Criticism | ജാര്‍ഖണ്ഡില്‍ ബിജെപിയുടെ വര്‍ഗീയ, വിദ്വേഷ പ്രചാരണത്തിന് കനത്ത തിരിച്ചടിയോ?
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 81 അംഗ നിയമസഭയില്‍ ഭരണകക്ഷിക്ക് വ്യക്തമായ ആധിപത്യം കിട്ടി.
● ബിജെപി അനുകൂല 'വ്യാജ' അക്കൗണ്ടുകള്‍ പാര്‍ട്ടിയുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകാന്‍ കോടികള്‍ ചെലവഴിച്ചു.
● എക്‌സിറ്റ് പോളുകൾക്ക് വിശ്വാസ്യത കുറവായെന്നും വിമർശനം
ആദിത്യൻ ആറന്മുള
(KVARTHA) ജാർഖണ്ഡിൽ ബിജെപി അധികാരത്തില്‍ വരുമെന്ന എക്‌സിറ്റ്‌പോളുകളുടെ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി ഇന്ത്യാ സഖ്യം വീണ്ടും അധികാരത്തിലേക്ക്. ബിജെപി വര്‍ഗീയ, വിദ്വേഷ പ്രചാരണങ്ങളാണ് നടത്തിയതെന്ന് വിമർശനം ഉയർന്നിരുന്നു. 81 അംഗ നിയമസഭയില്‍ ഭരണകക്ഷിക്ക് വ്യക്തമായ ആധിപത്യം കിട്ടി. 51 സീറ്റുകളിലധികം ലഭിച്ചു. ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമായ മൂന്ന് സന്ദേശങ്ങള്‍ ഉയര്‍ത്തുന്നു. ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ക്ക് പൊതജന പിന്തുണ കൂടി, ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെന്ന വ്യാജേന മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ള ബിജെപിയുടെ വര്‍ഗീയ പ്രചാരണത്തിന് ആദിവാസികളും മറ്റ് സമുദായങ്ങളും ശക്തമായ തിരിച്ചടി നല്‍കി.
ബി.ജെ.പിയുടെ നഗ്‌നമായ വര്‍ഗീയ, ഭിന്നിപ്പ് പ്രചാരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ യാതൊരു നടപടിയും സ്വീകരിക്കാതെ കയ്യുംകെട്ടി നോക്കിനിന്നതിന് ജനം തിരിച്ചടി നല്‍കിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ബിജെപി അനുകൂല 'വ്യാജ' അക്കൗണ്ടുകള്‍ പാര്‍ട്ടിയുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകാന്‍ കോടികള്‍ ചെലവഴിച്ചു. മുസ്ലീങ്ങള്‍ നുഴഞ്ഞുകയറ്റക്കാരും ഭീഷണിയുമാണെന്ന് വ്യക്തമാക്കുന്ന പരസ്യങ്ങളുമായി ബിജെപിയും രംഗത്തെത്തി. ഈ പരസ്യങ്ങള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, പ്രസംഗങ്ങള്‍ എന്നിവയെല്ലാം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെയും പല കേസുകളിലും 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെയും വ്യക്തമായ ലംഘനമാണ് എന്നാണ് ചൂണ്ടിക്കാട്ടുന്നത്.
സാമൂഹ്യ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നിരവധി പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയെങ്കിലും നടപടിയെടുത്തില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ശര്‍മ്മയും ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ മുസ്ലിംകളെ ലക്ഷ്യമിട്ട് ആവര്‍ത്തിച്ച് വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തുകയും ഹിന്ദുക്കളെ മതപരമായി അണിനിരത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. അസംമുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കായിരുന്നു ബിജെപിയുടെ പ്രചരണ ചുമതല. ഇതിനൊപ്പം മറ്റൊരു കാര്യം കൂടി പ്രത്യേകം പറയേണ്ടതുണ്ട്, എക്‌സിറ്റ് പോളുകളുടെ വിശ്വാസ്യത വീണ്ടും ഇടിഞ്ഞു.
