Criticism | ഇ പി പാര്‍ടി വിടുമോയെന്ന് സ്വയം തീരുമാനിക്കേണ്ടതാണെന്ന് പികെ കൃഷ്ണദാസ്

 
PK Krishnadas addressing a press conference

Photo: Supplied

'ബലാത്സംഗ ആരോപണമുയര്‍ന്ന ഒരു എംഎല്‍എയെ സിപിഎം തെറ്റില്ലാതെ സംരക്ഷിക്കുന്നു'.

'അധോലോക സംഘമായി കേരളാ പൊലീസ് മാറിക്കഴിഞ്ഞിരിക്കുന്നു.'

കണ്ണൂര്‍: (KVARTHA) ഇ പി ജയരാജന്‍ (EP Jayarajan) വേറെ ഏതെങ്കിലും പാര്‍ടിയില്‍ ചേരണോയെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് (PK Krishnadas) കണ്ണൂരില്‍ പറഞ്ഞു. ഞാന്‍ മനസിലാക്കുന്നത് അദ്ദേഹം ഇപ്പോഴും കേന്ദ്ര കമിറ്റിയംഗമാണെന്നാണ്. അദ്ദേഹം പാര്‍ടി വിടുമോ മറ്റേതെങ്കിലും പാര്‍ടിയില്‍ പ്രവര്‍ത്തിക്കുമോയെന്ന കാര്യം തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണ്. അപ്പോഴാണ് ഞങ്ങളുടെ തീരുമാനം പറയുക. കേരളത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന വലിയ ആരോപണങ്ങള്‍ വഴി തിരിച്ചുവിടുന്നതിനാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്. ഇതു ചിലരുടെ അജന്‍ഡയാണെന്നും പി കെ കൃഷ്ണദാസ് വ്യക്തമായി.

ബിജെപി നേതാവിനെ കണ്ടു പോയെന്ന കാര്യത്തിന് ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും ഒഴിവാക്കിയ പാര്‍ടിയാണ് സിപിഎം. ഞങ്ങളുടെ നേതാക്കളെ ആര്‍ക്കും കാണാം സംസാരിക്കാം. എന്നാല്‍ ബലാത്സംഗ ആരോപണമുയര്‍ന്ന ഒരു എംഎല്‍എയെ സംരക്ഷിക്കുന്ന പാര്‍ടിയാണ് സിപിഎം. അതില്‍ ഒരു തെറ്റുമില്ല. ബിജെപി നേതാവിനെ കണ്ടുവെന്നത് വലിയ കുറ്റമായി ചിത്രികരിക്കുകയാണ്. മുസ്ലിം ലീഗ് നേതാക്കളുമായി ചില സിപിഎം നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതില്‍ ഒരു തെറ്റുമില്ലെന്നാണ് അവര്‍ പറയുന്നത് - ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ചില പ്രത്യേക വിഭാഗക്കാരാണെന്ന് കരുതി അവരെ പ്രീണിപ്പിക്കുകയാണ് ചെയ്യുന്നത്. കുറുക്കന്റെ കണ്ണ് ഇപ്പോഴും കോഴിക്കൂട്ടിലെന്ന് പറയുന്നത് പോലെയാണ് ഇതെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

എഡിജിപിക്കെതിരെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും മാരാര്‍ജി ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവെച്ചുകൊണ്ട് അന്വേഷണം നടത്തണം. എം ആര്‍ അജിത്ത് കുമാറിനെതിരെയുള്ള അന്വേഷണം കീഴുദ്യോഗസ്ഥനായ ഐജിയെക്കൊണ്ട് അന്വേഷിക്കുന്നത് പ്രഹസനമാണ്. ഇതിനെക്കാള്‍ ഭേദം തനിക്കെതിരെയുള്ള അന്വേഷണം എഡിജിപി തന്നെ നടത്തുന്നതാണ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ അകത്തു നിര്‍ത്തിയുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു. 

അധോലോക സംഘമായി കേരളത്തിലെ പൊലീസ് മാറിക്കഴിഞ്ഞിരിക്കുകയാണ്. സ്വര്‍ണ കടത്ത് ഉള്‍പെടെയുള്ള സംഭവങ്ങളില്‍ പൊലീസ് മേധാവികള്‍ പങ്കാളികളാവുകയാണ്. ദാവൂദ് ഇബ്രാഹിമിനോടാണ് ഒരു ഭരണകക്ഷി എംഎല്‍എ തന്നെ എഡിജിപിയെ വിശേഷിപ്പിക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസന്‍, വൈസ് പ്രസിഡന്റുമാരായ രാജന്‍ പുതുക്കുടി, ടി സി മനോജ് എന്നിവര്‍ പങ്കെടുത്തു.

#KeralaPolitics #EPJayarajan #PKKrishnadas #BJP #CPM #IndiaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia