Setback | ഹാ കഷ്ടം വീണിതല്ലോ കിടക്കുന്നു! പാലക്കാട് നിലം പരിശായ ബിജെപിക്ക് കാലിന് അടിയിലെ മണ്ണും ഒലിച്ചു പോയി?
● പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബി ജെ പിക്കാണ് കനത്ത തിരിച്ചടിയേറ്റത്.
● രണ്ടാം സ്ഥാനം നഷ്ടമായില്ലെന്നതു മാത്രമാണ് ബി ജെ പിക്ക് ആശ്വസിക്കാനുള്ളത്.
● ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഒരാഴ്ചയിലേറെയാണ് പാലക്കാട് ക്യാംപ് ചെയ്തു പ്രവർത്തിച്ചത്.
കനവ് കണ്ണൂർ
കണ്ണൂർ: (KVARTHA) പാലക്കാടേറ്റ കനത്ത തിരിച്ചടിയിൽ ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രതിസന്ധിയിലായി. ഇതോടെ പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രൻ - എം.ടി രമേശ് ദ്വയത്തെ മുൻനിർത്തി മുരളീധര വിരുദ്ധർ നീക്കങ്ങൾ ശക്തമാക്കിയേക്കാം. ബി.ജെ.പിയിലെ മുതിർന്ന നേതാവ് പി.കെ കൃഷ്ണദാസിൻ്റെ രഹസ്യ പിൻതുണ ഇതിനുണ്ടെന്നാണ് സൂചന. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബി ജെ പിക്കാണ് കനത്ത തിരിച്ചടിയേറ്റത്.
പാലക്കാട് ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന സി കൃഷ്ണകുമാറിനെ നിയമസഭ ഉപതിരഞ്ഞെടുപ്പിലിറക്കി നേട്ടമുണ്ടാക്കാമെന്ന ബി ജെ പിയുടെ പ്രതീക്ഷകൾക്ക് വലിയ പ്രഹരമാണ് ഏറ്റത്. എ ക്ലാസ് എന്ന് ബി ജെ പി കരുതുന്ന മണ്ഡലത്തിൽ ഒറ്റയടിക്ക് പതിനായിരത്തോളം വോട്ടുകളാണ് കുറഞ്ഞത്. പാലക്കാട്ടെ താമരക്കോട്ടകളിൽ രാഹുൽ മാങ്കൂട്ടത്തിൽ കടന്നുകയറിയതോടെ 9626 വോട്ടുകളാണ് ഒറ്റയടിക്ക് ബി ജെ പിക്ക് നഷ്ടമായത്.
കഴിഞ്ഞ തവണ മെട്രോമാൻ ഇ ശ്രീധരൻ 49155 വോട്ടുകൾ നേടിയപ്പോൾ ഇക്കുറി കൃഷ്ണകുമാറിന് 39529 വോട്ടുകൾ മാത്രമാണ് നേടാനായത്. രണ്ടാം സ്ഥാനം നഷ്ടമായില്ലെന്നതു മാത്രമാണ് ബി ജെ പിക്ക് ആശ്വസിക്കാനുള്ളത്. എന്നാൽ സന്ദീപ് വാര്യർ എഫക്റ്റ് ബാധിച്ചില്ലെന്ന് പുറമേക്ക് പറയുന്നുണ്ടെങ്കിലും ബി.ജെ.പി കോട്ടയായ പാലക്കാട് നഗരസഭയിൽ ഉൾപ്പെടെ വോട്ടു കുറഞ്ഞത് സന്ദീപ് വാര്യർക്ക് അനുകൂലമായി പാർട്ടിയിൽ ഒരു വിഭാഗം ചിന്തിച്ചതിൻ്റെ ഫലമാണെന്നാണ് വിലയിരുത്തൽ.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഒരാഴ്ചയിലേറെയാണ് പാലക്കാട് ക്യാംപ് ചെയ്തു പ്രവർത്തിച്ചത്. എന്നിട്ടും അതിദയനീയമായ തോൽവിയാണ് പാർട്ടി ഏറ്റുവാങ്ങിയത്
#BJP #PalakkadElection #KeralaPolitics #LeadershipCrisis #KSurendran #ElectionResults