Political | കെജ്‌രിവാളിന്റെ രാജി: നിയമസഭാ കക്ഷിയോഗത്തില്‍ പുതിയ ഡെല്‍ഹി മുഖ്യമന്ത്രിയെ തീരുമാനിക്കും; അതിഷിയ്ക്ക് കൂടുതല്‍ സാധ്യത
● സമിതി യോഗത്തിലെ തീരുമാനം എംഎല്‍എമാരെ അറിയിക്കും.
● മന്ത്രിസഭയില്‍ 2 പുതുമുഖങ്ങളെ കൂടി ഉള്‍പെടുത്താനും സാധ്യത.
● സുനിത കെജ്രിവാളിന്റെ പേര് കെജ്‌രിവാള്‍ നിരാകരിച്ചു.
ന്യൂഡെല്‍ഹി: (KVARTHA) അരവിന്ദ് കെജ്‌രിവാള്‍ (Arvind Kejriwal) ഡെല്‍ഹി മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവെക്കും. വൈകിട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേനക്ക് (Lieutenant Governor Vinai Kumar Saxena) രാജിക്കത്ത് കൈമാറും. പുതിയ മുഖ്യമന്ത്രി ആരെന്ന് ആം ആദ്മി പാര്‍ട്ടി, ഇന്ന് ചേരുന്ന എംഎല്‍എമാരുടെ നിയമസഭാ കക്ഷിയോഗത്തില്‍ തീരുമാനിക്കും. അന്തിമഘട്ട പരിഗണനയില്‍ ആറുപേരാണുള്ളത്.
ഇന്നലെ കൂടിയ പതിനൊന്ന് അംഗ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ഒരോ അംഗങ്ങളുടെയും നിലവിലെ മന്ത്രിമാരുടെയും അഭിപ്രായം കെജരിവാള്‍ നേരിട്ട് തേടിയിരുന്നു. സമിതി യോഗത്തിലെ തീരുമാനം ഇന്ന് എംഎല്‍എമാരെ കെജിവാള്‍ അറിയിക്കും. തുടര്‍ന്ന് ഓരോ എംഎല്‍എമാരുടെയും അഭിപ്രായം തേടി പുതിയ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കും.
എഎപിക്ക് ഇന്ന് നിര്‍ണായക ദിനമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നുവെന്ന അരവിന്ദ് കെജ്രിവാളിന്റെ അപ്രതീക്ഷിത പ്രഖ്യാപനം ഡല്‍ഹി മുഖ്യമന്ത്രിപദവിയില്‍ പിന്‍ഗാമി ആരാവും എന്ന ചര്‍ച്ച സജീവമാക്കിയിരുന്നു. രാജ്യ തലസ്ഥാനത്ത് വീണ്ടും വനിതാ മുഖ്യമന്ത്രി വരുമോ എന്ന നിഗമനങ്ങളും പങ്കുവെയ്ക്കപ്പെടുന്നുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷി എത്താനാണ് സാധ്യത. അരവിന്ദ് കെജ്രിവാള്‍ ഇന്നലെ കണ്ട നേതാക്കളില്‍ കൂടുതല്‍ പേര്‍ക്കും അതിഷി മുഖ്യമന്ത്രിയാകുന്നതിനോട് യോജിപ്പുണ്ട്. കൂടുതല്‍ നേതാക്കള്‍ നിര്‍ദ്ദേശിച്ചത് അതിഷിയുടെ പേരാണെന്നാണ് വിവരം. മാത്രമല്ല സുനിത കെജ്രിവാളിന്റെ പേര് കെജ്രിവാള്‍ നിരാകരിച്ചുവെന്നാണ് നേതാക്കള്‍ പറയുന്നത്. എംഎല്‍എമാരില്‍ നിന്ന് പേര് നിര്‍ദ്ദേശിക്കാനാണ് കെജ്രിവാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മന്ത്രിസഭയില്‍ രണ്ട് പുതുമുഖങ്ങളെ കൂടി ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.
അതിഷി, കൈലാഷ് ഗലോട്ട്, ഗോപാല്‍ റായി എന്നീ നേതാക്കളുടെ പേരുകളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നത്. വനിത എന്നതും ഭരണരംഗത്ത് തിളങ്ങിയതും അതിഷിയെ സഹായിക്കുന്ന ഘടകങ്ങളാണ്. ഗോപാല്‍ റായി പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാളാണ്. കൂടാതെ ഡപ്യൂട്ടി സ്പീക്കറും പട്ടിക വിഭാഗ നേതാവുമായ രാഖി ബിര്‍ലയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് അരവിന്ദ് കെജ്രിവാള്‍ രാജി പ്രഖ്യാപിച്ചത്. തനിക്കെതിരായ അഴിമതിയാരോപണങ്ങളില്‍ ജനവിധി വന്നതിന് ശേഷം മാത്രമേ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കയുള്ളൂ. എന്നാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പാര്‍ടിപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യ്ത് കെജ്രിവാള്‍ പറഞ്ഞത്.
#KejriwalResigns #DelhiPolitics #AAP #Atishi #KailashGahlot #IndiaPolitics