ASHA Workers | പെൺ കോപം താങ്ങാനുള്ള ശേഷി പിണറായി സർക്കാരിനുണ്ടോ? ആശാ സമരം ഒത്തുതീർക്കാത്തതിന് പിന്നിൽ മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ഈഗോ; നീറുന്ന ചോദ്യവുമായി മുടിമുറിക്കൽ സമരം


● ആശാ വർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്നു.
● സർക്കാരിൻ്റെ അവഗണനയിൽ പ്രതിഷേധിച്ച് മുടി മുറിച്ചു.
● ന്യായമായ വേതനം ആവശ്യപ്പെട്ടാണ് സമരം ചെയ്യുന്നത്.
● അൻപത് ദിവസമായി സമരം തുടരുന്നു.
● തുച്ഛമായ വേതനമാണ് ആശാ വർക്കർമാർക്ക് ലഭിക്കുന്നത്.
● സർക്കാർ നിശ്ചയിച്ച മിനിമം കൂലിക്കാണ് സമരം ചെയ്യുന്നത്.
ഭാമനാവത്ത്
(KVARTHA) സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ചെറിഞ്ഞ് സമരം ചെയ്യുന്ന ആശാ വർക്കാർ കേരളീയ സമൂഹത്തിന് മുൻപിൽ നീറുന്ന ചോദ്യമായി മാറിയിരിക്കുകയാണ്. മധുരാ രാജ്യം ചുട്ടെരിക്കാനുള്ള പകയോടെ ചിലമ്പൂരിയെറിഞ്ഞ കണ്ണകിയെയാണ് അവർ ഓർമ്മിപ്പിക്കുന്നത്. ഇത്രയും വലിയ ഒരു പെൺ കോപം താങ്ങാനുള്ള ശേഷി നമ്മുടെ സർക്കാരുകൾക്ക് ഉണ്ടാകുമോയെന്നതാണ് ചോദ്യം. കഴിഞ്ഞ അൻപത് ദിവസമായി കേരളത്തിൻ്റെ വിവിധയിടങ്ങളിൽ നിന്നും സെക്രട്ടറിയേറ്റിന് മുൻപിലെത്തിയ ആശാ വർക്കർമാർ സമരം ചെയ്യാൻ തുടങ്ങിയിട്ട്. എന്നാൽ ഒന്നര മാസത്തിലേറെയായി സമരം
പിന്നിട്ടിട്ടും തങ്ങളോട് അനുഭാവം ഇല്ലാത്ത സർക്കാരിൻ്റെ കണ്ണു തുറപ്പിക്കാൻ തങ്ങൾ സെക്രട്ടറിയേറ്റിന് മുൻപിൽ വെയിലും മഴയും കൊണ്ടു വിശന്ന് ചാവുമെന്ന് അന്തിമ തീരുമാനത്തോടെയാണ് ആശാവർക്കർമാർ സമരം മുൻപോട്ടു കൊണ്ടുപോകുന്നത്.
വെറും 230 രൂപ വേതനം ലഭിക്കുന്ന തങ്ങൾക്ക് മുൻപിൽ കണ്ണു തുറക്കാത്ത സര്‍ക്കാരിനെതിരെ ഇവർ നടത്തുന്നത് അക്രമ സമരമല്ല. കണ്ണീരോടെ, ഉള്ളു നീറും വേദനയോടെ, എന്നാൽ പ്രതിഷേധ കനൽ ഒട്ടും കെടാതെയാണ് ആശമാര്‍ തങ്ങളുടെതല മുണ്ഡനം ചെയ്തു പ്രതിഷേധിച്ചത്.
തുച്ഛമായ കൂലി പോരെന്ന് പറഞ്ഞ തങ്ങളെ അവഗണിച്ച, കളിയാക്കിയ സര്‍ക്കാരിന് മുന്നിലേയ്ക്കാണ് അവര്‍ മുടി വലിച്ചെറിഞ്ഞത്. അവർ ഒന്നും രണ്ടും പേരായിരുന്നില്ല. നീണ്ടു വളര്‍ന്ന മുടി പാതിയിലധികം വെട്ടി മാറ്റിയും അറ്റം മുറിച്ചും പ്രതിഷേധം കാട്ടുതീയ്യായി പടരുകയായിരുന്നു.
മുറിച്ച മുടി കയ്യിൽ പിടിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.. കേരളീയ പൊതു സമൂഹത്തിൻ്റെ പിൻതുണയുള്ള ആശാ മാരുടെ സമരത്തെ ഇനിയും ഇകഴ്ത്തുകയും അപഹസിക്കുകയും ചെയ്താൽ രണ്ടാം പിണറായി സർക്കാരിന് ഏൽക്കേണ്ടി വരിക കനത്ത തിരിച്ചടിയായിരിക്കും. തൊഴിലാളി വർഗ പാർട്ടി ഭരിക്കുന്ന കേരളത്തിൽ മാന്യമായ വേതനത്തിന് വേണ്ടി നിസ്വരായ തൊഴിലാളി സ്ത്രീകൾ തെരുവിൽ കിടക്കുന്നത് അപമാനകരമാണ്. കോവിഡ് - നിപ്പാ കാലങ്ങളിൽ ജീവൻ പോലും പണയം വെച്ചു ആരോഗ്യ പ്രവർത്തനങ്ങൾ നടത്തിയവരാണ് ആശാവർക്കാർ. ആരോഗ്യ വകുപ്പിന് കിട്ടിയ പല അംഗീകാരങ്ങളും അവർക്ക് കൂടി അവകാശപ്പെട്ടതാണ്. സർക്കാർ നിശ്ചയിച്ച മിനിമം കൂലിക്ക് വേണ്ടിയാണ് അവർ സമരം ചെയ്യുന്നത്. ഏഴായിരം രൂപ കൊണ്ടു ജീവിക്കാൻ കഴിയില്ലെന്ന് കേരളത്തിലെ എല്ലാവർക്കും അറിയാം.
കേന്ദ്ര സർക്കാരിനെ കാത്തു നിൽക്കാതെ ഇവരുടെ അവകാശവും അർഹതപ്പെട്ട ശമ്പളവും അംഗീകരിച്ചു തൊഴിലാളികളായി സംസ്ഥാന സർക്കാർ അംഗീകരിക്കണം. കേന്ദ്രം ഭരിക്കുന്നത് തങ്ങൾക്ക് ഹിതകരമല്ലാത്ത സർക്കാരായതിനാൽ തിരുത്തൽ ശക്തിയായി മാറുകയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ ചെയ്യേണ്ടത്. ഇന്ന് അനന്തപുരിയിൽ നടക്കുന്ന സമരം സൂചന മാത്രമാണ്. നാളെ കേരളം മുഴുവൻ ആശാ സമരം ആളിപ്പടരും. അതിന് ഇടയാക്കരുത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ASHA workers in Kerala are protesting in front of the Secretariat, cutting their hair to demonstrate against the government's indifference to their demands for fair wages. They accuse the government of ignoring their plight and demand immediate action.
#ASHAWorkers, #KeralaProtest, #PinarayiGovernment, #WomensRights, #LaborRights, #KeralaNews