സിഖ് വോട്ടര്‍മാരും ഉള്ളതിനാല്‍ മണ്ഡലത്തിലെ ജനസംഖ്യാശാസ്ത്രം എഎപിക്ക് അനുകൂലമാണ്. 2003ലും 2008ലും ഇവിടെ വിജയിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് സുരീന്ദര്‍ പാല്‍ സിംഗ് ബിട്ടുവിനെയാണ് ഇത്തവണ ആം ആദ്മി പാര്‍ട്ടി മത്സരിപ്പിക്കുന്നത്.  

മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സീറ്റ് കിഴക്കന്‍ ഡല്‍ഹിയിലെ പട്പര്‍ഗഞ്ചില്‍ നിന്ന് സെന്‍ട്രല്‍ ഡല്‍ഹിയിലെ ജംഗ്പുരയിലേക്ക് എഎപി മാറ്റി. 2020ല്‍ ബിജെപിയുടെ എസ് രവീന്ദര്‍ നേഗിക്കെതിരെ 3000 വോട്ടിന്റെ  വ്യത്യാസത്തിനാണ് സിസോദിയ വിജയിച്ചത്. മുസ്ലീം കടയുടമകളെ ലക്ഷ്യമിട്ട് നേഗി തീവ്ര ഹിന്ദുത്വ രാഷ്ട്രീയം പ്രദേശത്ത് നടപ്പാക്കുന്നത് എഎപിക്ക് ഗുണമാകും.

സിസോദിയയെ ജംഗ്പുരയിലേക്കാണ് മാറ്റിയിരിക്കുന്നത്, എഎപിയുടെ സുരക്ഷിത മണ്ഡലമായതിനാലാണ്, പരമ്പരാഗതമായി ബിജെപി ഇതര സ്ഥാനാര്‍ത്ഥികളാണ് ഇവിടെ വിജയിക്കുന്നത്. ആം ആദ്മി പാര്‍ട്ടി രൂപീകരിക്കുന്നതിന് മുമ്പ്, മുതിര്‍ന്ന നേതാവ് ജഗ് പ്രവേഷ് ചന്ദ്രയിലൂടെയും പിന്നീട് തര്‍വീന്ദര്‍ സിംഗ് മര്‍വയിലൂടെയും കോണ്‍ഗ്രസ് ആദ്യം ഈ സീറ്റില്‍ വിജയിച്ചിരുന്നു. സിഖ്, മുസ്ലീം, ദളിത് വോട്ടുകള്‍ നിര്‍ണായകമായതിനാല്‍ ജനസംഖ്യാശാസ്ത്രവും എഎപിക്ക് അനുകൂലമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എഎപി-കോണ്‍ഗ്രസ് സഖ്യം മുന്നിട്ടുനിന്ന ഡല്‍ഹിയിലെ ഏതാനും മണ്ഡലങ്ങളിലൊന്നാണ് ജംഗ്പുര.

മുന്‍ കോണ്‍ഗ്രസ് എംഎല്‍എ തര്‍വീന്ദര്‍ മര്‍വ ബിജെപിയില്‍ ചേര്‍ന്നതാണ് ആം ആദ്മി പാര്‍ട്ടിക്ക് വെല്ലുവിളിയാണ്. പ്രദേശത്തെ സിഖ്, ഹിന്ദു പഞ്ചാബി വോട്ടര്‍മാര്‍ക്കിടയില്‍ അദ്ദേഹത്തിന് നല്ല സ്ഥാനമുണ്ട്. പട്പര്‍ഗഞ്ചില്‍, എഎപി യുപിഎസ്സി പരിശീലകനും വിദ്യാഭ്യാസ വിചക്ഷണനുമായ അവധ് ഓജയെയാണ് മത്സരിപ്പിക്കുന്നത്, അദ്ദേഹത്തിന്റെ യോഗ്യതകള്‍ നേഗിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ നേരിടാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് എഎപി.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഇതുവരെയുള്ള വിജയത്തിന് രണ്ട് ഘടകങ്ങളുണ്ട്, ഒന്ന്- ദേശീയ തലത്തില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്ന ഒരു വിഭാഗം വോട്ടര്‍മാരെ ഒപ്പം നിര്‍ത്തുക, മുഴുവന്‍ ബി.ജെ.പി വിരുദ്ധ വോട്ടുകളും ഏകീകരിക്കുക, അതില്‍ വലിയൊരു ഭാഗം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നവരാണ്.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 54 ശതമാനവും എഎപി-കോണ്‍ഗ്രസ് സഖ്യം 43 ശതമാനവും (എഎപി 24 ശതമാനം, കോണ്‍ഗ്രസ് 19 ശതമാനം) വോട്ട് നേടി. ഡല്‍ഹിയില്‍ വീണ്ടും വിജയിക്കുന്നതിന്, ആം ആദ്മി പാര്‍ട്ടിക്ക് പ്രതിപക്ഷത്തിന്റെ ഏകീകൃത വോട്ടുകള്‍ പരമാവധി നിലനിര്‍ത്തേണ്ടതുണ്ട്. ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമുള്ള  ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ എഎപിയുടെ വളരെ തന്ത്രപരമായി ഉപയോഗിക്കുകയാണ്.

