ജമ്മു കശ്മീരിൽ അരുന്ധതി റോയിയുടെ പുസ്തകങ്ങൾ ഉൾപ്പെടെ 25 എണ്ണത്തിന് നിരോധനം


● വിഘടനവാദം പ്രചരിപ്പിക്കുന്നുവെന്നാണ് സർക്കാരിൻ്റെ ആരോപണം.
● 25 പുസ്തകങ്ങൾ കണ്ടുകെട്ടാനും ഉത്തരവിറക്കിയിട്ടുണ്ട്.
● വിക്ടോറിയ ഷോഫീൽഡ്, സുമന്ത്ര ബോസ് എന്നിവരുടെ പുസ്തകങ്ങളും നിരോധിച്ചു.
ശ്രീനഗർ: (KVARTHA) 'തെറ്റായ വിവരങ്ങളും വിഘടനവാദവും പ്രചരിപ്പിക്കുന്നു' എന്ന് ആരോപിച്ച് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്, ഭരണഘടനാ വിദഗ്ധൻ എ.ജി.നൂറാനി എന്നിവരുടേത് ഉൾപ്പെടെ 25 പുസ്തകങ്ങൾക്ക് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ നിരോധനമേർപ്പെടുത്തി. ഈ പുസ്തകങ്ങൾ കണ്ടുകെട്ടാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് പുസ്തകങ്ങൾ നിരോധിച്ചതെന്ന് ജമ്മു കശ്മീർ ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അരുന്ധതി റോയ്, എ.ജി.നൂറാനി എന്നിവരെ കൂടാതെ വിക്ടോറിയ ഷോഫീൽഡ്, സുമന്ത്ര ബോസ്, ക്രിസ്റ്റഫർ സ്നെഡൻ എന്നിവരാണ് നിരോധിക്കപ്പെട്ട മറ്റ് എഴുത്തുകാർ.
അരുന്ധതി റോയിയുടെ 'ആസാദി' എന്ന പുസ്തകത്തിനാണ് നിരോധനം. എ.ജി.നൂറാനി കശ്മീരിനെക്കുറിച്ചും ഇന്ത്യൻ യൂണിയനുമായുള്ള ബന്ധത്തെക്കുറിച്ചും എഴുതിയ 'ദ് കശ്മീർ ഡിസ്പ്യൂട്ട് 1947-2012' എന്ന പുസ്തകവും നിരോധിക്കുകയും കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് എഴുത്തുകാരിയും ചരിത്രകാരിയുമായ വിക്ടോറിയ ഷോഫീൽഡിന്റെ 'കശ്മീർ ഇൻ കോൺഫ്ലിക്റ്റ് - ഇന്ത്യ, പാക്കിസ്ഥാൻ ആൻഡ് ദി അൺഎൻഡിങ് വാർ', സുമന്ത്ര ബോസ് എഴുതിയ 'കോൺടസ്റ്റഡ് ലാൻഡ്സ്', 'കശ്മീർ അറ്റ് ദി ക്രോസ്റോഡ്സ്' എന്നീ പുസ്തകങ്ങളും നിരോധിക്കപ്പെട്ടവയുടെ കൂട്ടത്തിലുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 98-ാം വകുപ്പ് പ്രകാരമാണ് പുസ്തകങ്ങൾ നിരോധിച്ചത്.
ജമ്മു കശ്മീരിൽ പുസ്തകങ്ങൾ നിരോധിച്ചതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? വാർത്ത ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കൂ.
Article Summary: 25 books including those by Arundhati Roy banned in Jammu and Kashmir.
#JammuAndKashmir #BookBan #ArundhatiRoy #AGNoorani #FreeSpeech #India