Political Violence | 'തെലങ്കാനയില്‍ ക്രിസ്ത്യൻ പള്ളിയുടെ ചുറ്റുമതില്‍ ബിജെപിക്കാര്‍ തകര്‍ത്തു', 8 പേർ അറസ്റ്റിൽ
● ഈ സംഭവത്തിൽ എട്ട് ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
● പതിച്ചുനൽകിയ ഭൂമി വിറ്റതിന്‍റെ രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും വില്‍പന നിയമപരമല്ലെന്നും പൊലീസ് വ്യക്തമാക്കി.
ഹൈദരാബാദ്: (KVARTHA) തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ നിയമവിരുദ്ധ നിർമ്മാണമെന്നാരോപിച്ച് ക്രിസ്ത്യൻ പള്ളിയുടെ ചുറ്റുമതിൽ ബി.ജെ.പി പ്രവർത്തകർ തകർത്തതായി പരാതി. തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. ബി.ജെ.പി എം.പി എം. രഘുനന്ദൻ റാവു, മിച്ചഭൂമിയായി സർക്കാർ അനുവദിച്ച സ്ഥലത്താണ് പള്ളി നിർമ്മാണം നടക്കുന്നതെന്ന് ആരോപിച്ചു.
ഈ സംഭവത്തിൽ എട്ട് ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ രഘുനന്ദൻ റാവു, ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് ആരോപിച്ചു. 'സർക്കാർ ഭൂമി കൈയേറിയുള്ള നിയമവിരുദ്ധ നിർമാണങ്ങൾ നീക്കാൻ സർക്കാർ തന്നെ ഐ.എ.എസ് ഉദ്യോഗസ്ഥനെ വച്ചിട്ടുണ്ട്. ഞങ്ങളുടെ പ്രവർത്തകരും അത് ചെയ്യുന്നതിലെന്താണ് തെറ്റ്', എന്നാണ് എം.പിയുടെ വാദം. ബി.ജെ.പിക്കാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രഘുനന്ദൻ റാവു എം.പി പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിലേർപ്പെട്ടു.
രണ്ട് പള്ളികള്‍ ഗ്രാമത്തിലുണ്ടെന്നും മൂന്നാമത് ഒന്നുകൂടി ആവശ്യമില്ലെന്നും, നിർമാണം അനധികൃതമാണെന്നും പറഞ്ഞാണ് ബി.ജെ.പി പ്രവർത്തകർ മതിൽ തകർത്തതെന്ന് പൊലീസ് പറഞ്ഞു. സർക്കാർ പതിച്ചുനൽകിയ ഭൂമിയാണിതെന്നും എന്നാല്‍ പിന്നീട് ഹൈദരാബാദ് സ്വദേശിക്ക് കൈമാറിയതാണെന്നും ഇയാള്‍ക്ക് പള്ളിയുമായി ബന്ധമുള്ളതാണെന്നും പൊലീസ് പറഞ്ഞു. പതിച്ചുനൽകിയ ഭൂമി വിറ്റതിന്‍റെ രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും വില്‍പന നിയമപരമല്ലെന്നും പൊലീസ് വ്യക്തമാക്കി.
#Telangana #BJP #ChurchDemolition #PoliticalConflict #ReligiousTension #Siddipet