നാടകീയതകൾക്ക് ഒടുവിൽ ബിഹാർ തിരഞ്ഞെടുപ്പ്: കളം മാറ്റിച്ചവിട്ടി പാർട്ടികൾ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● എൻഡിഎയിൽ ബിജെപി, ജെഡിയു, എൽജെപി, ഹിന്ദുസ്ഥാനി അവാമി മോർച്ച, രാഷ്ട്രീയ ലോക് മോർച്ച എന്നിവരുണ്ട്.
● ഇന്ത്യാ സഖ്യത്തിൽ ആർജെഡി, കോൺഗ്രസ്, സിപിഎംഎൽ ലിബറേഷൻ, സിപിഐ, സിപിഎം, വിഐപി, ജെഎംഎം, ആർഎൽജെപി എന്നിവരുണ്ട്.
● 2020-ൽ 75 സീറ്റുകൾ നേടി ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും എൻഡിഎ ഭരണം തുടർന്നു.
● പുതിയ പാർട്ടികളുടെ വരവ് കാരണം ഇന്ത്യാ സഖ്യത്തിലും എൻഡിഎയിലും സീറ്റ് വിഭജനം സങ്കീർണമായി.
ന്യൂഡൽഹി: (KVARTHA) ദേശീയ രാഷ്ട്രീയത്തിലെ ഗതിവിഗതികൾ നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് ബിഹാറിലേത്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി ഭരണം നിലനിർത്താൻ കിണഞ്ഞു പരിശ്രമിക്കുമ്പോൾ വൻ തിരിച്ചുവരവിൽ കുറഞ്ഞൊന്നും കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യം പ്രതീക്ഷിക്കുന്നില്ല.
നിതീഷ് കുമാറിന്റെ ജനപ്രീതിയും മികച്ച ഭരണവും തുണയാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാൽ ഇതിനെയെല്ലാം കവച്ചുവെക്കാൻ തേജസ്വി യാദവെന്ന യുവ നേതാവിലൂടെ കഴിയുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടുവന്ന 'വോട്ട് ചോർച്ചാ ആരോപണം' ബിഹാർ യാത്രയിലൂടെയാണ് ഏറ്റവും കൂടുതൽ പ്രചരിപ്പിക്കപ്പെട്ടത്.
ഇതുകൂടാതെ 65 ലക്ഷത്തിലേറെ വോട്ടർമാരെ സമഗ്ര തീവ്രപരിഷ്‌കരണ പ്രക്രിയ (എസ്ഐആർ) യിലൂടെ നീക്കം ചെയ്തതും ബിഹാറിൽ എന്തു പ്രത്യാഘാതമുണ്ടാക്കുമെന്നും ജനവിധിയിൽ തെളിയും. അടിയന്തിരാവസ്ഥയെ ബാലറ്റിലൂടെ എതിർത്തു തോൽപ്പിച്ചവരാണ് ബിഹാറിലെ ജനങ്ങൾ. അതുകൊണ്ടുതന്നെ അവർ എങ്ങനെ പ്രതികരിക്കുമെന്നത് അപ്രവചനീയമാണ്.
നാടകീയതയും അനിശ്ചിതത്വവുമാണ് ബിഹാർ രാഷ്ട്രീയത്തിന്റെ മുഖമുദ്ര. ഇരുട്ടി വെളുത്തപ്പോൾ സർക്കാരുകൾ വീഴുന്നതിനും കൂടെ നിന്നവർ ശത്രുക്കളാകുന്നതിനും ശത്രുക്കൾ മിത്രങ്ങളാകുന്നതിനും ബിഹാർ പലകുറി സാക്ഷ്യം വഹിച്ചു.
