Politics | പന്തളം നഗരസഭയില്‍ അട്ടിമറിയില്ല; ബിജെപി ഭരണം നിലനിര്‍ത്തി; കെ വി പ്രഭയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി കെ സുരേന്ദ്രന്‍
● ഒന്‍പത് വോട്ടുകള്‍ക്കെതിരെ 19 വോട്ടുകള്‍ നേടി.
● സ്വതന്ത്ര അംഗം രാധാകൃഷ്ണന്‍ ഉണ്ണിത്താന്റെ പിന്തുണ കൂടി ലഭിച്ചു.
● എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലസിത ടീച്ചര്‍ക്ക് ഒമ്പത് വോട്ടുകള്‍.
പത്തനംതിട്ട: (KVARTHA) പന്തളം നഗരസഭയില്‍ അട്ടിമറിയില്ല. ബിജെപി ഭരണം നിലനിര്‍ത്തി. മുതിര്‍ന്ന അംഗം അച്ചന്‍കുഞ്ഞ് ജോണ്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. ഒന്‍പത് വോട്ടുകള്‍ക്കെതിരെ 19 വോട്ടുകള്‍ നേടിയാണ് അച്ചന്‍കുഞ്ഞ് ജോണ്‍ വിജയിച്ചത്. ബിജെപിയുടെ വിജയത്തിന്റെ പ്രധാന കാരണം, ഇടഞ്ഞുനിന്ന വിമതരെ ഒപ്പം നിര്‍ത്താന്‍ സാധിച്ചു എന്നതാണ്.
എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ഒപ്പിട്ട കൗണ്‍സിലര്‍ കെ വി പ്രഭയും പിന്തുണയ്ക്കുന്ന രണ്ട് കൗണ്‍സിലര്‍മാരും ബിജെപി സ്ഥാനാര്‍ത്ഥി അച്ചന്‍കുഞ്ഞ് ജോണിന് അനുകൂലമായി വോട്ട് ചെയ്തു. ഇതിനുപുറമെ, സ്വതന്ത്ര അംഗം രാധാകൃഷ്ണന്‍ ഉണ്ണിത്താന്റെ പിന്തുണ കൂടി ലഭിച്ചതോടെ ബിജെപിക്ക് 19 വോട്ടുകള്‍ നേടാനായി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലസിത ടീച്ചര്‍ക്ക് ഇടതിന്റെ ഒമ്പത് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
അതേസമയം, മുന്‍ ധാരണയ്ക്ക് വിരുദ്ധമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ അംഗം കെ ആര്‍ രവി തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു. കോണ്‍ഗ്രസിലെ മറ്റ് നാല് അംഗങ്ങള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. മുന്‍ ചെയര്‍പേഴ്‌സണും ഡെപ്യൂട്ടി ചെയര്‍പേഴ്‌സണും അവിശ്വാസ പ്രമേയത്തിന് മുന്നോടിയായി രാജി വെച്ചതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതിനായി തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.
അതിനിടെ, പന്തളം നഗരസഭ കൗണ്‍സിലര്‍ കെ വി പ്രഭയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു.
#PandalamMunicipality #KeralaPolitics #BJP #ElectionResults #LocalGovernment