ജെഎംഎം നേതാവ് ഹേമന്ത് സൊരേന്‍ നയിച്ച നിലവിലെ സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണ ലഭിച്ചു. പ്രധാനമായും മുഖ്യമന്ത്രി മയ്യാ സമ്മാന്‍ യോജന, അടയ്ക്കാത്ത വൈദ്യുതി ബില്ലുകളും കാര്‍ഷിക വായ്പകളും എഴുതിത്തള്ളിയത് അടക്കമുള്ള കാര്യങ്ങള്‍. 18-50 വയസ് പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപ ലഭിക്കുന്ന മയ്യാ സമ്മാന്‍ യോജന എല്ലാ സമുദായങ്ങളില്‍ നിന്നുമുള്ള സ്ത്രീകള്‍ക്ക് വലിയ ആശ്വാസമാണ്. സംസ്ഥാനത്തുടനീളം, പദ്ധതി പ്രകാരം പണം ലഭിച്ച സ്ത്രീകളും തങ്ങളുടെ വായ്പകള്‍ എഴുതിത്തള്ളിയ സര്‍ക്കാരിനൊപ്പം നിരവധി ആളുകളും ഇന്ത്യബ്‌ളോക്കിനൊപ്പം അടിയുറച്ച് നിന്നു.
വീണ്ടും അധികാരത്തില്‍ വന്നാല്‍ ഡിസംബര്‍ മുതല്‍ മയ സമ്മാന്‍ യോജനയുടെ തുക 2,500 രൂപയായി ഉയര്‍ത്തുമെന്ന് ഇന്ത്യാ ബ്ലോക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ വാഗ്ദാനം വോട്ടര്‍മാരില്‍ എത്തിക്കുന്നതിലും അവര്‍ വിജയിച്ചു. കൂടാതെ, സംസ്ഥാന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതികളുടെ കവറേജ് 6.6 ലക്ഷം ആളുകളില്‍ നിന്ന് 30 ലക്ഷം ആളുകളായി വര്‍ധിപ്പിക്കുന്നത് പോലുള്ള ചില സുപ്രധാന ക്ഷേമ സംരംഭങ്ങള്‍ ഹേമന്ത് സോറന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. കോവിഡ് ലോക്ക്ഡൗണ്‍ മാസങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സഹായങ്ങളും ക്ഷേമ അനുകൂല്യങ്ങളും ജനപിന്തുണ വര്‍ദ്ധിപ്പിച്ചു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍, സന്താല്‍ പര്‍ഗാന മേഖലയില്‍ ബിജെപി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന അജണ്ടകളിലൊന്ന്, പ്രദേശത്തേക്കുള്ള ബംഗ്ലാദേശി 'നുഴഞ്ഞുകയറ്റം' ആയിരുന്നു. ആദിവാസികളുടെ ഭൂമി കൈക്കലാക്കാന്‍ മുസ്ലീങ്ങള്‍ ആദിവാസികളെ വിവാഹം കഴിക്കുകയാണെന്നും ആരോപിച്ചു. മുഖ്യധാരാ മാധ്യമങ്ങള്‍ ബിജെപിയുടെ അവകാശവാദങ്ങള്‍ അതേപോലെ ഏറ്റെടുത്ത് പ്രചരിപ്പിക്കുകയും വസ്തുതകള്‍ പരിശോധിക്കുകയും ചെയ്തില്ല. അതുകൊണ്ട് അവര്‍ക്ക് കൂടിയുള്ള തിരിച്ചടിയാണ് ഈ ജനവിധി. ചില സ്വതന്ത്ര പത്രപ്രവര്‍ത്തകരുടെ, താഴേത്തട്ടിലുള്ള റിപ്പോര്‍ട്ടുകളും പൗര സംഘടനകളുടെ വസ്തുതാ അന്വേഷണങ്ങളും ബിജെപിയുടെ അവകാശവാദങ്ങളുടെ യാഥാർഥ്യം തുറന്നുകാട്ടിയിരുന്നു.
ഭൂമിയുടെ പേരില്‍ നിലവിലില്ലാത്ത പ്രശ്നം സൃഷ്ടിക്കാന്‍ ബിജെപി ശ്രമിച്ചതിനാല്‍ അവരുടെ പ്രചരണത്തിന് സന്താല്‍ പര്‍ഗാനയിലെ വോട്ടര്‍മാര്‍ക്കിടയില്‍ പോലും സ്വാധീനം ലഭിച്ചില്ലെന്ന് ജെഎംഎം നേതാക്കൾ പറയുന്നു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെഎംഎം) നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം ക്ഷേമപ്രവര്‍ത്തനങ്ങളിലും പ്രാദേശിക പ്രശ്നങ്ങളിലും ആദിവാസി സ്വത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
ഉദാഹരണത്തിന്, ദേശീയ പൗരത്വ രജിസ്റ്ററിനും ഏകീകൃത സിവില്‍ കോഡിനും പകരം പ്രാദേശിക ഭൂനിയമങ്ങളും ആദിവാസി അവകാശങ്ങളും സംസ്ഥാനത്ത് നിലനില്‍ക്കുമെന്ന് പ്രസ്താവിച്ചു ഹേമന്ത് സോറന്‍ ബിജെപിയെ മുട്ടുകുത്തിച്ചു. ആദ്യഘട്ട തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജെഎംഎമ്മിന്റെ പുറത്തിറക്കി പ്രകടനപത്രികയില്‍ പ്രാദേശിക പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി.
ബിജെപിയുടെ രഘുബര്‍ ദാസ് സര്‍ക്കാരിന്റെ ലാന്‍ഡ് ബാങ്ക് രൂപീകരണം, പ്രാദേശിക ഭൂനിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള ശ്രമങ്ങള്‍ എന്നീ നയങ്ങള്‍ക്കെതിരെ ആദിവാസികള്‍ക്കിടയില്‍ എതിര്‍പ്പിന് ശക്തമായിരുന്നു. അങ്ങനെയാണ് 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം 28 ആദിവാസി സീറ്റുകളില്‍ 26ലും വിജയിച്ചു. ബിജെപിക്കെതിരായ ആദിവാസികളുടെ ഏകീകരണം ഈ വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നു, പാര്‍ട്ടി സംസ്ഥാനത്തെ അഞ്ച് ആദിവാസി സീറ്റുകളിലും (2004 ന് ശേഷം ആദ്യമായി) പരാജയപ്പെട്ടു.
ഹേമന്ത് സോറനെ ജയിലിലടച്ചതും മോദി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അനുകൂല നയങ്ങളും ആദിവാസികളെ കൂടുതല്‍ അകറ്റി. ഈ വര്‍ഷത്തെ പൊതു തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ അഞ്ച് ആദിവാസി സീറ്റുകളിലും ബിജെപിയുടെ പരാജയത്തിന് അത് നിര്‍ണായകമായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, ആദിവാസികളെ ഹിന്ദുത്വ പക്ഷത്തിലേക്കെത്തിക്കുക എന്ന ബിജെപിയുടെ അജണ്ട കടുത്ത രാഷ്ട്രീയ പ്രതിരോധം നേരിട്ടു.
