Controversy | അംബേദ്കര്‍ പരാമര്‍ശം: അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി ഇന്‍ഡ്യ മുന്നണി; പാര്‍ലമെന്റ് വളപ്പില്‍ നാടകീയ സംഭവങ്ങള്‍; എംപിമാര്‍ തമ്മില്‍ ഉന്തും തള്ളും 

 
Amit Shah Faces Backlash Over Ambedkar Remarks
Amit Shah Faces Backlash Over Ambedkar Remarks

Photo Credit: X/Congress

● പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്നും രാജിവെക്കണമെന്നും ആവശ്യം.
● എംപിമാര്‍ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.
● ഭരണ-പ്രതിപക്ഷ എംപിമാര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. 
● പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി എംപിമാരും.

ന്യൂഡല്‍ഹി: (KVARTHA) ബി ആര്‍ അംബേദ്കറെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യ മുന്നണി എംപിമാര്‍ വ്യാഴാഴ്ച പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സഞ്ജയ് റൗത്ത്, മഹുവ മാജ്ഹി, രാം ഗോപാല്‍ യാദവ് എന്നിവരുള്‍പ്പെടെ നിരവധി എംപിമാര്‍ ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശത്തിനെതിരായ പ്രതിഷേധ സൂചകമായി നീല വസ്ത്രം ധരിച്ചാണ് എത്തിയത്. 

പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് എംപിമാര്‍ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ഭരണ-പ്രതിപക്ഷ എംപിമാര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. എന്‍ഡിഎ - കോണ്‍ഗ്രസ് എംപിമാര്‍ മുഖാമുഖം എത്തിയതോടെ നാടകീയ സംഭവങ്ങള്‍ക്കാണ് വ്യാഴാഴ്ച പാര്‍ലമെന്റ് പരിസരം സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി എംപിമാരും പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധ പ്രകടനം നടത്തി.

നാക്ക് പിഴച്ചിട്ടുണ്ടെങ്കില്‍ അമിത് ഷാ മാപ്പ് പറയണമെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ദൈവതുല്യമായ പദവിയുള്ള വ്യക്തിത്വമാണ് അംബേദ്കറെന്നും രാജ്യത്തെ പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക് മാനം നല്‍കിയ മനുഷ്യന്‍ ദൈവത്തെപ്പോലെയാണെന്നും അതിനാല്‍, മാപ്പ് പറയണമെന്നും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച രാജ്യസഭയില്‍ ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ അമിത് ഷാ ഡോ. ബി ആര്‍ അംബേദ്കറിനെക്കുറിച്ച് നടത്തിയ പ്രസ്താവനയാണ് വിവാദമായത്. അംബേദ്ക്കര്‍ അംബേകദ്ക്കര്‍ എന്ന് പലവട്ടം പറയുന്നത് കോണ്‍ഗ്രസിന് ഫാഷനായിരിക്കുകയാണെന്നും ഇത്രയും തവണ ദൈവം എന്നു പറഞ്ഞാല്‍ മോക്ഷം കിട്ടുമായിരുന്നെന്നുമാണ് അമിത് ഷാ പറഞ്ഞിരുന്നത്.
പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി രംഗത്തുണ്ട്. 

ബിജെപിക്കെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി വധേര, ഭരണഘടനാ നിര്‍മ്മാതാവായി കണക്കാക്കപ്പെടുന്ന വ്യക്തിയോട് അവര്‍ക്ക് അടിസ്ഥാനപരമായ ബഹുമാനമില്ലെന്ന് പറഞ്ഞു. അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ അംഗങ്ങളും പ്രതിഷേധിച്ചതോടെ ലോക്സഭയും രാജ്യസഭയും ബുധനാഴ്ച നിര്‍ത്തിവച്ചു.

രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷ എംപിമാര്‍ 'ജയ് ഭീം' മുദ്രാവാക്യം മുഴക്കിയും, അംബേദ്കര്‍ പോസ്റ്ററുകള്‍ കൈയില്‍ പിടിച്ചും പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. മനുസ്മൃതിയില്‍ വിശ്വസിക്കുന്നവര്‍ അംബേദ്ക്കറെ അപമാനിക്കുന്നതില്‍ അത്ഭുതമില്ല എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കോണ്‍ഗ്രസ് എംപിമാര്‍ അംബേദ്ക്കറിന്റെ ചിത്രങ്ങളുമായി പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിച്ച ശേഷമാണ് ഇരുസഭകളിലും വിഷയം ഉന്നയിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ രാജി ആഹ്വാനത്തോട് പ്രതികരിച്ച അമിത് ഷാ, താന്‍ രാജിവെച്ചാലും അടുത്ത 15 വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പ്രതിപക്ഷത്ത് തുടരുമെന്ന് പറഞ്ഞു. തന്റെ പ്രസ്താവന കോണ്‍ഗ്രസ് വളച്ചൊടിച്ചുവെന്നും താന്‍ ഒരിക്കലും അംബേദ്കറിനെ അപമാനിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അംബേദ്കറുടെ പാതയെ പിന്തുടരുന്ന പാര്‍ട്ടിയിലാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

#AmitShah, #Ambedkar, #ParliamentProtest, #Congress, #RahulGandhi, #IndianPolitics


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia