Analysis | സംഭാലില്‍ ബിജെപിയുടെ ഒറ്റവെടിക്ക് മൂന്ന് പക്ഷികള്‍?
● ബിജെപി തങ്ങളുടെ തന്ത്രങ്ങളിലൂടെ പ്രതിപക്ഷത്തെ ദുർബലമാക്കുന്നു.
● സംഭാൾ സംഭവം ഉപയോഗിച്ച് പ്രതിപക്ഷത്തെ വിഭജിക്കാൻ ബിജെപി ശ്രമിച്ചു.
● കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പിഴവുകൾ പ്രതിപക്ഷത്തെ ദുർബലമാക്കുന്നു.
ദക്ഷാ മനു
(KVARTHA) സാധാരണ പ്രതിപക്ഷത്തിന് ഭരണകക്ഷിയേക്കാള്‍ വീറുംവാശിയും ജനപിന്തുണയും കൂടുതലായിരിക്കും, ദൗര്‍ഭാഗ്യമെന്ന് പറയട്ടെ രാജ്യത്തെ പ്രതിപക്ഷം വളരെ ദുര്‍ബലമാകുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണുന്നത്. മോഡിസര്‍ക്കാര്‍ കൃത്യമായ ആസൂത്രണത്തിലൂടെയാണ് ഈയൊരു സാഹചര്യം സൃഷ്ടിച്ചത്. ഇന്ത്യാ മുന്നണി കക്ഷികളെയെല്ലാം ഒറ്റയ്ക്ക് നിര്‍ത്തി മുന്നോട്ട് കൊണ്ടുപോകേണ്ട കോണ്‍ഗ്രസാകട്ടെ ആ ഉത്തരവാദിത്തം കാട്ടുന്നില്ല. പാര്‍ലമെന്റില്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ എല്ലാ കക്ഷികളുമായി ചര്‍ച്ച ചെയ്ത് സമവായം ഉണ്ടാക്കുക പോലും ചെയ്തില്ല.
അതുകൊണ്ടാണ് അദാനിക്കെതിരായ പ്രതിഷേധത്തില്‍ നിന്ന് സമാജ് വാദി പാര്‍ട്ടിയും (എസ്പി) തൃണമൂല്‍ കോണ്‍ഗ്രസും പിന്‍മാറിയത്. തൃണമൂല്‍ ബംഗ്ലാദേശ് വിഷയവും എസ്പി സംഭാല്‍ കലാപവും ഉയര്‍ത്തിക്കാട്ടി. അതുപോലെ പാര്‍ലമെന്റില്‍ ഇരിപ്പിടം അനുവദിച്ചതിലും കോണ്‍ഗ്രസ് തുല്യത കാട്ടിയില്ല. ഡിഎംകെയ്ക്ക് മുന്‍നിരയില്‍ സീറ്റ് നല്‍കിയപ്പോള്‍ എസ്പിക്കും തൃണമൂലിനും അനുവദിച്ചില്ല. ഇത് അവരെ അതൃപ്തരാക്കി. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞത് കൊണ്ടാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതാക്കാനായത്.
എന്നാല്‍ പിന്നീട് നടന്ന ഹരിയാന, മഹാരാഷ്ട്രാ തെരഞ്ഞെടുപ്പുകളില്‍ അതുണ്ടായില്ല. യുപിയിലെ ഉപതെരഞ്ഞെടുപ്പില്‍ എസ്പിയുമായി അസ്വാരസ്യം ഉണ്ടായപ്പോള്‍ ഒന്‍പത് സീറ്റും കോണ്‍ഗ്രസ് അവര്‍ക്ക് വിട്ടുനല്‍കി സമവായം സൃഷ്ടിച്ചിരുന്നു. ഝാര്‍ഖണ്ഡിലാകട്ടെ ഇടതുകക്ഷികള്‍ക്ക് അടക്കം സീറ്റുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. അങ്ങനെ കോണ്‍ഗ്രസ്-ജെഎംഎം സഖ്യമായി ചുരുങ്ങി. ഇതൊക്കെ മുന്നണിയെ മാത്രമല്ല, കോണ്‍ഗ്രസിന്റെ വളര്‍ച്ചയെയും ദുര്‍ബലപ്പെടുത്തുന്ന നടപടികളാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷത്ത് വിള്ളലുണ്ടാക്കാനും കോണ്‍ഗ്രസിനെ അടിക്കാനും ബിജെപി അടിയന്തരാവസ്ഥ ആയുധമാക്കാന്‍ ശ്രമിച്ചിരുന്നു. അടിയന്തരാവസ്ഥ കാലത്ത് എസ്പി മുന്‍ അധ്യക്ഷന്‍ മുലായംസിംഗ് യാദവിനെ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ജയിലില്‍ അടച്ചിരുന്നതാണ്. എന്നാല്‍ അപകടം മനസ്സിലാക്കിയ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് തന്നെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനെത്തിയിരുന്നു. അന്നത്തെ സംഭവങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കിയിരുന്നു.