ആദിവാസികള്‍ക്ക് പ്രത്യേക മത കോഡ് വേണമെന്ന ആവശ്യത്തില്‍ ഇന്ത്യ സഖ്യം ഈ തെരഞ്ഞെടുപ്പില്‍ ആവശ്യമുയര്‍ത്തുകയും ചെയ്തു. ആദിവാസി മേഖലകളിലെ തെരഞ്ഞെടുപ്പ് അടിത്തറ വീണ്ടെടുക്കാനുള്ള ശ്രമത്തില്‍, നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജെഎംഎമ്മില്‍ നിന്ന് ചമ്പായി സോറന്‍, ലോബിന്‍ ഹെംബ്രോം തുടങ്ങിയ നേതാക്കളെ ബിജെപി ചാക്കിട്ട് പിടിക്കുകയും സംവരണ സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. എന്നാല്‍ ബിജെപിയോടുള്ള ആദിവാസികളുടെ എതിര്‍പ്പ് ശക്തമാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
ഈ തെരഞ്ഞെടുപ്പിലെ ഒരു പ്രധാന പ്രത്യേകത പുതിയൊരു പാര്‍ട്ടിയിലേക്ക് കുഡ്മി മഹാതോ സമുദായത്തിന്റെ ഏകീകരണമാണ്. കുഡ്മി മഹാതോസ്, പ്രാഥമികമായി തദ്ദേശീയത അവകാശപ്പെടുന്ന ഒരു കാര്‍ഷിക സമൂഹമാണ്, സംസ്ഥാനത്തെ 40-45% പിന്നാക്ക ജനസംഖ്യയുടെ (ഒരുപക്ഷേ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ ഏകദേശം 15%) പ്രധാന ഭാഗം അവരാണ്. സംസ്ഥാനത്തെ 81 സീറ്റുകളില്‍ 22 സീറ്റുകളിലെങ്കിലും മഹാതോ ജനസംഖ്യ 10% ത്തില്‍ കൂടുതലാണ്. ഝാര്‍ഖണ്ഡ് പ്രസ്ഥാനത്തിന്റെ പ്രതാപകാലത്ത്, ആദിവാസികള്‍ക്കൊപ്പം മഹാതോകളും ജെഎംഎമ്മിനെ പിന്തുണച്ചിരുന്നു.
എന്നിരുന്നാലും, സമുദായത്തിന്റെ വലിയൊരു ഭാഗം ജെഎംഎമ്മില്‍ നിന്ന് ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ പാര്‍ട്ടിയിലേക്കും പിന്നീട് ബി ജെ പിയിലേക്കും നീങ്ങി. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍, 30 കാരനായ ജയറാം മഹാതോ നയിക്കുന്ന ജാര്‍ഖണ്ഡ് ഭാഷാ ഖാത്യാനി സംഘര്‍ഷ് സമിതി (ജെബികെഎസ്എസ്) (ഇപ്പോള്‍ ജാര്‍ഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോര്‍ച്ച (ജെഎല്‍കെഎം) എന്ന് രാഷ്ട്രീയമായി പുനര്‍നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇതിലേക്ക് വലിയൊരു വിഭാഗം മഹാതോകള്‍ മാറിയിട്ടുണ്ട്. യുവാക്കളുടെ പ്രശ്നങ്ങളില്‍, പ്രത്യേകിച്ച് തൊഴിലില്ലായ്മ, താമസസൗകര്യം എന്നിവ ജയറാം ഉയര്‍ത്തിപ്പിടിക്കുന്നു. ഈ വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജെബികെഎസ്എസ്/ജെഎൽകെഎം ജാര്‍ഖണ്ഡില്‍ ഏകദേശം 5% വോട്ടുകള്‍ നേടിയിരുന്നു.
ആദിവാസികളല്ലാത്ത മേഖലകളിലും ജെഎംഎം ഇത്തവണ കൂടുതല്‍ മികച്ച പ്രകടനം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ സഖ്യത്തിന്റെ വോട്ടുകള്‍ വെട്ടിക്കുറയ്ക്കാന്‍ കഴിയുന്ന ഏതാനും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി നിര്‍ത്തിയിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിനെതിരെ ഏറ്റവും കൂടുതല്‍ ശബ്ദമുയര്‍ത്തുന്ന നേതാക്കളില്‍ ഒരാളാണ് രാഹുല്‍ ഗാന്ധി എന്നിരിക്കെ, അദ്ദേഹത്തിന്റെ വാക്ചാതുര്യം കോണ്‍ഗ്രസിന്റെ അടിത്തട്ടിലെ പ്രവര്‍ത്തനമായി മാറിയില്ല. എങ്കിലും ബിജെപിയുടെ ആഴത്തിലുള്ള വര്‍ഗീയവും ഭിന്നിപ്പിക്കുന്നതുമായ രാഷ്ട്രീയം വിജയിച്ചില്ലെന്ന് നേതാക്കൾ പറയുന്നു.
#BJP #JharkhandElection #CommunalCampaign #HemantSoren #VoterBacklash #ExitPoll