ആരു ജയിച്ചാലും ദേശീയ രാഷ്ട്രീയത്തിന്റെ ഗതിയെ നിർണയിക്കുന്നതായിരിക്കും ആ ഫലമെന്നതാണ് ഇത്തവണത്തെ ബിഹാർ തിരഞ്ഞെടുപ്പിന്റെ പ്രസക്തി. കേന്ദ്ര ഭരണം സുഗമമായി മുന്നോട്ടു കൊണ്ടു പോകാൻ എൻഡിഎയ്ക്കും കേന്ദ്രസർക്കാരിനെതിരായ നീക്കങ്ങൾ ശക്തമാക്കാൻ ഇന്ത്യാ സഖ്യത്തിനും വിജയം കൂടിയേ തീരൂ. ഇതിനായി ബിജെപിയും ജെഡിയുവും നേതൃത്വം നൽകുന്ന എൻഡിഎയും ആർജെഡിയും കോൺഗ്രസും നയിക്കുന്ന ഇന്ത്യാ സഖ്യവും മുഖാമുഖം വരുമ്പോൾ ആവേശമേറും.
വിവാദങ്ങൾക്കിടെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ സമഗ്ര തീവ്രപരിഷ്‌കരണ പ്രക്രിയ (എസ്ഐആർ) ആണ് പ്രധാന ചർച്ചാവിഷയം. എസ്ഐആർ പൂർത്തിയായപ്പോൾ 68.66 ലക്ഷത്തോളം പേരെയാണ് വോട്ടർ പട്ടികയിൽ നിന്നൊഴിവാക്കിയത്. 21.53 ലക്ഷം പേരെ പുതുതായി ഉൾപ്പെടുത്തി.
കഴിഞ്ഞ തവണ തങ്ങൾ ജയിച്ച സീറ്റുകളിൽ നിന്നു തിരഞ്ഞുപിടിച്ച് ആളുകളെ ഒഴിവാക്കിയെന്നും ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണെന്നും ഇന്ത്യാ സഖ്യം ആരോപിക്കുന്നു. വിജയിക്കാൻ ആർജെഡിയും കോൺഗ്രസും ചേർത്ത കള്ള വോട്ടുകളാണ് നീക്കം ചെയ്തതെന്നാണ് എൻഡിഎയുടെ പ്രതിരോധം.
തിരഞ്ഞെടുപ്പ് കമ്മിഷൻ ഒടുവിൽ പുറത്തുവിട്ട പട്ടികയിലും ക്രമക്കേടുകളുണ്ടെന്ന പരാതി വ്യാപകമാണ്. ഒഴിവാക്കപ്പെട്ടവരും പുതുതായി ചേർത്തവരും രാഷ്ട്രീയ ബലാബലത്തിൽ എന്തു മാറ്റമാകും വരുത്തുക എന്നാണ് ഇനി അറിയാനുള്ളത്.
മുന്നണി സമവാക്യങ്ങളിലെ കളംമാറ്റത്തിന് ഇത്തവണയും മാറ്റമില്ല. ആർജെഡിക്കും കോൺഗ്രസിനും പുറമെ സിപിഎംഎൽ ലിബറേഷൻ, സിപിഐ, സിപിഎം എന്നീ ഇടതു കക്ഷികളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ ഭാഗമായിരുന്നത്. എന്നാൽ ഇത്തവണ മൂന്ന് പാർട്ടികൾ കൂടി ഇന്ത്യാ സഖ്യത്തിന്റെ പാളയത്തിലെത്തി.
കഴിഞ്ഞ തവണ എൻഡിഎയുടെ ഭാഗമായിരുന്ന മുകേഷ് സാഹ്നിയുടെ വികാസ്ഷീൽ ഇൻസാൻ പാർട്ടിയാണ് (വിഐപി) സഖ്യത്തിലെ പുതിയ പാർട്ടികളിൽ ശ്രദ്ധേയം. മത്സ്യത്തൊഴിലാളികളുടെ പിന്തുണയുള്ള വിഐപിക്ക് മധ്യ, വടക്കൻ ബിഹാറിലെ തീരദേശ മേഖലകളിൽ നിർണായക സ്വാധീനമുണ്ട്.