മാത്രമല്ല, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തേത് പോലെ പ്രതിപക്ഷ എംപിമാരെ കൂട്ടമായി അങ്ങ് സസ്പെന്റ് ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നെന്നും സ്പീക്കര്‍ക്ക് ഓംബിര്‍ളയ്ക്ക് അദ്ദേഹം ഒരു 'കുത്ത' കൊടുത്തിരുന്നു. ആദ്യ സഭാ സമ്മേളനം നടത്തിക്കൊണ്ട് പോകാന്‍ ട്രഷറി ബെഞ്ച് നന്നേ പാടുപെട്ടിരുന്നു. രാഹുല്‍ഗാന്ധിയുടെ പ്രസംഗം അവരുടെ ഉറക്കംകെടുത്തിയിരുന്നു. അവിടെ നിന്നാണ് ഹരിയാന, മഹാരാഷ്ട്ര തോല്‍വി കോണ്‍ഗ്രസിനുണ്ടായത്. അതിന് കാരണം നേതൃത്വത്തിന്റെ തന്‍പോരിമയാണ്. ഹരിയാനയില്‍ ഭൂപേന്ദ്രസിംഗ് ഹൂഡ തനിക്കൊപ്പമുള്ളവര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കുകയും കുമാരിയെ ഷെല്‍ജയെ അവഗണിക്കുകയും ആംആദ്മി പാര്‍ട്ടിയെ സഖ്യത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
മാത്രമല്ല, പ്രബല ജാതി വിഭാഗമായ ജാട്ട് വിഭാഗത്തിന് കൂടുതല്‍ പ്രാധാന്യവും നല്‍കി. ബിജെപിയാകട്ടെ പിന്നാക്ക, ദളിത് വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ജാട്ട് വിരുദ്ധവികാരം ഒരുമിപ്പിച്ച് അധികാരം നിലനിര്‍ത്തി. മഹാരാഷ്ട്രയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ പോലെ എല്ലാം അനുകൂലമാണെന്ന് വിശ്വസിച്ച് കോണ്‍ഗ്രസ് കാലംകഴിച്ചുകൂട്ടി. ബിജെപിയാകട്ടെ തിരിച്ചടി കിട്ടിയതോടെ ജനകീയപദ്ധതികളുമായി മുന്നോട്ട് പോയി. തൊഴിലില്ലായ്മ, കര്‍ഷകപ്രശ്നങ്ങള്‍, വിലക്കയറ്റം, ധാരാവി നവീകരണം തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ അനുകൂലമാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. യാതൊരു ആസൂത്രണവുമില്ലാതെയാണ് അവര്‍ തെരഞ്ഞെടുപ്പിനെ സമീപിച്ചതെന്ന് വിശകലനവിദഗ്ധനായ യോഗേന്ദ്രയാദവ് ചൂണ്ടിക്കാണിച്ചിരുന്നു.
പരാജയത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ കോണ്‍ഗ്രസിന് കിട്ടിയ ആയുധമാണ്, അദാനിക്കെതിരെ അമേരിക്കന്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം. അതിന്റെ പേരില്‍ ഒരാഴ്ചയോളം പാര്‍ലമെന്റ് സംഭിപ്പിച്ചെങ്കിലും കോണ്‍ഗ്രസിന്റെ പിടിപ്പുകേടുകൊണ്ട് അത് ചീറ്റിപ്പോയി. യുപിയിലെ സംഭാലില്‍ നടന്ന സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടത് ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ല. എസ്പിയെ സംബന്ധിച്ച് അത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. അവര്‍ അക്കാര്യത്തില്‍ ഇടഞ്ഞത് മനസ്സിലാക്കിയാണ് സ്പീക്കര്‍ ഓംബിര്‍ള അഖിലേഷ് യാദവിന് സംസാരിക്കാന്‍ അനുമതി നല്‍കിയത്. ഇതോടെയാണ് രാഹുല്‍ഗാന്ധി സംഭാലിലേക്ക് തിരിച്ചത്.
എന്നാല്‍ യുപി അതിര്‍ത്തിയില്‍ അദ്ദേഹത്തെ പൊലീസ് തടഞ്ഞു. റായ്ബറേലി എംപിയും പ്രതിപക്ഷനേതാവുമായ രാഹുലിനെ തടഞ്ഞതിലുള്ള പ്രതിഷേധം ശക്തമാണ്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് രാഹുല്‍ യുപി അതിര്‍ത്തിയിലെത്തിയത്. കോണ്‍ഗ്രസിന് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പിന്തുണ വര്‍ദ്ധിക്കുന്നത് എസ്പിക്ക് ആശങ്കയുണ്ട്. അങ്ങനെ എല്ലാം കൊണ്ടും പ്രതിസന്ധിയിലാണ് പ്രതിപക്ഷം. അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ബിജെപിക്ക് ഇത് ഉപയോഗിക്കുകയും ചെയ്തു. മാത്രമല്ല സംഭാലിലെ അക്രമിത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ ബന്ധമുള്ള സംഘടനകളാണെന്ന വാദം ഉയര്‍ത്തിക്കൊണ്ടുവരുകയും ചെയ്തു. രാഷ്ട്രീയമായും മുന്നണിപരമായും കോണ്‍ഗ്രസിനിത് വലിയ തിരിച്ചടിയാണ്.
#BJP #Congress #IndianPolitics #Opposition #ElectionStrategy #Sambalpur #Unity #Division