2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ എഎപി-കോണ്‍ഗ്രസ് സഖ്യം ബിജെപിയേക്കാള്‍ കൂടുതല്‍ വോട്ട് നേടിയ രണ്ട് നിയമസഭാ മണ്ഡലങ്ങളാണ് സീലംപൂരും സീമാപുരിയും. രണ്ടും കോണ്‍ഗ്രസിന്റെ  ലോക്സഭാ സീറ്റില്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലങ്ങള്‍ ആയതിനാല്‍, ഇവിടങ്ങളില്‍ കോണ്‍ഗ്രസിന്റെ അടിത്തറ പൊളിക്കേണ്ടത് എഎപിക്ക് അനിവാര്യമായി. അതുകൊണ്ടാണ് അവര്‍ ഈ രണ്ട് മേഖലകളില്‍ നിന്നും കോണ്‍ഗ്രസിന്റെ പ്രധാന മുഖങ്ങളായ ചൗധരി മതീന്‍ അഹമ്മദിനെയും വീര്‍ സിംഗ് ദിങ്കനെയും അടര്‍ത്തിയെടുത്തത്.

അതുപോലെ, ബി.ജെ.പിയില്‍ നിന്ന് ജിതേന്ദര്‍ ഷണ്ടിയെയും അനില്‍ ഝായെയും കൊണ്ടുവന്നത് രണ്ട് കാര്യങ്ങള്‍ ഉദ്ദേശിച്ചാണ്: ഈ സീറ്റുകളില്‍ ബി.ജെ.പിയുടെ അടിത്തറയുടെ പൊളിക്കുക, ഈ മേഖലകളിലെ ബി.ജെ.പിയുടെ പ്രധാന നേതാക്കളെ ഇല്ലാതാക്കുക. എല്ലാ സീറ്റിലും മറ്റൊരു പ്രത്യേകതയുമുണ്ട്. പാര്‍ട്ടി മുന്‍ഗണന അല്ലെങ്കില്‍ മുഖ്യമന്ത്രി - പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് മുന്‍ഗണന അനുസരിച്ച് വോട്ട് ചെയ്യുന്നവരും മത്സരിക്കുന്ന പ്രാദേശിക സ്ഥാനാര്‍ത്ഥികളുടെ ജനപ്രീതിയെ അടിസ്ഥാനമാക്കി വോട്ട് ചെയ്യുന്നവരും ഉണ്ട്.

കഴിഞ്ഞ പത്ത് കൊല്ലമായി ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കൂടുതല്‍ പ്രാദേശികവല്‍ക്കരിക്കപ്പെട്ടു - ലോക്സഭാ തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അനുകൂലമായിരുന്നു. വ്യക്തിഗത സ്ഥാനാര്‍ത്ഥികളുടെ ജനപ്രീതി വളരെ കുറവാണ്. മന്ത്രി ഇമ്രാന്‍ ഹുസൈനും തുഗ്ലക്കാബാദ് എംഎല്‍എ സാഹി റാമും മുമ്പ് ബിഎസ്പി കൗണ്‍സിലര്‍മാരായിരുന്നു, ഇപ്പോള്‍ ഒരു ദശാബ്ദമായി എഎപിക്കൊപ്പമാണ്. 2020 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓള്‍ഡ് ഡല്‍ഹിയിലെ പ്രമുഖ നേതാക്കളായ ഷോയിബ് ഇഖ്ബാലും പര്‍ലാദ് സിംഗ് സാഹ്നിയും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു, ഇപ്പോള്‍ അവരുടെ മക്കളും പാര്‍ട്ടിയിലേക്ക് വരുന്നുണ്ട്.

2015ല്‍ 32 ശതമാനവും 2020ല്‍ 38 ശതമാനവും 2022ലെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 39 ശതമാനവും വോട്ട് നിലനിര്‍ത്താനും വര്‍ധിപ്പിക്കാനും ബിജെപിക്ക് കഴിഞ്ഞു. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍, ആം ആദ്മി പാര്‍ട്ടിയെക്കാള്‍ മൂന്ന് ശതമാനം വോട്ട് പിന്നില്‍ ആയിരുന്നു ബിജെപി. കോണ്‍ഗ്രസ് 11 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തും. ബിജെപി വോട്ട് 40 ശതമാനത്തില്‍ താഴെയും കോണ്‍ഗ്രസ് വോട്ട് അഞ്ച് ശതമാനത്തില്‍ താഴെയും നിലനിര്‍ത്തുക എന്നത് ഇത്തവണ എഎപിയുടെ പ്രധാന വെല്ലുവിളിയാണ്.

#DelhiElections2024 #AAPStrategy #BJPChallenge #ArvindKejriwal #CongressAlliance #RegionalPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia