Bypoll Results | അയോധ്യയ്ക്ക് പിന്നാലെ ബദരീനാഥും; നിയമസഭ ഉപതിരഞ്ഞെടുപ്പിൽ തോറ്റ് ബിജെപി; പരാജയപ്പെട്ടത് പാർട്ടി മാറിയ സ്ഥാനാർഥി


ബദരീനാഥിൽ ആദ്യമായി സ്ഥാനാർത്ഥിയായ ബുട്ടോല 27,696 വോട്ടുകൾ നേടിയപ്പോൾ മൂന്ന് തവണ എംഎൽഎയും മുൻ സംസ്ഥാന മന്ത്രിയുമായ ഭണ്ഡാരി 22,601 വോട്ടുകളാണ് കരസ്ഥമാക്കിയത്
ഡെറാഡൂൺ: (KVARTHA) ഉത്തരാഖണ്ഡ് നിയമസയിലെ രണ്ട് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്. ബദരീനാഥ്, മംഗലൂർ എന്നീ രണ്ട് മണ്ഡലങ്ങളിലും ബിജെപി പരാജയപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പകരം വീട്ടിയ കോൺഗ്രസ് രണ്ടിടത്തും വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥികളായ ലഖ്പത് സിംഗ് ബുട്ടോളയും ഖാസി മുഹമ്മദ് നിസാമുദ്ദീനുമാണ് വിജയക്കൊടി പറത്തിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലെ തോൽവിക്ക് പിന്നാലെ മറ്റൊരു ക്ഷേത്ര നഗരിയായ ബദരീനാഥിലും ബിജെപിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നുവെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി. 'ജയ് ബാബ ബദരീനാഥ്, ജൈവേതര പാർട്ടി (Non-biological party) ഇവിടെയും തോറ്റു'വെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി പരിഹസിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച രാജേന്ദ്ര ഭണ്ഡാരി എംഎൽഎ സ്ഥാനം രാജിവെച്ച് ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രാജേന്ദ്ര ഭണ്ഡാരിയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ബിജെപി അദ്ദേഹത്തെ തന്നെ പാർട്ടി സ്ഥാനാർത്ഥിയാക്കി.
എന്നാൽ കോൺഗ്രസിലെ ലഖ്പത് സിംഗ് ബൂട്ടോലയോട് 5,095 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽവി വഴങ്ങേണ്ടി വന്നു. ബദരീനാഥിൽ ആദ്യമായി സ്ഥാനാർത്ഥിയായ ബുട്ടോല 27,696 വോട്ടുകൾ നേടിയപ്പോൾ മൂന്ന് തവണ എംഎൽഎയും മുൻ സംസ്ഥാന മന്ത്രിയുമായ ഭണ്ഡാരി 22,601 വോട്ടുകളാണ് കരസ്ഥമാക്കിയത്.
ബദരീനാഥ് സീറ്റിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയ 49 കാരനായ ലഖ്പത് സിംഗ് ബുട്ടോള കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കോൺഗ്രസിന്റെ അടിയുറച്ച പ്രവർത്തകനാണ്. കോൺഗ്രസ് സംസ്ഥാന മീഡിയ ഇൻചാർജ്, സംസ്ഥാന വക്താവ് എന്നീ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം 2011-ൽ തല, പോഖാരിയിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. 2015ൽ കുറച്ചുകാലം ചമോലി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായും പ്രവർത്തിച്ചു.
മംഗലൂർ മണ്ഡലത്തിൽ ബിജെപി കർതാർ സിംഗ് ഭദാനയെ മത്സരിപ്പിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥി ഖാസി മുഹമ്മദ് നിസാമുദ്ദീനോട് ഭദാന പരാജയപ്പെട്ടു. ഈ മണ്ഡലം ബിഎസ്പിയുടെ ശക്തികേന്ദ്രമാണ്. സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിഎസ്പി നാല് തവണയും കോൺഗ്രസ് ഒരു തവണയും വിജയിച്ചു. ബിഎസ്പി എംഎൽഎ സർവത് കരീം അൻസാരിയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്
മൂന്ന് തവണ എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ നിസാമുദ്ദീൻ ബി.ജെ.പിയുടെ കർത്താർ സിംഗ് ഭദാനക്കെതിരെ 422 വോട്ടിൻ്റെ നേരിയ വ്യത്യാസത്തിലാണ് സീറ്റ് ഉറപ്പിച്ചത്. നിസാമുദ്ദീൻ 31,727 വോട്ടുകൾ നേടിയപ്പോൾ ഭദാനയ്ക്ക് 31,305 വോട്ടുകൾ ലഭിച്ചു.