Crisis | സീനെല്ലാം ഡാര്‍ക്കായി! കെ സുരേന്ദ്രന്റെ കസേരയിളക്കാന്‍ ഒത്തൊരുമയോടെ ബിജെപി നേതാക്കള്‍?
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണം.
● സുരേന്ദ്രന്‍ രാജിവയ്ക്കണമെന്ന ആവശ്യം അതിശക്തം.
● സന്ദീപ് വാര്യരെ പുകച്ച് പുറത്ത് ചാടിച്ചു.
/ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) ഏറെ സാധ്യതയുണ്ടായിരുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ബി.ജെ.പി സംസ്ഥാന സമിതി യോഗം തിങ്കളാഴ്ച ചേരും. വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ശക്തമായതോടെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിരിക്കുകയാണ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് സുരേന്ദ്രന്‍ രാജിവയ്ക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്നും അതിശക്തമായി ഉയര്‍ന്നിട്ടുണ്ട്.
പാലക്കാട് കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് സുരേന്ദ്രന്റെ പ്രത്യേക താല്‍പര്യപ്രകാരമാണെന്നാണ് വിമര്‍ശനം. ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാതെ ഒതുക്കിയതും സന്ദീപ് വാര്യരെ പുകച്ച് പുറത്തു ചാടിച്ചതും സുരേന്ദ്രനാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. രണ്ടാം മൂഴം പൂര്‍ത്തിയാക്കിയ സുരേന്ദ്രനെ അദ്ധ്യക്ഷ പദവിയില്‍ നിന്നും മാറ്റണമെന്ന പരസ്യപ്രതികരണങ്ങള്‍ നേതാക്കളില്‍ നിന്നും ഉയരുന്നത് കേന്ദ്ര നേതൃത്വത്തിനും തലവേദനയായിട്ടുണ്ട്.
പാലക്കാട്ട് വന്‍തോതില്‍ വോട്ടുമറിച്ചതും വയനാട്ടില്‍ കെട്ടിവച്ച തുക കിട്ടാതായതുമുള്‍പെടെ ബിജെപി നേരിടുന്ന പ്രതിസന്ധിക്ക് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കുറ്റപ്പെടുത്തിയാണ് നേതാക്കളുടെ പ്രതികരണം. ഇത്രയും കാലം ഒപ്പം നിന്ന മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരനും സുരേന്ദ്രനെതിരെ തിരിഞ്ഞു. മേല്‍ക്കൂര മാറ്റണമെന്നാണ് അഖിലേന്ത്യാ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്റെ അഭിപ്രായം. നേതൃമാറ്റമുണ്ടാകുമെന്ന് മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭനും പറഞ്ഞു.
കേരളത്തില്‍ ബിജെപി ഒരിടത്തും എത്തിയിട്ടില്ല. സ്വയം ശരിയാണെന്നാണ് ഓരോരുത്തരുടെയും വിചാരം. ഞങ്ങളുടെ കാലത്തേതുപോലല്ല ഇപ്പോഴുള്ളവരുടെ പ്രവര്‍ത്തനം. തിരുത്തണോയെന്ന് നേതാക്കള്‍ സ്വയം ആലോചിക്കണമെന്ന് ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സുരേന്ദ്രനെ ലക്ഷ്യമിട്ട് സി കെ പത്മനാഭന്‍ പറഞ്ഞു. കേരളത്തിലെ ബിജെപി കടിഞ്ഞാണില്ലാത്ത കുതിരയാണെന്നും ആര്‍എസ്എസ് നിയന്ത്രണം ഏറ്റെടുത്ത് ഇത്തിള്‍ക്കണ്ണികളെ വലിച്ചെറിയണമെന്നുമായിരുന്നു എന്‍ഡിഎ സംസ്ഥാന വൈസ് ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്റെ വിമര്‍ശം.
പാലക്കാട്ടും ചേലക്കരയിലും എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും വിശദാംശങ്ങള്‍ സംസ്ഥാന പ്രസിഡന്റിനോടു ചോദിക്കണമെന്നും പറഞ്ഞ് വി മുരളീധരനും സുരേന്ദ്രനെ തള്ളിപ്പറഞ്ഞു. കോര്‍ കമ്മിറ്റി വിളിച്ചുചേര്‍ക്കണമെന്ന് പി കെ കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സുരേന്ദ്രന് കവചമൊരുക്കാറുള്ള വി മുരളീധരന്‍ കൂടി എതിരായതോടെ നേതൃമാറ്റമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാനാണ് കൃഷ്ണദാസ് പക്ഷത്തിന്റെ നീക്കം.
പാലക്കാട് വോട്ടുമറിച്ചത് എതിര്‍പക്ഷമാണെന്ന വാദം ഉയര്‍ത്താനാണ് കെ സുരേന്ദ്രന്‍ പക്ഷം ആലോചിക്കുന്നത്. സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കിയത് സുരേന്ദ്രന്റെ നിര്‍ബന്ധത്തിലായിരുന്നു. അതിനാല്‍ പരമാവധി വോട്ടു കുറയ്ക്കാന്‍ എതിര്‍പക്ഷം 'പണിയെടുത്തു' എന്നാണ് അവരുടെ വാദം. എന്നാല്‍ ഇതു വേണ്ടത്ര ഏശാന്‍ സാധ്യതയില്ലെന്നാണ് സൂചന.
#BJPKerala #KSurendran #KeralaPolitics #IndianPolitics #Election #BJPcrisis