ജാർഖണ്ഡിലെ ഭരണകക്ഷിയായ ജെഎംഎമ്മും ഇത്തവണ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ്. ജാർഖണ്ഡ് അതിർത്തി ജില്ലകളിൽ ജെഎംഎമ്മിനു വേരോട്ടമുണ്ട്. രാം വിലാസ് പാസ്വാന്റെ സഹോദരൻ പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന ആർഎൽജെപിയെയും സഖ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിരാഗ് പാസ്വാന്റെ വോട്ടുബാങ്കുകളിൽ വിള്ളൽ വീഴ്ത്തുകയാണ് പരസിനെ ഒപ്പം നിർത്തിയതിലൂടെ സഖ്യം ലക്ഷ്യമിടുന്നത്.
ബിജെപിയും ജെഡിയുവും കഴിഞ്ഞാൽ കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോർച്ചയാണ് എൻഡിഎയിലെ മൂന്നാം കക്ഷി. കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച ചിരാഗ് പാസ്വാന്റെ എൽജെപിയാണ് മുന്നണിയിലെ പുതിയ അംഗം. 2020ലെ തിരഞ്ഞെടുപ്പിൽ 137 മണ്ഡലങ്ങളിൽ മത്സരിച്ച എൽജെപി ഒരിടത്തു മാത്രമാണ് വിജയിച്ചത്.
എന്നാൽ 29 മണ്ഡലങ്ങളിൽ ജെഡിയു സ്ഥാനാർഥികളുടെ പരാജയത്തിന് എൽജെപിയുടെ സാന്നിധ്യം കാരണമായി. ജെഡിയുവിനെ ഒതുക്കാനുള്ള ബിജെപി ശ്രമങ്ങളുടെ ഭാഗമാണിതെന്നും ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ എൽജെപിയുടെ മടങ്ങിവരവ് എൻഡിഎയ്ക്കു നൽകുന്ന ആശ്വാസം ചെറുതല്ല.
ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്ട്രീയ ലോക് മോർച്ചയും പുതുതായി സഖ്യത്തിന്റെ ഭാഗമായിട്ടുണ്ട്. കുശ്‌വാഹ സമുദായത്തിൽ പാർട്ടിക്കു നിർണായക സ്വാധീനമുണ്ട്. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 243 അംഗ നിയമസഭയിൽ 125 സീറ്റുകൾ നേടിയാണ് എൻഡിഎ ഭരണം നിലനിർത്തിയത്. മത്സരിച്ച 110 സീറ്റുകളിൽ 74 എണ്ണത്തിൽ വിജയിച്ച ബിജെപി സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായി.
ബിജെപിയെക്കാൾ 5 സീറ്റുകൾ കൂടുതൽ മത്സരിച്ച ജെഡിയുവിന് 43 ഇടത്തു മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. 2015നെ അപേക്ഷിച്ച് 28 സീറ്റുകൾ കുറഞ്ഞു. എന്നാൽ നിതീഷിനെ മുഖ്യമന്ത്രിയാക്കി ബിജെപി രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചതോടെ ബിഹാറിൽ എൻഡിഎ ഭരണം തുടർന്നു.
144 മണ്ഡലങ്ങളിൽ മത്സരിച്ച ആർജെഡി 75 സീറ്റുകൾ നേടി. സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ ആർജെഡിക്ക് കഴിഞ്ഞു. ആദ്യമായി സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സിപിഎംഎൽ ലിബറേഷനും കരുത്തുകാട്ടി.
മത്സരിച്ച 19 സീറ്റുകളിൽ 12 എണ്ണവും നേടി. എന്നാൽ വിലപേശി വാങ്ങിയ 70 സീറ്റുകളിൽ 19 ഇടത്തു മാത്രം ജയിച്ച കോൺഗ്രസിന്റെ മോശം പ്രകടനമാണ് സഖ്യത്തിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചത്.
പുതിയ മൂന്ന് പാർട്ടികളുടെ വരവ് ഇന്ത്യാ സഖ്യത്തിൽ സീറ്റു വിഭജനം സങ്കീർണമാക്കിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി വിട്ടുവീഴ്ചകൾക്ക് ആർജെഡി തയ്യാറായേക്കുമെന്നാണ് സൂചന. 130 സീറ്റിലാകും പാർട്ടി മത്സരിക്കുകയെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്.
കോൺഗ്രസിന് 58 സീറ്റ് ലഭിച്ചേക്കും. സിപിഎംഎല്ലിന്റെ സീറ്റുകളുടെ എണ്ണം 27 ആയി ഉയർന്നേക്കും. വിഐപിക്ക് 14 സീറ്റും പശുപതി നാഥ് പരസിന്റെ ആർഎൽജെപിക്കും ജെഎംഎമ്മിനും 2 സീറ്റ് വീതവും ലഭിച്ചേക്കും. കഴിഞ്ഞ തവണ 6 സീറ്റിൽ മത്സരിച്ച സിപിഐക്കും 4 സീറ്റിൽ ജനവിധി തേടിയ സിപിഎമ്മിനും സീറ്റുകളുടെ എണ്ണത്തിൽ മാറ്റത്തിനു സാധ്യതയില്ല.
ഇവർ കൂടുതൽ സീറ്റ് ചോദിക്കുന്നുണ്ടെങ്കിലും ലഭിക്കാൻ സാധ്യത കുറവാണ്. പാർട്ടിക്ക് പകരം സ്ഥാനാർത്ഥിയുടെ മികവാകും സീറ്റു വിഭജനത്തിലെ മാനദണ്ഡമെന്ന് ആർജെഡി വ്യക്തമാക്കുന്നു. എൻഡിഎയിലും സീറ്റു വിഭജനം കീറാമുട്ടിയാകും. ജെഡിയുവിന് കൂടുതൽ സീറ്റുകളെന്ന മുൻ തിരഞ്ഞെടുപ്പുകളിലെ പതിവ് ആവർത്തിക്കാൻ ഇടയില്ല. ബിജെപിയും ജെഡിയുവും 100 സീറ്റുകളിൽ വീതം മത്സരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ചിരാഗ് പാസ്വാന്റെ എൽജെപി 40 സീറ്റാണ് ചോദിക്കുന്നത്. എന്നാൽ 20 സീറ്റിൽ കൂടുതൽ നൽകുന്നതിനെ ജെഡിയു എതിർക്കുന്നു. ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോർച്ചയ്ക്കും ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്ട്രീയ ലോക് മോർച്ചയ്ക്കും 10 സീറ്റ് വീതം ലഭിക്കാനാണ് സാധ്യത. ഒരു കാലത്ത് കോട്ടയായിരുന്ന ബിഹാറിൽ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. 2020ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച സീറ്റുകളിൽ 70 ശതമാനത്തിലും തോറ്റെന്ന മാനക്കേടാണ് കോൺഗ്രസിനുണ്ടായത്. തിരിച്ചടിക്ക് പിന്നാലെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ നേതാക്കൾക്കും കോൺഗ്രസിനുമെതിരെ കടുത്ത വിമർശനമുയർന്നിരുന്നു.
എതിർപ്പ് വ്യക്തമാക്കി ആർജെഡിയും രംഗത്തെത്തി. പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ രാഹുൽ സിംലയിൽ പിക്‌നിക്കിനു പോയെന്നും 70 സീറ്റുകൾ മത്സരിച്ച കോൺഗ്രസ് 3 റാലികൾ മാത്രമാണ് നടത്തിയെന്നും ആർജെഡി നേതാവ് ശിവാനന്ദ് തിവാരി തുറന്നടിച്ചു. എന്നാൽ അഞ്ചുവർഷങ്ങൾക്കിപ്പുറം 'വോട്ട് കൊള്ള' ആരോപണം ഉയർത്തി എൻഡിഎയ്‌ക്കെതിരായ പോരാട്ടം രാഹുൽ മുന്നിൽ നിന്ന് നയിച്ചു. രാഹുലിന്റെ 'വോട്ട് അധികാർ യാത്ര' ബിഹാറിലെ 25 ജില്ലകളിലൂടെ കടന്നുപോയി. 110 മണ്ഡലങ്ങളിൽ യാത്രയുമായി രാഹുലും തേജസ്വി യാദവും സംഘവുമെത്തി.
14 ദിവസം നീണ്ട യാത്രയിൽ 1300 കിലോമീറ്ററിലധികം ദൂരം സംഘം സഞ്ചരിച്ചു. യാത്രയ്ക്ക് ലഭിച്ച പ്രതികരണം സംസ്ഥാന രാഷ്ട്രീയത്തിലെ തങ്ങളുടെ മടങ്ങിവരവിന് വഴിയൊരുക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. എന്നാൽ സംഘടനാ ദൗർബല്യവും ജനപ്രീതിയുള്ള നേതാക്കളുടെ അഭാവവും തിരിച്ചടിയാകുന്നുണ്ട്.
2020ൽ 40 സീറ്റുകളിൽ 3500 വോട്ടിനു താഴെയായിരുന്നു ഭൂരിപക്ഷം എന്നതിനാൽ ചെറുകക്ഷികൾ പിടിക്കുന്ന വോട്ട് ഏറെ നിർണായകമാകും. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ജൻ സൂരജ് പാർട്ടിയാകും ഇത്തവണ തിരഞ്ഞെടുപ്പിലെ 'എക്‌സ് ഫാക്ടർ' എന്നാണ് അഭിപ്രായ സർവേകളുടെ വാദം. 10 സീറ്റുവരെ പാർട്ടിക്ക് ലഭിച്ചേക്കാമെന്നാണ് പ്രവചനം. 243 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രശാന്ത് പ്രഖ്യാപിച്ചിട്ടുണ്ട്. നിതീഷിന്റെ ജെഡിയുവിന് 25 സീറ്റിൽ കൂടുതൽ ലഭിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന വൻ പ്രഖ്യാപനം ഉൾപ്പെടെ നടത്തി കളം പിടിക്കാനാണ് പ്രശാന്ത് ശ്രമിക്കുന്നത്.
കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ ആർജെഡിക്ക് ഭരണം നഷ്ടമായതിന്റെ കാരണങ്ങളിലൊന്ന് അസദുദ്ദീൻ ഒവൈസിയുടെ മജ്‌ലിസ് പാർട്ടിയാണ്. ന്യൂനപക്ഷങ്ങൾക്ക് മുൻതൂക്കമുള്ള സീമാഞ്ചൽ മേഖലയിൽ മഹാസഖ്യത്തിന്റെ അടിവേരറുത്ത ഒവൈസി 5 സീറ്റുകളിൽ ജയിച്ചു. എന്നാൽ ഇതിൽ 4 എംഎൽഎമാരും പിന്നീട് ആർജെഡിയിൽ ചേർന്നു. ഇത്തവണ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാകാൻ ഒവൈസി താല്പര്യം പ്രകടിപ്പിച്ചെങ്കിലും ആർജെഡി പച്ചക്കൊടി കാട്ടിയില്ല. ഇതോടെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഒവൈസി പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്ലിം, ദലിത് വോട്ടുകളിലാണ് ഒവൈസിയുടെ കണ്ണ്.
ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനും എംഎൽഎയുമായ തേജ് പ്രതാപ് ജനശക്തി ജനതാദൾ എന്ന പുതിയ പാർട്ടിയുമായി മത്സരരംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും തേജ് പ്രതാപിനെ ലാലു പുറത്താക്കിയിരുന്നു.
വിവാഹിതനായ തേജ് പ്രതാപ് കാമുകിയുടെ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതിനെ തുടർന്നാണ് മകനെതിരെ ലാലു നടപടിയെടുത്തത്. ഇതോടെ ഇടഞ്ഞ തേജ് പ്രതാപ് ഇളയ സഹോദരൻ തേജസ്വിക്കെതിരെ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്.ഇടവേളകൾ ഒഴിച്ചുനിർത്തിയാൽ 2005 മുതൽ തുടർച്ചയായി ബിഹാറിന്റെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന നിതീഷ് കുമാർ തന്നെയാണ് ഇത്തവണയും തിരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രം. അധികാരം നിലനിർത്താൻ കഴിഞ്ഞ 12 വർഷത്തിനിടെ 4 തവണയാണ് നിതീഷ് കളംമാറി ചവിട്ടിയത്.
കളംമാറ്റം പേരുദോഷത്തിന് ഇടയാക്കിയെങ്കിലും നിതീഷിന്റെ ജനപ്രീതിയെ ഇത് കാര്യമായി ബാധിച്ചിട്ടില്ല. ഒടുവിൽ പുറത്തിറങ്ങിയ സർവേകളിലും ഏറ്റവും കൂടുതൽ പേർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അനുകൂലിക്കുന്നത് നിതീഷിനെയാണെന്നത് ഇതിന്റെ തെളിവാണ്. ഇതോടെ അതൃപ്തി മറച്ചുവെച്ച് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിതീഷിനെ പിന്തുണയ്‌ക്കേണ്ട ഗതികേടിലാണ് ബിജെപി. സംസ്ഥാനത്ത് നിതീഷിനോളം തലപ്പൊക്കമുള്ള നേതാക്കളില്ലാത്തതിനാൽ മോദിയെ ഉയർത്തിക്കാട്ടി ഇത് മറയ്ക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്.
മറുപക്ഷത്ത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തേജസ്വി യാദവിനെ ഉയർത്തിക്കാട്ടുന്നതിൽ ആർജെഡിയും കോൺഗ്രസും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. പ്രതിപക്ഷ നേതാവായ തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്നതായിരുന്നു ആർജെഡിയുടെ ആവശ്യം. വോട്ട് അധികാർ യാത്രയ്ക്കിടെ സ്വയം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തേജസ്വിയും പ്രഖ്യാപിച്ചിരുന്നു.
സിപിഎംഎൽ ഉൾപ്പെടെ ഇതിനെ പിന്തുണയ്ക്കുന്നു. എന്നാൽ ഇത് പരസ്യമായി സമ്മതിക്കാൻ കോൺഗ്രസ് നേതാക്കൾ മടിച്ചതോടെ തേജസ്വി ഇടഞ്ഞു. മുഴുവൻ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ധ്വനിപ്പിക്കുന്ന പ്രസ്താവനയും നടത്തി. എന്നാൽ ആശയക്കുഴപ്പമില്ലെന്നും കൃത്യസമയത്ത് മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നും തേജസ്വി പിന്നീട് നിലപാട് മയപ്പെടുത്തി.
തേജസ്വിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയാകും സഖ്യത്തിന്റെ പ്രചരണമെന്നാണ് ഒടുവിൽ കോൺഗ്രസ് സമ്മതിച്ചത്. രാഹുൽ ഗാന്ധി ഇളക്കിമറിച്ച മണ്ണിൽ ഇക്കുറി തേജസ്വി യാദവിന്റെ പ്രതിച്ഛായ മുൻനിർത്തി ഭരണം പിടിക്കുമെന്ന് കോൺഗ്രസ് പറയുമ്പോൾ അതിൽ അതിശയോക്തിയില്ല. എന്നാൽ പതിവുപോലെ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറക്കി വമ്പൻ പൊതുസമ്മേളനങ്ങളിലൂടെ മുൻതൂക്കം നേടാനാണ് ബിജെപിയുടെ നീക്കം.
ഈ ബിഹാർ തിരഞ്ഞെടുപ്പ് വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുക. ഇത് നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക
Article Summary: Bihar elections see Nitish vs Tejashwi, with complex alliance seat distribution.
#BiharElections #NitishKumar #TejashwiYadav #IndiaAlliance #NDA #Politics
