Protest | ബിജെപി സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം; അറസ്റ്റ് ചെയ്ത നേതാക്കളെ പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചതോടെ വിട്ടയച്ചു
ADVERTISEMENT
● സംസ്ഥാന ജനറൽ സെക്രട്ടറി കെ. പ്രകാശ് ബാബു, ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ് എന്നിവരെ പൊലീസ് കേസെടുത്തതിനുശേഷം വിട്ടയച്ചു.
● ഏകദേശം അരമണിക്കൂറോളം പൊലീസുമായി ബലാബലമുണ്ടായി.
● പ്രവർത്തകർ റോഡിൽ കുത്തിയിരുന്നത് കാരണം ഇതുവഴിയുള്ള വാഹനഗതാഗതം നിലച്ചു.
കണ്ണൂർ: (KVARTHA) എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണാ കുറ്റക്കേസിൽ പ്രതിയായ പി. പി. ദിവ്യയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പിന്നാലെ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പ്രകാശ് ബാബു, ജില്ലാ പ്രസിഡൻ്റ് എൻ. ഹരിദാസ് എന്നിവരെ അറസ്റ്റു ചെയ്‌തതിൽ പ്രതിഷേധിച്ച്, ദേശീയ സമിതി അംഗം സി. രഘുനാഥിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനു മുൻപിൽ കുത്തിയിരുപ്പ് സമരം നടത്തി.

അറസ്റ്റു ചെയ്ത നേതാക്കളെ വിട്ടയക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ. പ്രകാശ് ബാബു, ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ് എന്നിവരെ പൊലീസ് കേസെടുത്തതിനുശേഷം വിട്ടയച്ചു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്നത് കാരണം ഇതുവഴിയുള്ള വാഹനഗതാഗതം നിലച്ചു.
നേരത്തെ നടന്ന സമരത്തിൽ പൊലീസ് ഉയർത്തിയ ബാരിക്കേഡ് വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ മറിച്ചിടാൻ ശ്രമിച്ചിരുന്നു. ഏകദേശം അരമണിക്കൂറോളം പൊലീസുമായി ബലാബലമുണ്ടായി. ഇതിനിടെ, സമരം നിയന്ത്രിക്കുന്നതിനായി പൊലീസ് ഒരു തവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന്, പ്രവർത്തകർ ബാരിക്കേഡുകൾക്ക് നേരെ വടികമ്പുകൾ വലിച്ചെറിഞ്ഞു.
എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി ജില്ലാ കമ്മിറ്റിയുടെയും ജില്ല സംയുക്ത മോർച്ചകളുടെയും നേതൃത്വത്തിൽ പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ പി പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ വിജയൻ വട്ടിപ്രം, എം ആർ സുരേഷ് എന്നിവർ സംസാരിച്ചു. പി സത്യപ്രകാശൻ മാസ്റ്റർ, സി രഘുനാഥ്, അരുൺ തോമസ്, അരുൺ ഭരത്, റീന മനോഹരൻ, രാജൻ പുതുക്കുടി, സജേഷ്, പി ബിജു, സംഗീത മോഹൻ എന്നിവർ നേതൃത്വം നൽകി.
#BJPProtest, #Kannur, #KeralaPolitics, #India, #ProtestViolence, #Arrest
